ഗൾഫിൽ വെച്ച് വാങ്ങിയ കാറിന്‍റെ പണം നൽകിയില്ലെന്ന്; വീടിനും കാറിനും തീയിട്ടു, പിന്നാലെ കഴുത്തറുത്ത് ആത്മഹത്യാശ്രമം
text_fieldsപട്ടാമ്പി (പാലക്കാട്): മുതുതല പഞ്ചായത്തിനടുത്ത് വീടും കാറും കത്തിച്ച ശേഷം ആത്മഹത്യാശ്രമം. എറണാകുളം പറവൂർ സ്വദേശി പ്രേംദാസാണ് (63) പട്ടാമ്പിയിലെ മുതുതല മച്ചിങ്ങൽ കിഴക്കേതിൽ ഇബ്രാഹിമിന്റെ വീട്ടിലെത്തി അതിക്രമം കാണിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇബ്രാഹിമിന്റെ വീട്ടിൽ പ്രേംദാസ് എത്തിയത്. പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിനും സ്‌കൂട്ടറിനുമാണ് ആദ്യം തീകൊളുത്തിയത്. തുടർന്ന് വീട്ടിനുള്ളിൽ കയറി ഗ്യാസ് തുറന്നിട്ട് വീട്ടുകാരെ ഭീഷണിപ്പെടുത്തി പുറത്താക്കി വീടിനുള്ളിലും തീയിട്ടു. വീട്ടുപകരണങ്ങളടക്കം വീട് ഭാഗികമായി കത്തിനശിച്ചു.
അതിക്രമത്തിനുശേഷം കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സ്വയം കുത്തി മുറിവേൽപിക്കുകയും കഴുത്തറുക്കുകയും ചെയ്തു. ദേഹമാസകലം മുറിവേറ്റ പ്രേംദാസിനെ പൊലീസ് ആശുപത്രിയിലെത്തിച്ചു. നാട്ടുകാർ ഓടിക്കൂടിയെങ്കിലും അടുക്കാൻ കഴിഞ്ഞില്ല. അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.
താനെന്തുകൊണ്ട് ഇത് ചെയ്തുവെന്ന് വിശദീകരിക്കുന്ന നോട്ടീസ് പ്രേംദാസ് നാട്ടുകാർക്ക് വിതരണംചെയ്തു. പ്രേംദാസും ഇബ്രാഹീമും ഗൾഫിൽ ജോലി ചെയ്തിരുന്നത്രെ. അവിടെ വെച്ച് പ്രേംദാസിന്റെ ടൊയോട്ട കാർ രണ്ടു ലക്ഷം രൂപക്ക് വാങ്ങിയ ഇബ്രാഹിം ഒരു ലക്ഷം മാത്രം നൽകുകയും പിന്നീട് പലതവണ ഫോണിലും പട്ടാമ്പിയിൽ നേരിട്ടെത്തിയും ബാക്കി പണം ആവശ്യപ്പെട്ടെങ്കിലും രണ്ടര വർഷമായി പിടികൊടുക്കാതെ നടക്കുകയാണെന്നും പ്രേംദാസ് നോട്ടീസിൽ പറയുന്നു. സംഭവത്തിൽ പട്ടാമ്പി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.


