യു.ഡി.എഫ് തീരുമാനം തള്ളി വികസനസദസ്സ് സംഘടിപ്പിച്ച് മംഗലം പഞ്ചായത്ത് ഭരണസമിതി; പ്രചാരണം വാസ്തവ വിരുദ്ധമെന്ന് മുസ്‍ലിം ലീഗ്
text_fieldsതിരൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസനസദസ്സിൽ യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന്റെ ബഹിഷ്കരണ ആഹ്വാനം തള്ളി വികസനസദസ്സ് സംഘടിപ്പിച്ച് യു.ഡി.എഫ് ഭരിക്കുന്ന മംഗലം പഞ്ചായത്ത് ഭരണസമിതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ടുകളിൽ പലതും തടഞ്ഞുവെക്കുന്ന സാഹചര്യത്തിൽ യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ വികസന സദസ്സ് നടത്തേണ്ടതില്ലെന്നും പഞ്ചായത്തിന്റെ ചെലവിൽ സർക്കാറിന് പ്രമോഷൻ നൽകേണ്ടതില്ലെന്നും യു.ഡി.എഫ് തീരുമാനിച്ചിരുന്നു.
എന്നാൽ, യു.ഡി.എഫിന്റെ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അവഗണിച്ചാണ് മുസ്‍ലിം ലീഗ് അംഗം പ്രസിഡന്റും കോൺഗ്രസ് വനിത അംഗം വൈസ് പ്രസിഡന്റുമായ പഞ്ചായത്ത് ഭരണസമിതി ശനിയാഴ്ച ചേന്നര വി.വി.യു.പി സ്കൂളിൽ വികസനസദസ്സ് സംഘടിപ്പിച്ചത്. ജില്ലയിലെ ആദ്യത്തെ വികസനസദസ്സാണ് ഇത്. മുസ്‍ലിം ലീഗിന് പഞ്ചായത്ത്തല വികസന സദസ്സിൽ പങ്കെടുക്കാമെന്ന തീരുമാനം അറിയിച്ച് ജില്ല മുസ്‍ലിം ലീഗ് നേതൃത്വം കത്ത് ഇറക്കിയിരുന്നെങ്കിലും വിവാദമായതോടെ ക്ലറിക്കൽ തകരാറാണെന്ന് അറിയിച്ച് തിരുത്തുകയാണുണ്ടായത്.
പരിപാടിയുടെ ബാനറിൽ വികസനസദസ്സ് എന്ന് എഴുതി മുഖ്യമന്ത്രി പിണറായി വിജയൻ, തദ്ദേശ മന്ത്രി എം.ബി. രാജേഷ് എന്നിവരുടെ ഫോട്ടോയും ഉൾപ്പെടുത്തിയിട്ടുമുണ്ടായിരുന്നു. പഞ്ചായത്ത് ഭരണസമിതിയിൽ ലീഗിന് ഒമ്പത്, കോൺഗ്രസിന് മൂന്ന്, സി.പി.എമ്മിന് ആറ്, രണ്ട് സ്വതന്ത്രർ ഉൾപ്പെടെ 20 പേരാണ്. ഇതിൽ യു.ഡി.എഫിലെ മുസ്‍ലിം ലീഗിന്റെ എല്ലാ അംഗങ്ങളും കോൺഗ്രസിന്റെ രണ്ട് അംഗങ്ങളുമാണ് വികസനസദസ്സിൽ പങ്കെടുത്തത്. പത്താം വാർഡ് അംഗം ആരിഫ നേതൃത്വത്തിന്റെ തീരുമാനം മാനിച്ച് പരിപാടിയിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു.
വികസനസദസ്സിൽ പങ്കെടുത്ത കോൺഗ്രസിന്റെ മെംബർമാരായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പാത്തുമ്മക്കുട്ടി, സ്ഥിരംസമിതി ചെയർമാൻ ടി.പി. ഇബ്രാഹീം ചേന്നര എന്നിവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മംഗലം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എ.കെ. സലീം ഡി.സി.സി പ്രസിഡൻറിന് കത്ത് നൽകിയിട്ടുണ്ട്. കോൺഗ്രസ് അംഗങ്ങൾ വികസനസദസ്സിൽ പങ്കെടുത്ത കാര്യം അന്വേഷിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ് പറഞ്ഞു.
അതേസമയം, പഞ്ചായത്തിന്റെ സിൽവർ ജൂബിലി ആഘോഷം മുമ്പേ തീരുമാനിച്ച പ്രകാരം നടത്തിയതാണെന്നും അതിന്റെ ഭാഗമായി ഗ്രാമസ്വരാജ് എന്ന പഞ്ചായത്ത് വികസനപത്രികയും പുറത്തിറക്കിയിട്ടുണ്ടെന്നും യു.ഡി.എഫ് തീരുമാനത്തിന് വിരുദ്ധമാണ് പരിപാടി നടത്തിയതെന്ന പ്രചാരണം വാസ്തവവിരുദ്ധവുമാണെന്ന് മുസ്‍ലിം ലീഗ് മംഗലം പഞ്ചായത്ത് ജനറൽ സെക്രട്ടറി സി.എം.ടി. സീതി പറഞ്ഞു.