'കെ. സുരേന്ദ്രൻ പറഞ്ഞു; കെ. സുന്ദര പത്രിക പിൻവലിച്ചു'
text_fieldsകാസർകോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷനും മഞ്ചേശ്വരത്തെ ബി.ജെ.പി സ്ഥാനാർഥിയുമായ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടതിനാൽ നാമനിർദേശ പത്രിക പിൻവലിക്കുകയാണെന്ന് മഞ്ചേശ്വരം ബി.എസ്.പി സ്ഥാനാർഥി കെ. സുന്ദര. ഒരു കൂട്ടം ബി.ജെ.പി പ്രവർത്തകർ തന്നെ വന്നുകണ്ട് പത്രിക പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. കെ. സുരേന്ദ്രൻ നേരിട്ടും വിളിച്ചു. തനിക്ക് ഭീഷണിയോ പ്രലോഭനങ്ങളോ ഉണ്ടായിട്ടില്ല. ബി.ജെ.പിയിൽ ചേർന്ന താൻ ഇനി സുരേന്ദ്രെൻറ വിജയത്തിനായി പ്രവർത്തിക്കും -സുന്ദര മാധ്യമങ്ങളോടു പറഞ്ഞു.
കെ. സുന്ദരയെ ഫോണിൽ പോലും ലഭിക്കുന്നില്ലെന്നു ബി.എസ്.പി ജില്ല പ്രസിഡൻറ് വിജയകുമാർ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച വൈകീട്ട് മുതൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് പറഞ്ഞത്. 2016ൽ ബാലറ്റ് പേപ്പറില്‍ കെ. സുന്ദര എന്ന പേര് നല്‍കിയിരുന്ന അദ്ദേഹത്തിന് 467 വോട്ടുകള്‍ ലഭിച്ചിരുന്നു. അന്നും ഇന്നും സ്ഥാനാർഥിയുമായ കെ. സുരേന്ദ്രന് 89 വോട്ടിനാണ് കഴിഞ്ഞ തവണ പരാജയപ്പെട്ടത്. ഇതോടെ ഇത്തവണ പത്രിക പിൻവലിപ്പിക്കാനുള്ള ശ്രമങ്ങൾ ബി.ജെ.പി പ്രാദേശിക നേതൃത്വം നേരത്തെ തുടങ്ങിയിരുന്നു.
2016ലെ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സുന്ദര ഇത്തവണ ബി.എസ്.പി സ്ഥാനാര്‍ഥിയായാണ് പത്രിക നല്‍കിയത്. ജില്ലയിൽ മറ്റു മണ്ഡലങ്ങളിൽ മത്സരിക്കുന്ന ബി.എസ്.പി സ്ഥാനാർഥികൾക്കൊപ്പം കാസർകോട് പ്രസ് ക്ലബിലെത്തിയാണ് കഴിഞ്ഞ ആഴ്ച സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. എന്നാൽ, വോട്ടുറപ്പിക്കുന്നതിെൻറ ഭാഗമായി ബി.ജെ.പി നേതൃത്വം പത്രിക പിൻവലിക്കാൻ സമ്മർദം ചെലുത്തിയതോടെ സുന്ദര തിങ്കളാഴ്ച പത്രിക പിൻവലിക്കുകയായിരുന്നു.
ദേവികുളത്ത് സ്വതന്ത്രനെ സ്വന്തമാക്കി എൻ.ഡി.എ മുഖംരക്ഷിച്ചു
അടിമാലി: സ്വതന്ത്രനെ സ്വന്തമാക്കി ദേവികുളത്ത് എന്‍.ഡി.എ മുഖംരക്ഷിച്ചു. സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ച എസ്. ഗണേശനാണ് ദേവികുളത്ത് എന്‍.ഡി.എ സ്ഥാനാർഥിയായി മാറിയത്. ദേവികുളം എ.ഐ.എ.ഡി.എം.കെക്കാണ് എന്‍.ഡി.എ നല്‍കിയിരുന്നത്. എ.ഐ.എ.ഡി.എം.കെക്കായി എം. ധനലക്ഷ്മിയും ഡമ്മിയായി പൊന്പാണ്ടിയുമാണ് പത്രിക നല്‍കിയത്.
ഫോം 26ലെ പിശകുമൂലം വരണാധികാരിയായ ദേവികുളം സബ്കലക്ടർ ഇരുവരുടെയും പത്രിക തള്ളുകയായിരുന്നു. ഇതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും വരണാധികാരിയുടെ തീരുമാനം കോടതിയും ശരിവെച്ചു. ഇതോടെയാണ് സ്വതന്ത്രനായി പത്രിക നല്കിയ എസ്. ഗണേശന് എ.ഐ.എ.ഡി.എം.കെയില്‍ ചേര്‍ന്നത്. പത്രിക തള്ളിയത് എല്‍.ഡി.എഫും യു.ഡി.എഫും വിവാദമാക്കിയ സാഹചര്യത്തിൽ സ്വതന്ത്രനെ ഒപ്പംകൂട്ടാന്‍ കഴിഞ്ഞത് എന്‍.ഡി.എ ക്യാമ്പിന് ആശ്വാസമായി. ദേവികുളത്ത് ഇടത്-വലത് മുന്നണികൾക്കൊപ്പം എന്‍.ഡി.എയും പ്രചാരണത്തില്‍ സജീവമാണ്.