മഞ്ചേശ്വരം: എസ്.ഐ.ആർ ‘പണി’ കൊടുത്തത് ബി.ജെ.പിക്ക്
text_fieldsമഞ്ചേശ്വരം: വോട്ടർപട്ടിക പ്രത്യേക തീവ്രപരിശോധനയിൽ (എസ്.ഐ.ആർ) നീക്കം ചെയ്യപ്പെട്ട വോട്ടുകളും പുതുതായി ചേർക്കപ്പെട്ട വോട്ടുകളും പരിശോധിച്ചാൽ മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിൽ ‘പണി’കിട്ടിയത് ബി.ജെ.പിക്ക്. എസ്.ഡി.പി.ഐ സ്വതന്ത്ര നിലപാടിൽ തുടരുന്നതിനാൽ യു.ഡി.എഫിലും ആശങ്ക നിലനിൽക്കുന്നു.
മണ്ഡലത്തിൽ എസ്.ഡി.പി.ഐ വോട്ടുകൾ നിർണായകമായതിനാൽ അവരുടെ നിലപാട് കാത്തിരിക്കുകയാണ് മുന്നണികൾ. 2,30,113 വോട്ടർമാരാണ് മഞ്ചേശ്വരത്തുള്ളത്. 2,21,711 വോട്ടർമാരായിരുന്നു 2021ൽ. 8402 വോട്ടിന്റെ വർധനയാണുണ്ടായത്. ഏറ്റവും പുതിയ കണക്കിൽ 15,748 വോട്ടുകളാണ് തള്ളിയത്. വിവാഹം ഉൾപ്പെടെയുള്ള കാരണങ്ങളാൽ മണ്ഡലം മാറിയവരുടെ വോട്ടുകളാണിവ. ഇതിൽ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട 8630 വോട്ടർമാരുണ്ട്. സ്ഥലംമാറി വന്ന വോട്ടുകൾ, പ്രവാസി േവാട്ടുകൾ ഉൾപ്പെടെ 23,000ൽപരം പുതിയവോട്ടുകളാണ് ചേർന്നത്. ഇതിൽ 16,000 വോട്ട് ന്യൂനപക്ഷ വിഭാഗത്തിലുള്ളതാണ്.
തള്ളിയതിന്റെയും ചേർത്തതിന്റെയും വലിയ ഗുണഭോക്താവ് ആരാണെന്നതാണ് മഞ്ചേശ്വരത്തിന്റെ വിധി നിർണയിക്കുക. തള്ളിയവയിൽ പകുതിയിലേറെയും വോട്ട് ഭൂരിപക്ഷ സമുദായത്തിന്റെതാണ് എന്നത് ബി.ജെ.പിക്ക് അറിയാത്തതല്ല. ചേർത്തതിലും യു.ഡി.എഫ് തന്നെയാണ് മുന്നിൽ. യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി കേന്ദ്രങ്ങൾ വോട്ട് ചേർത്തതു സംബന്ധിച്ച് നൽകുന്ന സൂചനയും അതാണ്. വർധിച്ച 8400 വോട്ടിൽ 50ശതമാനം യു.ഡി.എഫിനും 30ശതമാനം ബി.ജെ.പിക്കും അവകാശപ്പെട്ടാൽ 5000 വോട്ടിന്റെയെങ്കിലും മുൻതൂക്കം യു.ഡി.എഫിനുണ്ട്. 754 വോട്ടിന്റെ ഭൂരിപക്ഷത്തിന് കഴിഞ്ഞ തവണയുണ്ടായ വിജയത്തിന്റെ അടിസ്ഥാനത്തിൽ പ്രകടമായ മുൻതൂക്കം യു.ഡി.എഫിന് മഞ്ചേശ്വരത്തുണ്ട്. ഇവിടെയാണ് എസ്.ഡി.പി.ഐക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ലഭിച്ച 7600 വോട്ടിന്റെ പ്രസക്തി. അതിൽ 5000ൽ താഴെ മാത്രമേ രാഷ്ട്രീയ വോട്ടുകളുണ്ടാകുകയുള്ളൂ. തള്ളിയ വോട്ടുകളിൽ പതിനായിരത്തോളം ബി.ജെ.പിയുടേതാകുകയും എസ്.ഡി.പി.ഐയുടെ 5000വോട്ട് എൽ.ഡി.എഫിന് മറിയുകയും ചെയ്താൽ മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്തെത്താമല്ലോ എന്നാണ് ഇടത് പ്രതീക്ഷ.


