‘ഷര്‍ട്ടിന്‍റെ മുകള്‍ ഭാഗത്തെ ബട്ടണ്‍സ് ഇട്ടില്ല’; കോളജ് വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ മർദനം, മൂന്നു പേരെ സസ്പെൻഡ് ചെയ്തു
text_fieldsമണ്ണാര്‍ക്കാട്: പാലക്കാട് നെല്ലിപ്പുഴ നജാത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ മർദനമേറ്റു. ബി.ബി.എ വിദ്യാര്‍ഥി മിന്‍ഹാജിനാണ് (19) മര്‍ദനമേറ്റത്. മിൻഹാജ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവത്തില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ആദിക് സമാന്‍, മുഹമ്മദ് സല്‍മാന്‍, മുഹമ്മദ് ഇജ്‍ലാല്‍ എന്നിവരെ കോളജ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. മണ്ണാര്‍ക്കാട് പൊലീസിലും മിന്‍ഹാജ് പരാതി നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം കേസെടുത്തതായി സി.ഐ എം.ബി. രാജേഷ് അറിയിച്ചു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. ഷര്‍ട്ടിന്റെ മുകള്‍ഭാഗത്തെ ബട്ടണ്‍സ് ഇട്ടില്ലെന്ന് പറഞ്ഞ് വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും മർദിക്കുകയുമായിരുന്നു എന്നാണ് മിന്‍ഹാജിന്റെ പരാതി. ‘അറാത്തന്‍സ്’ എന്ന പേരില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ ഒരു ഗ്യാങ് കോളജിലുണ്ടെന്നും ഈ ഗ്രൂപ്പിലുള്ളവരാണ് മർദിച്ചതെന്നുമാണ് മിന്‍ഹാജ് പറയുന്നത്.