വിജിലൻസ് അന്വേഷണം നേരിട്ട ഉന്നത ഉദ്യോഗസ്ഥർ പലരും സുപ്രധാന തസ്തികകളിൽ തുടരുന്നു
text_fieldsതിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്‍റെ കാലത്ത് വിജിലൻസ് അന്വേഷണം നേരിട്ട ഉന്നത ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടെങ്കിലും പലരും സുപ്രധാന തസ്തികകളിൽ തുടരുന്നുവെന്ന് വിവരാവകാശ രേഖ. 2016 മുതൽ 2021 വരെയുള്ള ഒന്നാം പിണറായി സർക്കാറിന്‍റെ കാലയളവിൽ 18 ഐ.എ.എസ്, 12 ഐ.പി.എസ്, ഒരു ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 31 പേർക്കെതിരെ വിജിലൻസ് അന്വേഷണം നടന്നു. രണ്ടാം പിണറായി സർക്കാറിന്‍റെ കാലത്ത് 2024 നവംബർ 30 വരെ കാലയളവിൽ 11 ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം നടന്നത്. ഇതിൽ രണ്ട് ഐ.എ.എസ്, മൂന്ന് ഐ.പി.എസ്, ആറ് ഐ.എഫ്.എസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. കാക്കനാട് സ്വദേശി രാജു വാഴക്കാലയാണ് വിവരാവകാശ നിയമപ്രകാരം ഈ വിവരങ്ങൾ നേടിയത്.
തിരുവനന്തപുരം മേഖലയിൽ 2016-21 കാലയളവിൽ അന്വേഷണം നേരിട്ട ഐ.എ.എസ് ഉദ്യോഗസ്ഥരിൽ വിരമിച്ച ശേഷവും സുപ്രധാന തസ്തികയിൽ തുടരുന്ന കെ.എം. എബ്രഹാമാണ് പ്രധാനി. അഞ്ചോളം കേസുകളിൽ അന്വേഷണം നേരിട്ട ടി.ഒ. സൂരജ്, മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കർ എന്നിവരാണ് മറ്റു പ്രധാനികൾ. രാജമാണിക്യം, ബി. ശ്രീനിവാസ്, അശോക്കുമാർ, ജിജി തോംസൺ, ടോം ജോസ്, എൻ. പത്മകുമാർ എന്നിവരാണ് മറ്റ് ഐ.എ.എസുകാർ. ഐ.പി.എസ് ഉദ്യോഗസ്ഥരായ പി. വിജയൻ, ശങ്കർ റെഡ്ഡി, ഐ.എഫ്.എസ് ഉദ്യോഗസ്ഥ ഉമ എന്നിവരാണ് മറ്റുള്ളവർ.
2021-24 കാലത്ത് ടി.ഒ. സൂരജ്, ഡോ. വാസുകി എന്നീ ഐ.എ.എസ് ഉദ്യോഗസ്ഥർ അന്വേഷണം നേരിട്ടു. രണ്ടാം പിണറായി സർക്കാറിന് വലിയ തലവേദന സൃഷ്ടിച്ച ജേക്കബ് തോമസ്, എം.ആർ. അജിത്കുമാർ, സുജിത്ദാസ് എന്നീ മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരും ഈ പട്ടികയിലുണ്ട്.
2021-24 കാലത്ത് കൊല്ലം മേഖലയിൽ എ.പി. അനിൽബാബു, എസ്. സൺ, അനിൽ ആന്‍റണി എന്നീ മൂന്ന് ഐ.എഫ്.എസ് ഉദ്യോഗസ്ഥർ അന്വേഷണം നേരിട്ടു.
എറണാകുളം മേഖലയിൽ 2016-21 കാലത്ത് അന്വേഷണം നേരിട്ട പത്ത് ഐ.എ.എസ് ഉദ്യോഗസ്ഥരിൽ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉൾപ്പെടെയുണ്ട്. ടോം ജോസ്, രാജമാണിക്യം, അജിത്കുമാർ, വി.ജെ. കുര്യൻ, ടി.ഒ. സൂരജ്, മുഹമ്മദ് ഹനീഫ്, കെ.എൻ. സതീഷ്, മൈക്കിൾ വേദശിരോമണി, ടി.കെ. ജോസ് എന്നിവരാണ് മറ്റു പ്രമുഖർ. ഐ.പി.എസ് ഉദ്യോഗസ്ഥരായ രാഹുൽ ആർ. നായർ, ദിനേശ്, യതീഷ്ചന്ദ്ര, ജേക്കബ് തോമസ്, ടോമിൻ തച്ചങ്കരി എന്നിങ്ങനെ അഞ്ചുപേരും ഈ കാലയളവിൽ അന്വേഷണം നേരിട്ടു. 2021-24 കാലത്ത് ടി.ഒ. സൂരജ്, ജേക്കബ് തോമസ് എന്നീ ഐ.എ.എസുകാരും നൗഷാദ്, മുഹമ്മദ് നൗഷാദ് എന്നീ ഐ.എഫ്.എസ് ഉദ്യോഗസ്ഥരും അന്വേഷണം നേരിട്ടു.
2016-21 കാലത്ത് തൃശൂരിൽ എം.എസ്. ജയ, സുബ്രത ബിശ്വാസ്, എ. കൗശികൻ എന്നീ മൂന്ന് ഐ.എ.എസുകാരും ശ്രീലേഖ, ബൽറാംകുമാർ ഉപാധ്യായ എന്നീ ഐ.പി.എസുകാരും അന്വേഷണം നേരിട്ടു. ഇതേ കാലയളവിൽ കോഴിക്കോട് ടി.ഒ. സൂരജ് ഐ.എ.എസ്, കെ.ബി. വേണുഗോപാൽ ഐ.പി.എസ് എന്നിവർ അന്വേഷണം നേരിട്ടു. 2021-24 കാലത്ത് ഇ. പ്രദീപ് കുമാർ ഐ.എഫ്.എസും അന്വേഷണം നേരിട്ടു.