സിനിമ നയരൂപവത്കരണ കരടിൽ നിർദേശങ്ങളേറെ
text_fieldsതിരുവനന്തപുരം: സിനിമ മേഖലയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ കുറ്റവാളികളെ കരിമ്പട്ടികയിൽ പെടുത്തണമെന്നും പരാതിയുമായി രംഗത്തെത്തുന്നവരെ പ്രതികാര നടപടിയുടെ ഭാഗമായി നോട്ടപ്പുള്ളികളാക്കരുതെന്നും സിനിമ നയരൂപവത്കരണ കരടിൽ നിർദേശം. കാസ്റ്റിങ് ചൂഷണം റിപ്പോർട്ട് ചെയ്യാൻ സ്വതന്ത്രവും രഹസ്യവുമായ സംവിധാനം ഒരുക്കണം.
സിനിമ സെറ്റുകളിൽ വിവേചനം, ലൈംഗികാതിക്രമം, അധികാര ദുർവിനിയോഗം എന്നിവ നിരോധിക്കണം. സെറ്റുകളിൽ സ്ത്രീകളും ലിംഗ ന്യൂനപക്ഷങ്ങളും നേരിടുന്ന വെല്ലുവിളി പരിഹരിക്കണം. അതിക്രമങ്ങൾ തുറന്നുപറയുന്നവർക്ക് പൊതുപിന്തുണ ഉറപ്പാക്കണം. ഷൂട്ടിങ് ലൊക്കേഷനുകളിൽ സ്ത്രീകൾക്ക് സുരക്ഷിത താമസവും വിശ്രമ മുറികളും ഒരുക്കണമെന്നും കരട് നയത്തിൽ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രധാന നിർദേശം. ‘കാസ്റ്റിങ് കൗച്ച്’ പൂർണമായി ഇല്ലാതാക്കണം. ലൈംഗികാതിക്രമം തടയുന്നതിനും മറ്റും ഏകീകൃത പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്നും കരട് നയത്തിൽ വ്യക്തമാക്കുന്നു.
മറ്റ് പ്രധാന നിർദേശങ്ങൾ
- സ്ത്രീകളുടെയും ലിംഗ ന്യൂനപക്ഷങ്ങളുടെയും പങ്കാളിത്തം വർധിപ്പിക്കണം
- ‘പോഷ്’ (POSH) നിയമം കർശനമായി നടപ്പാക്കണം
- ചലച്ചിത്ര പ്രവർത്തകരെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ ആക്രമണങ്ങൾ തടയണം
- പുതിയ ആളുകൾ സിനിമ മേഖലയിലേക്ക് കടന്നുവരാൻ മെന്റർഷിപ് പ്രോഗ്രാമുകൾ നടപ്പാക്കണം
- ദിവസ വേതനക്കാരെ ചൂഷണം ചെയ്യുന്നത് തടയാൻ ഏജന്റുമാർക്ക് നിയന്ത്രണം ഏർപ്പെടുത്തണം
- ഓൺലൈൻ കംപ്ലയിന്റ് പോർട്ടലും സ്വതന്ത്ര പരാതി പരിഹാര സമിതിയും നടപ്പാക്കുക
- സിനിമ മേഖലക്ക് ഔദ്യോഗിക വ്യവസായ പദവി നൽകുക
- സ്ത്രീകളുടെയും ലിംഗ ന്യൂനപക്ഷങ്ങളുടെയും തുല്യതക്കായി സർക്കാർ സബ്സിഡികൾ അനുവദിക്കുക
- സെൻസർ ബോർഡ് പാനലുകളിൽ ജെൻഡർ സ്റ്റഡീസ്, സൈക്കോളജി, ദലിത്, പിന്നാക്ക വിഭാഗത്തെക്കുറിച്ച പഠന ഗവേഷകർ, എൽ.ജി.ബി.ടി.ക്യു.ഐ.എ, സി.ബി.എഫ്.സി വിദഗ്ദ്ധർ എന്നിവരെ ഉൾപ്പെടുത്തുക