മാരന്റെ ദയനീയമായ കരച്ചിൽ കേട്ടു; നടുക്കം മാറാതെ സഹോദരി കുള്ളി
text_fieldsപുൽപള്ളി: ശനിയാഴ്ച സഹോദരി കുള്ളിക്കൊപ്പമാണ് മാരൻ വിറക് ശേഖരിക്കാൻ വനാതിർത്തിയിൽ പോയത്. വിറകു ശേഖരിക്കുന്നതിനിടെ മാരന്റെ ദയനീയമായ കരച്ചിൽ കേട്ടു. നോക്കിയപ്പോൾ മാരനെ കണ്ടില്ല. പരിസരത്ത് രക്തത്തുള്ളികൾ കണ്ടു. പുഴയോരത്തു നിന്ന് മാരനെ കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോവുകയായിരുന്നു.
ഉടനെ കുള്ളി ഉന്നതിയിലെത്തി മറ്റുള്ളവരോട് കാര്യം പറഞ്ഞപ്പോഴാണ് വിവരം പുറംലോകമറിയുന്നത്. വനപാലകരടക്കം തിരച്ചിൽ നടത്തിയതിന് ഒടുവിൽ മുക്കാൽ കിലോമീറ്റർ അകലെ വനത്തിനുള്ളിലാണ് മൃതദേഹം കണ്ടത്. കടുവ മാരന്റെ മുഖം കടിച്ചെടുത്തിരുന്നു.
ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സഹോദരി കുള്ളിക്കൊപ്പം വിറക് ശേഖരിക്കാൻ മാരൻ പോയത്. 2025 ജനുവരി 24ന് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ തറാട്ട് മീൻമുട്ടി അച്ചപ്പന്റെ ഭാര്യ രാധ (46) യെ കടുവ കൊന്ന് ശരീരം ഭക്ഷിച്ചിരുന്നു. ഇതിനുശേഷമുള്ള കടുവ ആക്രമണം മൂലമുള്ള മരണമാണ് ശനിയാഴ്ച പുൽപള്ളിയിലുണ്ടായത്.


