പ്രതിപക്ഷം വഴിമുടക്കികളെന്ന് മുഖ്യമന്ത്രി; തുറമുഖ ഭൂമിക്ക് ഇനി ലാൻഡ് ബാങ്ക്, അടിമുടി മാറ്റം വരുത്തി മാരിടൈം ബോർഡ് ബിൽ പാസാക്കി
text_fieldsവി.ഡി. സതീശൻ
തിരുവനന്തപുരം: തുറമുഖ വികസനത്തിന് ലാൻഡ് ബാങ്ക് ഉൾപ്പെടെ വിഭാവനം ചെയ്തുള്ള കേരള മാരിടൈം ബോർഡ് നിയമഭേദഗതി നിയമസഭ പാസാക്കി. മിഷൻ സമുദ്ര പദ്ധതി മുൻനിർത്തി നിലവിലെ നിയമം സമൂലമായി പൊളിച്ചെഴുതുന്ന നിയമ ഭേദഗതിയാണ് പ്രതിപക്ഷ വിയോജിപ്പോടെ നിയമസഭ കടന്നത്.
വാണിജ്യ താൽപര്യങ്ങൾ മാത്രം ലക്ഷ്യമിട്ടുള്ളതാണ് ബില്ലെന്നും ഭരണഘടന ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശം അട്ടിമറിക്കുന്നതാണ് ഭേദഗതികളെന്നും ആരോപിച്ച് പ്രതിപക്ഷം ചർച്ചക്കിടെ സഭ വിട്ടിറങ്ങി.
അതേസമയം, പ്രതിപക്ഷം വഴിമുടക്കികളാണെന്നും സംസ്ഥാനത്തിന്റെ ജാതകം മാറ്റിയെഴുതാൻ കഴിയുന്ന നിയമഭേദഗതി മത്സ്യത്തൊഴിലാളികളുടെ താൽപര്യം പൂർണമായി സംരക്ഷിക്കുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമഭേദഗതിയോടെ മുഖ്യമന്ത്രിക്കാണ് ബോർഡിന്റെ അധ്യക്ഷ സ്ഥാനം. തുറമുഖ വകുപ്പ് മന്ത്രി വൈസ് ചെയർപേഴ്സനും. ചീഫ് സെക്രട്ടറി, തുറമുഖ, മത്സ്യബന്ധന, വ്യവസായ, തീരദേശ കപ്പൽ ഗതാഗത, ഉൾനാടൻ ജലഗതാഗത, ധന, റവന്യൂ, നിയമ വകുപ്പ് സെക്രട്ടറിമാർ എന്നിവർ ബോർഡിലെ അംഗങ്ങളാകും.
ലാൻഡ് ബാങ്കിന് പുറമെ ദീർഘകാല കരാറുകളുടെ കാലാവധി പ്രത്യേക വ്യവസ്ഥകളോടെ നീട്ടൽ, ഉൾനാടൻ ജലഗതാഗതത്തിന് പ്രത്യേക ഫണ്ട് രൂപവത്കരിക്കൽ, എൻഫോഴ്സ്മെന്റ് വിഭാഗം സജ്ജമാക്കൽ തുടങ്ങിയ വിപുല പരിഷ്കാരങ്ങളാണ് നിയമഭേദഗതിയിലുള്ളത്.
തുറമുഖങ്ങളുടെയും അനുബന്ധ വ്യവസായങ്ങളുടെയും വികസനത്തിനായി സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള തുറമുഖ പരിധിയിലെ ഭൂമി ഉൾപ്പെടുത്തി സ്റ്റേറ്റ് മാരിടൈം ലാൻഡ് ബാങ്ക് രൂപവത്കരിക്കുമെന്നതാണ് പ്രധാന നിർദേശം.
തുറമുഖ വികസനം, മാരിടൈം വ്യവസായം, ലോജിസ്റ്റിക്സ് തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഈ ഭൂമി വിനിയോഗിക്കുക. തുറമുഖ പ്രവർത്തനങ്ങളുമായും അടിസ്ഥാനസൗകര്യ വികസനവുമായും ബന്ധപ്പെട്ട കമ്പനികളിൽ ഓഹരികൾ വാങ്ങുന്നതിനും വിൽക്കുന്നതിനും ബോർഡിന് അധികാരം നൽകുന്ന വ്യവസ്ഥയും ബില്ലിലുണ്ട്. ഇതിന് സർക്കാറിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.
അധ്യക്ഷൻ ഇനി മുഖ്യമന്ത്രി
തിരുവനന്തപുരം: മാരിടൈം ബോർഡിന്റെ ഘടനയിൽ സമഗ്ര മാറ്റം വരും. 2017ലെ നിയമപ്രകാരം സർക്കാർ നാമനിർദേശം ചെയ്യുന്ന, ഷിപ്പിങ്ങിലും മാരിടൈം നിയമത്തിലും പരിജ്ഞാനമുള്ളയാളെ ബോർഡ് ചെയർമാനാക്കാം എന്നതാണ് വ്യവസ്ഥ.
നിയമഭേദഗതിയോടെ മുഖ്യമന്ത്രിക്കാണ് ബോർഡിന്റെ അധ്യക്ഷ സ്ഥാനം. തുറമുഖ വകുപ്പ് മന്ത്രി വൈസ് ചെയർപേഴ്സനും. ചീഫ് സെക്രട്ടറി, തുറമുഖ, മത്സ്യബന്ധന, വ്യവസായ, തീരദേശ കപ്പൽ ഗതാഗത, ഉൾനാടൻ ജലഗതാഗത, ധന, റവന്യൂ, നിയമ വകുപ്പ് സെക്രട്ടറിമാർ എന്നിവർ ബോർഡിലെ അംഗങ്ങളാകും.
സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസ് പ്രതിനിധി, കേരള തീരദേശ സുരക്ഷയുടെ ചുമതലയുള്ള എ.ഡി.ജി.പി/ഐ.ജി, കേരള തീര ചുമതലയുള്ള നാവികസേന പ്രതിനിധി, കോസ്റ്റ് ഗാർഡ് പ്രതിനിധി, വിഴിഞ്ഞം പോർട്ട് എം.ഡി എന്നിവർ എക്സ് ഒഫിഷ്യോ അംഗങ്ങളായും ബോർഡിൽ ഉൾപ്പെടും.
തുറമുഖ പദ്ധതികളുമായി ബന്ധപ്പെട്ട കരാറുകൾ, പാട്ടങ്ങൾ, ലൈസൻസുകൾ, സ്വകാര്യ പങ്കാളിത്ത പദ്ധതികൾ എന്നിവയുടെ കാലാവധി നീട്ടുന്നതിനുള്ള വ്യവസ്ഥകളും നിയമഭേദഗതിയിലുണ്ട്.
അധിക നിക്ഷേപമോ കൂടുതൽ സമയമോ ആവശ്യമായ പദ്ധതികളിൽ സാഹചര്യങ്ങൾ വിലയിരുത്തി സർക്കാർ അനുമതിയോടെ കാലാവധി നീട്ടാൻ കഴിയും. നിലവിൽ 30 വർഷമാണ് കാലാവധി.
ഉൾനാടൻ ജലഗതാഗതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി പ്രത്യേക ഫണ്ട് രൂപവത്കരിക്കാനും മാരിടൈം ബോർഡിനുള്ളിൽ പ്രത്യേക എൻഫോഴ്സ്മെന്റ് വിഭാഗം രൂപവത്കരിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.


