‘വിവാഹം ആണ് സാറേ..’, രണ്ട് മാസമായി ശമ്പളമില്ല; നിസ്സാഹായവസ്ഥ ആരോഗ്യ മന്ത്രിയോട് തുറന്നുപറഞ്ഞ് ഗോപു
text_fieldsഗോപു
മഞ്ചേരി: ‘അടുത്ത ആഴ്ച എന്റെ വിവാഹമാണ്. രണ്ട് മാസമായി ശമ്പളം ലഭിച്ചിട്ടില്ല, ഞാൻ എങ്ങനെ വിവാഹം നടത്തും’ കരഞ്ഞുകലങ്ങിയ കണ്ണുമായി ഗോപു മന്ത്രിക്ക് മുന്നിൽ തന്റെ നിസ്സാഹായവസ്ഥ തുറന്നു പറഞ്ഞു. മന്ത്രിക്ക് മുന്നിൽ ശമ്പള പ്രതിസന്ധി അറിയിച്ചെങ്കിലും കേൾക്കാൻ പോലും കൂട്ടാക്കാതെ മന്ത്രി മടങ്ങി. മെഡിക്കൽ കോളജിൽ നിപ അതിജീവിതയെ സന്ദർശിച്ച് മടങ്ങുമ്പോഴായിരുന്നു നറുകര സ്വദേശി ഗോപുനിവാസിൽ ഗോപകുമാർ (27) അടക്കമുള്ള താൽക്കാലിക ജീവനക്കാർ മന്ത്രിക്ക് മുന്നിൽ പരാതിയുടെ കെട്ടഴിച്ചത്.
മൂന്ന് വർഷമായി മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയാണ് ഗോപു. ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്ന 500ലധികം പേരിൽ ഒരാൾ. ചെയ്ത ജോലിക്ക് കൂലി ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് ഗോപു പ്രതീക്ഷയോടെ മന്ത്രിക്ക് മുന്നിലെത്തിയത്. ആശുപത്രിക്ക് പുറത്ത് കൈകൂപ്പി തന്റെ അവസ്ഥ തുറന്നുപറയാൻ ശ്രമിച്ചപ്പോഴേക്കും സി.പി.എം പ്രവർത്തകർ ഗോപു അടക്കമുള്ളവരെ തള്ളിമാറ്റി മന്ത്രിക്ക് പോകാൻ വഴിയൊരുക്കി.
ഞങ്ങളിൽ പല ആളുകളും ഈ പാർട്ടിയോട് കൂറുപുലർത്തുന്നവരാണ്. ഞങ്ങളുടെ പ്രശ്നം മന്ത്രിയോട് പറയാനെങ്കിലും അവർ സമ്മതിക്കണ്ടേ, ഗോപു ഇത് പറയുമ്പോൾ സാന്ത്വനിപ്പിക്കാൻ സഹപ്രവർത്തകർക്കും ആയില്ല. വേതനം ലഭിക്കാത്തതിന്റെ സങ്കടം പലരും വിളിച്ചു പറയുന്നുണ്ടായിരുന്നു. ‘ചെയ്ത ജോലിയുടെ കൂലിയാണ് ചോദിക്കുന്നത് സാറേ, രണ്ട് മാസമായി ശമ്പളം ലഭിച്ചിട്ടില്ലെങ്കിലും ജോലിക്ക് വരാതിരുന്നിട്ടില്ല. കടം വാങ്ങിയാണ് ഇപ്പോൾ ആശുപത്രിയിലേക്ക് എത്തുന്നത്’. ജീവനക്കാരുടെ ഈ വാക്കുകൾക്ക് സി.പി.എം. നേതാക്കൾക്കും മറുപടി ഉണ്ടായിരുന്നില്ല.