Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമട്ടന്നൂർ ഷുഹൈബ് വധം;...

മട്ടന്നൂർ ഷുഹൈബ് വധം; ഒന്ന് മുതല്‍ അഞ്ചുവരെ പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു

text_fields
bookmark_border
മട്ടന്നൂർ ഷുഹൈബ് വധം; ഒന്ന് മുതല്‍ അഞ്ചുവരെ പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു
cancel
camera_alt

കൊ​ല്ല​പ്പെ​ട്ട ഷു​ഹൈ​ബ്

തലശ്ശേരി: യൂത്ത്‌ കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ എസ്.പി. ഷുഹൈബ് (29) വധക്കേസില്‍ തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസ് മുമ്പാകെ തിങ്കളാഴ്ച വിചാരണ ആരംഭിച്ചു. കുറ്റകൃത്യത്തില്‍ നേരിട്ട് ഏര്‍പ്പെട്ട ഒന്നു മുതല്‍ അഞ്ചു വരെയുള്ള പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു. സംഭവ സമയം ഷുഹൈബിനോടൊപ്പമുണ്ടായിരുന്ന പരിക്കേറ്റ ഇ. റിയാസിനെയാണ് കോടതി വിസ്തരിച്ചത്.

ഷുഹൈബിനെ വളഞ്ഞിട്ട് തുരുതുരാ വെട്ടിയതിനാല്‍ ഷുഹൈബ് നിലത്തുവീഴുകയായിരുന്നുവെന്ന് ഇ. റിയാസ് പറഞ്ഞു. താനും ഷുഹൈബും നൗഷാദും ഒരുമിച്ച് കാറില്‍ പെട്രോളടിക്കാന്‍ ചാലോട് പോയി പമ്പില്‍ നിന്നും എണ്ണ കിട്ടാതെ മടങ്ങിവരുമ്പോള്‍ എടയന്നൂരില്‍ പുതുതായി തുടങ്ങിയ ഉറി എന്ന തട്ടുകടയില്‍ കയറുകയായിരുന്നു. കഴിച്ച ചായയുടെ പണം കൊടുക്കാന്‍ നില്‍ക്കുമ്പോൾ നമ്പര്‍ പ്ലേറ്റില്ലാത്ത വെളുത്ത വാഗൺ-ആര്‍ കാര്‍ മെല്ലെവന്ന് അരികെ നിര്‍ത്തുകയും ആയുധങ്ങളുമായെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചെന്നും സാക്ഷിയായ റിയാസ് പറഞ്ഞു.

ഷുഹൈബിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച രണ്ട് വാള്‍, ഒരു മഴു എന്നിവയും കോടതിയില്‍ ഹാജരാക്കി. നേരത്തേ സാക്ഷി വിസ്താരം ആരംഭിച്ചെങ്കിലും കേസില്‍ സ്‌പെഷൽ പ്രോസിക്യൂട്ടര്‍ വേണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചതായിരുന്നു. സാക്ഷി വിസ്താരം ജൂണ്‍ 14 വരെ തുടരും. 2018 ഫെബ്രുവരി 18ന് രാത്രി പത്തരയോടെ മട്ടന്നൂര്‍ കീഴൂര്‍ തെരുവിലെ ഉറി എന്ന തട്ടുകടയില്‍ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോഴാണ് മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സി.പി.എം പ്രവർത്തകരായ പ്രതികൾ സംഘം ചേർന്ന് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.

സി.പി.എം പ്രവർത്തകരും അനുഭാവികളുമായിരുന്ന ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള 11 പേരായിരുന്നു നേരത്തെ പ്രതികള്‍. തുടരന്വേഷണത്തില്‍ ആറ് പ്രതികളെ കൂടി ഉള്‍പ്പെടുത്തി അന്വേഷണ സംഘം കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചു. തില്ലങ്കേരി വഞ്ഞേരിയിലെ ലക്ഷ്മി നിലയത്തിൽ എം.വി. ആകാശ് (32), കരുവെള്ളി പഴയപുരയിൽ രജിൽരാജ് (33), മുഴക്കുന്ന് മുടക്കോഴിയിലെ കരുവോത്ത് വീട്ടിൽ എ. ജിതിൻ (32), മുഴക്കുന്ന് കൃഷ്ണ നിവാസിൽ സി.എസ്. ദീപ്ചന്ദ് (34), പാലയോട് തെരുവിലെ തയ്യുള്ളതിൽ പുതിയപുരയിൽ ടി.കെ. അസ്‌കർ (35), സാജ് നിവാസിൽ കെ. ബൈജു (45), തില്ലങ്കേരി ആലയാട് പുതിയ പുരയിൽ പി. വി. അൻവർ സാദത്ത് (32), പാലയോട് മുട്ടിൽ കെ. അഖിൽ (32), തെരൂരിലെ സാജ് നിവാസിൽ കെ. സഞ്ജയ് (30), രജത് നിവാസിൽ കെ. രജത് (32), എളമ്പാറ കമ്മാനം വീട്ടിൽ കെ. വി. സംഗീത് (31), കിളയങ്ങാട്ട് ചേറ്റടി പുതിയ പുരയിൽ കെ. അഭിനാഷ് (30), ഏടന്നൂർ പാലോട് തെരൂർ കുട്ടിക്കുന്നിൽ നിലാവ് വീട്ടിൽ സി. നിജിൽ (31), എളമ്പാറ അഭിനന്ദത്തിൽ കെ.പി. പ്രശാന്ത് (57), പാലോട് തെരൂർ പാലത്താൻകുന്നിൽ എ.പി. സനീഷ് (32), മുട്ടിൽ വീട്ടിൽ എ.കെ. സുബിൻ (32), മുഴക്കുന്നിലെ കേളോത്ത് വീട്ടിൽ വി. പ്രജിത്ത് (35) എന്നിവരാണ് പ്രതികൾ. നിലവിൽ 142 സാക്ഷികളാണുള്ളത്.

ആദ്യഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ ഒഴികെയുള്ള 137 സാക്ഷികളെ വിസ്‌തരിക്കും. കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായ അഡ്വ. കെ. പത്മനാഭനും പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ പി.വി. ഹരി മഹേശ്വരന്‍ പിള്ളയും എന്‍.ആര്‍. ഷാനവാസും ഹാജരായി.

Show Full Article
TAGS:Shuhaib Murder case witness examination Crime News Latest News 
News Summary - Mattannur Shuhaib murder: Witness identifies accused one to five
Next Story