അന്ന് സങ്കടക്കടലിൽ; ഇന്ന് മാത്യു ബെന്നിയും പശുക്കളും ഹാപ്പി
text_fieldsമാത്യു ബെന്നി പശുക്കൾക്കൊപ്പം
തൊടുപുഴ: അരുമകളായ 13 പശുക്കൾ തൊഴുത്തിൽ ജീവനറ്റ് കിടക്കുന്ന കാഴ്ചയോടെയാണ് ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു ബെന്നി എന്ന 16കാരന്റെ 2024 പിറന്നത്. വർഷം ഒന്ന് പിന്നിടുമ്പോൾ തൊഴുത്തിണ്ലുള്ളത് 20 കന്നുകാലികൾ. കുട്ടിക്കർഷകന്റെ സങ്കടം കണ്ട കേരളക്കര ഒന്നാകെ ഒരുമിച്ചതോടെയാണ് കാലിത്തൊഴുത്ത് നിറഞ്ഞത്. കുട്ടി ക്ഷീരകർഷകനുള്ള സർക്കാർ അവാർഡ് നേടിയ മാത്യുവിനുള്ളത് എട്ട് കറവപ്പശുക്കൾ. 20 എണ്ണത്തിൽ നാല് ഗർഭിണികളും ബാക്കി പശുക്കിടാക്കളും മൂരികളും.
2023 ഡിസംബർ 31ന് രാത്രിയാണ് പശുക്കളിൽ 13 എണ്ണം കപ്പത്തൊണ്ടിലെ സയനൈഡ് വിഷബാധയെത്തുടർന്ന് ചത്തത്. പുതുവർഷ ദിനത്തിൽ പുലർെച്ച തൊഴുത്തിലെത്തിയ മാത്യു പശുക്കൾ ചലനമില്ലാതെ കിടക്കുന്നതുകണ്ട് അലറിവിളിച്ചു. ഓമനപ്പേരിട്ട് വിളിച്ച പശുക്കളാണ് ചത്തുകിടന്നത്. വാർത്ത പരന്നതോടെ നാടിന്റെ നാനാ ഭാഗത്തുനിന്ന് സഹായം പ്രവഹിച്ചു. മന്ത്രിമാരായ ജെ. ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും വീട്ടിലെത്തി ഇൻഷുറൻസുള്ള അഞ്ച് കറവപ്പശുക്കളെ ലൈവ്സ്റ്റോക് ബോർഡ് വഴി നൽകി. ഗർഭിണികളായ മൂന്ന് പശുക്കളെ സി.പി.എം നൽകി.
മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം, ലുലു ഗ്രൂപ്, മിൽമ തുടങ്ങിയവർ സാമ്പത്തികമായി സഹായിച്ചു. കത്തോലിക്കാ കോൺഗ്രസ് രണ്ട് പശുക്കളെയും മൂരിക്കിടാവിനെയും നൽകി. ആകെ 17 ലക്ഷം രൂപ കിട്ടി. പി.ജെ. ജോസഫ് എം.എൽ.എ നൽകിയ കരീന എന്ന പശു മൂരിക്കിടാവിനെ പ്രസവിച്ചു. പഠനത്തിലും മിടുക്കനായ മാത്യു വെള്ളിയാമറ്റം സി.കെ.വി.എച്ച്.എസ്.എസിൽ പ്ലസ് വൺ വിദ്യാർഥിയാണ്. വെറ്ററിനറി ഡോക്ടറാകണമെന്നാണ് ആഗ്രഹം. എൻട്രൻസിനായി പരിശീലിക്കുന്നുണ്ട്. സഹോദരി റോസ് മേരി പത്താം ക്ലാസിലാണ്. സ്കൂളിൽ പോകും മുമ്പും വന്നുകഴിഞ്ഞും മാത്യു തൊഴുത്തിലെത്തി പശുക്കളെ പരിപാലിക്കും. ദിവസം 60 ലിറ്ററിലേറെ പാൽ കറക്കുന്നുണ്ട്. പാൽ വീടുകളിലും സൊസൈറ്റികളിലും വിൽക്കും. ചത്തുപോയ പശുക്കളെ ഓർത്ത് സങ്കടമുണ്ടെന്ന് മാത്യു. അവരാണ് എന്നെ ഇന്നത്തെ നിലയിലാക്കിയതെന്നും ഇപ്പോൾ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നുണ്ടെന്നും കൗമാരക്കാരൻ.