Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചികിത്സാപ്പിഴവ്? കാലിൽ...

ചികിത്സാപ്പിഴവ്? കാലിൽ തറച്ചുകയറിയ മരക്കഷണവുമായി മധ്യവയസ്കൻ കഴിഞ്ഞത് മാസങ്ങളോളം

text_fields
bookmark_border
ചികിത്സാപ്പിഴവ്? കാലിൽ തറച്ചുകയറിയ മരക്കഷണവുമായി മധ്യവയസ്കൻ കഴിഞ്ഞത് മാസങ്ങളോളം
cancel

നെടുമങ്ങാട്: കാലിൽ തറച്ചുകയറിയ മരക്കഷണവുമായി മധ്യവയസ്കൻ വേദന തിന്നു കഴിഞ്ഞത് മാസങ്ങളോളം. തിരുവനന്തപുരം മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയിട്ടും കാൽപ്പാദത്തിനുള്ളിലെ മരക്കഷണം കണ്ടെത്താനാകാതിരുന്നതാണ് രോഗിയെ മാസങ്ങളോളം ദുരിതത്തിലാക്കിയത്. ഒടുവിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് രോഗിയുടെ കാലിൽ നിന്ന് മരക്കഷണം പുറത്തെടുത്തത്. ഭരതന്നൂർ കരിങ്കട മഹേഷ് ഭവനിൽ മധു (57) ആണ് ഗുരുതരമായ ചികിത്സാപിഴവിന് ഇരയായത്.

കഴിഞ്ഞ മാർച്ച് 21നാണ് മരത്തിൽ നിന്ന് വീണ് മധുവിന്റെ കാലിന് പരിക്കേൽക്കുന്നത്. തുടർന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് കാലിലെ മുറിവിൽ പത്തിലധികം തുന്നലുകൾ ഇട്ട ശേഷം തുടർചികിത്സയ്ക്കായി പാലോട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് ദിവസം പാലോട് ആശുപത്രിയിൽ കിടത്തിച്ചികിത്സ നൽകിയ ശേഷം, വീടിനടുത്തുള്ള ആശുപത്രിയിൽ എത്തി കൃത്യമായി ഡ്രസിങ് ചെയ്യണമെന്ന നിർദേശത്തോടെ മധുവിനെ വീട്ടിലേക്ക് വിട്ടു.

ഡോക്ടർമാരുടെ നിർദേശപ്രകാരം മധു വീടിനടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തി കൃത്യമായി ഡ്രസിങ് നടത്തിയിരുന്നെങ്കിലും മുറിവ് ഉണങ്ങുകയോ കടുത്ത വേദനയ്ക്ക് ശമനമുണ്ടാവുകയോ ചെയ്തില്ല. ദിവസങ്ങൾ കഴിഞ്ഞിട്ടും മുറിവിൽ നിന്ന് പഴുപ്പ് വരാൻ തുടങ്ങിയതോടെയാണ്, ഓർത്തോ വിഭാഗം ഡോക്ടറെ കാണിക്കാൻ ആശുപത്രി അധികൃതർ നിർദേശിക്കുന്നത്.

തുടർന്ന് കഴിഞ്ഞ മെയ് 14നാണ് മധു നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. ഇവിടെ നടത്തിയ വിശദമായ പരിശോധനയിലാണ് കാലിലെ മുറിവിനുള്ളിൽ മരക്കഷണം ഇരിപ്പുണ്ടെന്ന ഞെട്ടിക്കുന്ന വിവരം ഡോക്ടർമാർ കണ്ടെത്തുന്നത്. ഇതേത്തുടർന്ന് ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും കഴിഞ്ഞ ദിവസം നടത്തിയ ശസ്ത്രക്രിയയിലൂടെ മരക്കഷണം വിജയകരമായി പുറത്തെടുക്കുകയുമായിരുന്നു. ആദ്യഘട്ടത്തിൽ ചികിത്സിച്ച ആശുപത്രികളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് മധുവിനെ മാസങ്ങളോളം കടുത്ത വേദനയിലാക്കിയത്.

Show Full Article
TAGS:medical negligence Government hospital Thiruvananthapuram Medical College Surgery 
News Summary - Medical error? Middle-aged man spent months with a piece of wood stuck in his leg
Next Story