വേണുവിന്റെ മരണം: ഡോക്ടർമാർ തട്ടിക്കയറി, വേദനക്കുള്ള മരുന്നുകൾ പോലും ലഭിച്ചില്ല; പെരുമാറിയത് മൃഗങ്ങളോടെന്ന പോലെയെന്ന് ഭാര്യ
text_fieldsകരുനാഗപ്പള്ളി: തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദ്രോഗത്തിന് അടിയന്തര ചികിത്സ തേടിയയാൾക്ക് ചികിത്സ ലഭിക്കാത്ത സംഭവത്തിൽ കുടുംബം ഉയർത്തുന്നത് ഗുരുതര ആരോപണങ്ങൾ. കൊല്ലം കരുനാഗപ്പള്ളി പന്മന മനയിൽ പൂജാ ഭവനിൽ വേണു (48) മരിച്ച സംഭവത്തിലാണ് ഭാര്യയും സഹോദരങ്ങളും തങ്ങൾ നേരിട്ട ദുരിതം വിവരിക്കുന്നത്. മെഡിക്കൽ കോളജിൽ അടിയന്തര ചികിത്സ നൽകിയില്ല എന്ന് മാത്രമല്ല വേദനക്കുള്ള മരുന്നുകൾ പോലും ലഭിച്ചില്ല. വേദന അസഹനീയമായപ്പോൾ അടിയന്തര ചികിത്സ നൽകണമെന്ന് കേണപേക്ഷിച്ചതായി വേണുവിന്റെ ഭാര്യ സിന്ധു പറയുന്നു. ഒരു ചികിത്സയും നൽകിയില്ല എന്ന് മാത്രമല്ല രോഗിക്കെതിരെയും തനിക്കെതിരെയും ഡോക്ടർമാർ തട്ടിക്കയറിയെന്നും മോശം പെരുമാറ്റം ഉണ്ടായെന്നും സിന്ധു ‘മാധ്യമ’ത്തോട് പറഞ്ഞു. ആശുപത്രി ജീവനക്കാരും ഡോക്ടർമാരും മൃഗങ്ങളോടെന്ന പോലെയാണ് പെരുമാറിയതെന്ന് സഹോദരങ്ങളും ആരോപിച്ചു. മെഡിക്കൽ കോളജ് അധികൃതരാണ് വേണുവിന്റെ മരണത്തിനു ഉത്തരവാദികൾ എന്ന് കാണിച്ച് ഭാര്യ സിന്ധു, സഹോദരൻ ഓമനക്കുട്ടൻ എന്നിവർ മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും ഇ-മെയിൽ മുഖേന പരാതി നൽകി.
പന്മന ആശ്രമത്തിനു സമീപം മൂന്ന് സെന്റ് സ്ഥലത്ത് താമസിക്കുന്ന രണ്ടു പെൺകുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വേണു. പന്മന ഇടപ്പള്ളിക്കോട്ട സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഡിഗ്രി കഴിഞ്ഞ് കോച്ചിങ് സെന്ററിൽ പഠനം നടത്തുന്ന പൂജ, മെഡിക്കൽ എൻട്രൻസിന് തയാറെടുക്കുന്ന ഗംഗ എന്നിവരാണ് മക്കൾ. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. മരണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ ഇടപ്പള്ളി കോട്ടയിൽ ദേശീയപാത ഉപരോധിച്ചു.
വേണു ആശുപത്രിയിൽനിന്ന് സുഹൃത്ത് അൻവറിന് അയച്ച ശബ്ദസന്ദേശം:
‘‘തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഭയങ്കര അഴിമതിയാണ്. നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്നില്ലേ, ഒരു മനുഷ്യൻ ഹോസ്പിറ്റലിൽ വന്ന് എന്തെങ്കിലും അറിയേണ്ട കാര്യങ്ങൾ ചോദിച്ചാൽ ആരും മറുപടി നൽകില്ല. യൂനിഫോമിട്ട ആളുകളോട് കാര്യം ചോദിച്ചാൽ നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും നോക്കില്ല. പിന്നീട് പോലും ഒരു മറുപടി പറയില്ല. എല്ലായിടത്തും കൈക്കൂലിയാണ്. വെള്ളിയാഴ്ച രാത്രിയാണ് ഞാൻ എമർജൻസി ആൻജിയോഗ്രാം ചെയ്യാൻ ഇവിടെ വന്നത്. കിട്ടുന്നതിൽ വെച്ച് ഏറ്റവും വേഗതയുള്ള ആംബുലൻസ് വിളിച്ചാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോന്നത്. അഞ്ച് ദിവസം കഴിഞ്ഞിട്ടും ഒരു നടപടിയും ഇല്ല. എന്നോട് കാണിക്കുന്ന ഉദാസീനത എന്താണെന്ന് മനസ്സിലാകുന്നില്ല. എന്നെ പരിശോധിക്കാൻ വരുന്ന ഡോക്ടറോട് പലതവണ ചോദിച്ചു, ചികിത്സ എപ്പോൾ നടക്കുമെന്ന് അവർക്ക് ഒരറിവും ഇല്ല. ഇവർ കൈക്കൂലി വാങ്ങിയാണോ കാര്യങ്ങൾ ചെയ്യുന്നതെന്ന് അറിയില്ല. ഒരു സാധാരണ കുടുംബത്തിൽപെട്ട രണ്ടുപേർ തിരുവനന്തപുരത്ത് വന്ന് നിൽക്കണമെങ്കിൽ എത്ര രൂപ ചെലവാകുമെന്ന് അറിയാമല്ലോ. സാധാരണക്കാർക്ക് ഏറ്റവും വലിയ ആശ്രയമാകേണ്ട സർക്കാർ ആതുരാലയം ശാപങ്ങളുടെ പറുദീസയാണ്. ഓരോ ജീവന്റെയും ശാപം നിറഞ്ഞിരിക്കുന്ന ഒരു നരകഭൂമി തന്നെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ്. ഞാൻ അടിവില്ലിനകത്തുവീണുപോയി. ഒരുകാര്യം ഞാൻ പറയാം, എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ, എന്റെ ജീവൻവെച്ച് നിസ്സാരമായിട്ട് കാര്യങ്ങൾ നടത്തിയ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ വോയ്സ് റെക്കോർഡ് നീ പുറംലോകത്തെ അറിയിക്കണം.’
അനാസ്ഥയില്ലെന്ന് ആശുപത്രി സൂപ്രണ്ട്
രോഗിക്ക് ആൻജിയോഗ്രാം ചെയ്യാൻ പറ്റുന്ന അവസ്ഥയായിരുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ജയചന്ദ്രൻ അറിയിച്ചു. ക്രിയാറ്റിൻ കൂടുതലായിരുന്നു. അത് നിയന്ത്രിക്കാതെ ആൻജിയോഗ്രാം ചെയ്യാൻ സാധിക്കില്ല. നേരത്തെ സ്ട്രോക് വന്നയാളാണ്. ആൻജിയോഗ്രാം ചെയ്യാനുള്ള സമയം കഴിഞ്ഞിരുന്നു. മാധ്യമങ്ങളിലൂടെയാണ് വിവരം ശ്രദ്ധയിൽപെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം തിയതിയാണ് ചികിത്സ തേടിയെത്തിയത്. രണ്ടാം വാർഡിൽ കാർഡിയോളജി വിഭാഗമാണ് അഡ്മിറ്റ് ചെയ്തത്. ബുധനാഴ്ച ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടായി. വെന്റിലേറ്ററിലേക്ക് മാറ്റി. ചികിത്സ നൽകാൻ താമസമുണ്ടായിട്ടില്ല. ശബ്ദസന്ദേശത്തിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് അറിയില്ല. കൃത്യമായി ചികിത്സ നൽകിയിട്ടും ഇത്തരം കാര്യങ്ങൾ കേൾക്കേണ്ടി വരുന്നത് ദുഃഖകരമാണെന്നും ഡോ. ജയചന്ദ്രൻ കൂട്ടിച്ചേർത്തു.


