വീണ്ടും ചികിത്സാ പിഴവ്; വീണ് പരിക്കേറ്റ ഒമ്പതുകാരിയുടെ വലതുകൈ മുട്ടിന് മുകളിൽ മുറിച്ചു മാറ്റി
text_fieldsകൊല്ലങ്കോട് (പാലക്കാട്): വീണ് പരിക്കേറ്റ ഒൻപതുവയസ്സുകാരിക്ക് ചികിത്സ പിഴവിനെത്തുടർന്ന് കൈ നഷ്ടമായെന്ന് പരാതി. പല്ലശ്ശേന ഒഴുവുപാറയിൽ പ്രസീതയുടെയും വിനോദിന്റെയും മകൾ വിനോദിനിയുടെ വലതുകൈയാണ് മുട്ടിന് മുകളിൽ മുറിച്ചു മാറ്റേണ്ടി വന്നത്.
സെപ്തംബർ 24ന് കൂട്ടുകാരൊത്ത് കളിച്ചുകൊണ്ടിരിക്കേയാണ് പല്ലശ്ശന ഒഴുവുപാറ ഗവ. സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിനിയായ വിനോദിനി വീണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ കൈയുമായി ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. അവിടെനിന്ന് ജില്ല ആശുപത്രിയിലെത്തിച്ചു. അത്യാഹിത വിഭാഗത്തിലെ ഡോക്ടർ എക്സ്റേ എടുത്ത് ബാൻഡേജ് ഇട്ട ശേഷം പിറ്റേന്ന് വരാൻ പറഞ്ഞുവിട്ടു. അന്ന് രാത്രി വിനോദിനിക്ക് വേദന അസഹനീയമാകുകയും പിറ്റേന്ന് ഒ.പിയിലെത്തി ചികിത്സിച്ച ഡോക്ടറോട് ഇക്കാര്യം പറയുകയും ചെയ്തു. വേദന ഉണ്ടാകുമെന്ന് പറഞ്ഞ് കുറച്ചു മരുന്നുകൾ കുറിച്ചുനൽകി അഞ്ച് ദിവസം കഴിഞ്ഞ് വന്നാൽ മതിയെന്ന് പറഞ്ഞ് വീട്ടിലേക്ക് അയച്ചു.
മൂന്നു ദിവസങ്ങൾ കഴിഞ്ഞതോടെ വിനോദിനിയുടെ കൈയ്യിന്റെ നിറം മാറിത്തുടങ്ങുകയും വേദന കൂടുകയും ചെയ്തു. നീർക്കെട്ടും ഗന്ധവും ഉണ്ടായി. വേദന ഉണ്ടാവുമെന്ന് ഒ.പിയിലെ ഡോക്ടർ പറഞ്ഞതിനാൽ വീണ്ടും ഡോക്ടറെ കാണാൻ പോയില്ലെന്ന് വിനോദിനിയുടെ മാതാവ് പ്രസീത പറഞ്ഞു. വേദന സഹിച്ച് വിനോദിനി സെപ്തംബർ 30വരെ വീട്ടിൽ കഴിഞ്ഞു. 30 ന് ജില്ല ആശുപത്രിയിൽ വീണ്ടും പോയപ്പോൾ മുറിവ് പരിശോധിച്ച് സ്കാനിങ് പരിശോധനക്ക് ശേഷം ഡോക്ടർ കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നും കൈയിലെ ഞരമ്പിൽ രക്തഓട്ടമില്ലെന്നും പറഞ്ഞു. രക്തം കട്ടപിടിച്ചത് അലിയിക്കാനുള്ള മരുന്ന് നൽകിയ ശേഷം കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയച്ചു. മെഡിക്കൽ കോളജിലെത്തിച്ചതോടെ പരിക്ക് ഗുരുതരമാണെന്നും കൈ മുറിച്ചുമാറ്റാതെ വേറെ മാർഗമില്ലെന്നും വിദഗ്ധ ഡോക്ടർമാർ പറഞ്ഞു. തുടർന്ന് 30 ന് വിനോദിനിയുടെ കൈ മുറിച്ചുമാറ്റാനുള്ള ശസ്ത്രക്രിയ കഴിഞ്ഞു. കുട്ടി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ജില്ല ആശുപത്രി അധികൃതരുടെ ചികിത്സ പിഴവാണ് കുട്ടിയുടെ കൈ നഷ്ടപ്പെടാൻ കാരണമായതെന്ന് വിനോദിനിയുടെ മാതാപിതാക്കൾ ആരോപിച്ചു. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിനോദിനിയുടെ അച്ഛാച്ചനും മുത്തശ്ശിയും പാലക്കാട് ജില്ല ആശുപത്രി സൂപ്രണ്ടിനും ജില്ല മെഡിക്കൽ ഓഫിസർക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി. പരാതിയില്‍ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ചികിത്സ പിഴവ് ഉണ്ടായില്ല- ഡി.എം.ഒ
ജില്ല ആശുപത്രിയിൽനിന്ന് വിനോദിനിക്ക് നൽകിയ ചികിത്സയിൽ പിഴവുണ്ടായില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ. അവിചാരിതമായ കാണങ്ങളാൽ അപൂർവമായി സംഭവിക്കുന്ന സങ്കീർണതയാണ് സംഭവിച്ചതെന്ന് ഡി.എം.ഒ ടി.വി റോഷ് വാർത്തകുറിപ്പിൽ അറിയിച്ചു. 24ന് വിനോദിനിയെ ജില്ല ആശുപത്രിയിൽ എത്തിച്ചപ്പോൾ എക്സ്റേ എടുക്കുകയും കൈയിലെ രക്തപ്രവാഹത്തിനോ ഞരമ്പുകൾക്കോ തകരാറുകൾ സംഭവിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തതാണെന്ന് സംഭവം ഡി.എം.ഒ നിർദേശപ്രകാരം അന്വേഷിച്ച വിദഗ്ധരുടെ റിപ്പോർട്ടിൽ പറയുന്നു. വലതുകൈതണ്ടയിലെ രണ്ട് എല്ലുകൾക്ക് പൊട്ടൽ ഉണ്ടെന്ന് എക്സറേയിൽ വ്യക്തമായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തൊട്ടടുത്ത ദിവസം ഓർത്തോ ഒ.പിയിൽ വന്ന് ഡോക്ടറെ കാണാൻ നിർദേശിച്ചത്. 25ന് വേദന മരുന്ന് കൊടുത്ത് അഞ്ച് ദിവസശേഷം കാണാൻ നിർദേശിച്ചു. 30ന് ഓർത്തോ ഒ.പിയിൽ എത്തുമ്പോഴേക്കും വലതുകൈ വേദനയും നിറംമാറ്റവും സംഭവിച്ചു. വലതുകൈത്തണ്ടയിലെ രണ്ട് പ്രധാന ധമനികളിൽ രക്ത ഓട്ടം സ്തംഭിച്ചതായി കണ്ടെത്തി. രക്തക്കട്ട അലിയിക്കാൻ ഇഞ്ചക്ഷൻ ബോളസ് നൽകി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ജില്ല ആശുപത്രിയിൽ നിന്ന് നൽകാനുന്ന എല്ലാ ചികിത്സയും നൽകയെന്നും വാർത്തകുറിപ്പിൽ പറഞ്ഞു.