മെഡിസെപ്: പ്രീമിയം വർധിപ്പിക്കാൻ ആലോചന
text_fieldsതിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഇൻഷുറൻസായ മെഡിസെപ് പദ്ധതിയുടെ കരാർ കാലാവധി തീരാൻ രണ്ടുമാസം മാത്രം ശേഷിക്കെ, തുടർ കരാറിൽ അനിശ്ചിതത്വം. പദ്ധതി നടത്തിപ്പിനെ കുറിച്ച് പഠിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചെങ്കിലും ഇതുവരെയും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. 2022 ജൂലൈ ഒന്നിന് ആരംഭിച്ച നിലവിലെ മെഡിസെപ് കരാർ 2025 ജൂണ് 30 നാണ് അവസാനിക്കുന്നത്.
നിലവിലെ പദ്ധതിയിലെ പോരായ്മകൾ പരിഹരിച്ച് തുടരണമെന്നാണ് സർക്കാർ താൽപര്യം. അതുകൊണ്ടുതന്നെ വിദഗ്ധസമിതിയെ നിയോഗിച്ചുള്ള ഉത്തരവിൽ ‘മെഡിസെപ് രണ്ടാം ഘട്ടം’ എന്നാണ് വിശേഷിപ്പിച്ചത്. നിലവിൽ 500 രൂപയാണ് പ്രതിമാസ പ്രീമിയം. അതേസമയം ഒന്നാംഘട്ട പദ്ധതിയുടെ പകുതി പിന്നിടും മുമ്പ് തന്നെ പ്രീമിയം വർധന ആവശ്യപ്പെട്ട് ഇൻഷുറസ് കമ്പനി സർക്കാറിനെ സമീപിച്ചിരുന്നു.
മെഡിസെപ് വഴിയുള്ള ക്ലെയിം തുക കുതിച്ചുയർന്ന സാഹചര്യത്തിൽ പ്രതിമാസ പ്രീമിയമായ 500 രൂപ 550 ആയി വർധിപ്പിക്കണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം. അന്ന് പക്ഷേ, സർക്കാർ വഴങ്ങിയില്ല. ഒപ്പുവെച്ച കരാറിലെ ധാരണ മുൻനിർത്തിയായിരുന്നു ആവശ്യം സർക്കാർ നിരസിച്ചത്.
അതേസമയം കരാർ പുതുക്കുന്ന ഘട്ടത്തിൽ പ്രീമിയം വർധന കമ്പനി ഉന്നയിക്കുമെന്നതാണ് പ്രശ്നം. അല്ലാത്തപക്ഷം പുതിയ കമ്പനിയെ കണ്ടെത്തുന്നതിന് ടെൻഡർ ക്ഷണിക്കലടക്കം ഒട്ടേറെ നടപടികൾ പൂർത്തിയാക്കണം. ഈ സാഹചര്യത്തിൽ പ്രീമിയം വർധിപ്പിച്ച് കരാർ പുതുക്കാനുള്ള ആലോചനയുമുണ്ട്.
പദ്ധതിയിലെ പോരായ്മകൾ പരിഹരിച്ച് പദ്ധതി തുടരണമെന്നാണ് സർവിസ് സംഘടനകളുടെ നിലപാട്. മെഡിസെപ്പുമായി ബന്ധപ്പെട്ട് ധനമന്ത്രി വിളിച്ച ചർച്ചയിലും ഇക്കാര്യമാണ് സംഘടനാ പ്രതിനിധികൾ ചൂണ്ടിക്കാട്ടിയത്. അതേസമയം പ്രീമിയം വർധന സംഘടനകളാരും അംഗീകരിക്കുന്നില്ല.
ധനമന്ത്രി വീണ്ടും സംഘടനകളുടെ യോഗം വിളിക്കാനും സാധ്യതയുണ്ട്. പ്രീമിയം വർധിക്കുന്ന പക്ഷം പൊതുവായുള്ള സർക്കാർ വിഹിതം കൂടി പ്രീമിയത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും സർവിസ് സംഘടനകൾക്കുണ്ട്. പദ്ധതി നടത്തിപ്പിൽ പോരായ്മയുണ്ടെന്ന് ഭരണ-പ്രതിപക്ഷ സംഘടനകൾ ഒരുപോലെ സമ്മതിക്കുന്നു.
പാക്കേജിലെ പോരായ്മകൾ മൂലമാണ് പ്രമുഖ ആശുപത്രികൾ പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് സർക്കാറും സ്ഥിരീകരിക്കുന്നു. കാഷ്ലെസ് അടക്കം തുടക്കത്തിൽ നൽകിയ ആനൂകൂല്യങ്ങൾ ഓരോന്നായി വെട്ടിക്കുറക്കുന്നുവെന്നതടക്കം വ്യാപക പരാതികളാണ് മെഡിസെപ്പിലുള്ളത്.