‘മൂന്ന് പിഞ്ചു മക്കളെയാ നമ്മൾക്ക് നഷ്ടമായത്... ആർക്കും ഇങ്ങനെ വരാതിരിക്കട്ടെ...’ -അബൂദാബി അപകടത്തിന്റെ വേദന താങ്ങാനാവാതെ കിഴിശ്ശേരി
text_fieldsകിഴിശ്ശേരി (മലപ്പുറം): അബൂദബി-ദുബൈ റോഡില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് കുട്ടികളടക്കം നാലുപേര്‍ മരിച്ചതിന്റെ ദുഃഖം താങ്ങാനാവാതെ മലപ്പുറം തിരൂര്‍ തൃപ്പനച്ചി കിഴിശ്ശേരി ഗ്രാമം. കിഴിശ്ശേരി സ്വദേശി അബ്ദുല്‍ ലത്തീഫിന്റെയും വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മക്കളായ അഷസ് (14), അമ്മാര്‍ (12), അയാഷ് (5) എന്നിവരും ഇവരുടെ സഹായി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷ്റയുമാണ് മരിച്ചത്. ദുബായിൽ നിന്ന് അബുദാബിയിലേക്ക് പോകുന്നതിനിടയാണ് അപകടം ഉണ്ടായത്. ലത്തീഫും ഭാര്യ റുക്സാനയും മറ്റുരണ്ടുമക്കളും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരു കുട്ടിയുടെ പരിക്ക് സാരമാണെന്ന് ബന്ധുക്കൾ പറഞ്ഞു.
ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് അപകടവിവരം ബന്ധുക്കൾ അറിഞ്ഞത്. ‘നടക്കുന്ന വേദനയുള്ള സംഭവമാണിത്.. ആർക്കും ഇങ്ങനെ വരാതിക്കട്ടെ എന്നാണ് നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത്. ഈ പ്രദേശം ആകെ വളരെ സങ്കടത്തിലാണ്.. മൂന്ന് പിഞ്ചു മക്കളെയാണല്ലോ നഷ്ടപ്പെട്ടത്. അത് അനുഭവിക്കുമ്പോൾ ഉണ്ടാകുന്ന വിഷമം പറഞ്ഞറിയിക്കാനാവില്ല.. ഒരു കുട്ടി വളരെ സീരിയസ് ആയി ഐസിയുവിൽ ആണ്. മറ്റൊരു കുട്ടിക്കും മാതാപിതാക്കൾക്കും വലിയരു കുഴപ്പമില്ല എന്നാണ് അറിയുന്നത്. എല്ലാവരും പ്രാർത്ഥിക്കണം എന്നേ മാത്രമേ ഈ അവസ്ഥ പറയാനുള്ളൂ’ -ബന്ധു പറഞ്ഞു.
‘ഈ ഒരു ഗതി ആർക്കും വരാതിരിക്കട്ടെ എന്നുള്ള പ്രാർഥനയിലാണ് ഞങ്ങൾ. നമ്മൾ പല സ്ഥലങ്ങളിൽ കേൾക്കുന്നത് നമ്മൾ അനുഭവിക്കുമ്പോഴാണ് ഇതിന്റെ വിഷമവും കാര്യങ്ങളും ഒക്കെ അറിയുക.. നമുക്കൊന്നും ചെയ്യാൻകഴിയില്ലല്ലോ.. അവിടെ റുക്സാനയുടെ രണ്ട് ആങ്ങളമാരുണ്ട്. പിന്നെ സന്നദ്ധ പ്രവർത്തകരും ലത്തീഫിന്റെ സുഹൃത്തുക്കളുമുണ്ട്. അവരൊക്കെ അവിടെ ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ്’ -ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.


