നിലമ്പൂരിലേക്കുള്ള മെമു സർവിസ് 23 മുതൽ; വാടാനാംകുറിശ്ശി, തുവ്വൂർ, തൊടിയപ്പുലം സ്റ്റേഷനുകളിൽ സ്റ്റോപ്പില്ല
text_fieldsനിലമ്പൂർ: ഷൊർണൂരിൽ നിന്ന് രാത്രി നിലമ്പൂരിലേക്ക് ട്രെയിൻ വേണമെന്ന യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യത്തിന് റെയിൽവേയുടെ പച്ചക്കൊടി. ഓണസമ്മാനമായി എറണാകുളം-ഷൊർണൂർ മെമു ആഗസ്റ്റ് 23 മുതൽ നിലമ്പൂരിലേക്ക് സർവിസ് തുടങ്ങും. ഓണത്തിന് മുമ്പുതന്നെ മെമു സർവിസ് ആരംഭിക്കുമെന്ന് നേരത്തേതന്നെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു.
12 കോച്ചുകളുള്ള മെമു ആണ് നിലമ്പൂർ പാതയിൽ സർവിസ് നടത്തുക. എറണാകുളത്തുനിന്ന് വൈകീട്ട് 5.40ന് പുറപ്പെടുന്ന മെമു രാത്രി 8.35ന് ഷൊർണൂരിൽനിന്ന് നിലമ്പൂരിലേക്ക് പുറപ്പെടും. രാത്രി 10.05ന് നിലമ്പൂരിലെത്തും. പിറ്റേ ദിവസം പുലർച്ച 3.40ന് നിലമ്പൂരിൽനിന്ന് പുറപ്പെട്ട് 4.55ന് ഷൊർണൂരിലെത്തും. ഷൊർണൂരിൽനിന്ന് നിലമ്പൂരിലേക്കുള്ള സർവിസിൽ വല്ലപ്പുഴ, കുലുക്കല്ലൂർ, ചെറുകര, അങ്ങാടിപ്പുറം, പട്ടിക്കാട്, മേലാറ്റൂർ, വാണിയമ്പലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. വാടാനാംകുറിശ്ശി, തുവ്വൂർ, തൊടിയപ്പുലം സ്റ്റേഷനുകളിൽ സ്റ്റോപ്പില്ല. നിലമ്പൂരിൽനിന്ന് പുലർച്ചെ ഷൊർണൂരിലേക്കുള്ള യാത്രയിൽ വാണിയമ്പലത്തും അങ്ങാടിപ്പുറത്തും മാത്രമാണ് നിർത്തുക.
നിലമ്പൂർ -ഷൊർണൂർ പാതയിൽ വൈദ്യുതീകരണം പൂർത്തിയായതോടെയാണ് പാതയിൽ മെമു ട്രെയിൻ യാഥാർഥ്യമായത്. വൈദ‍്യുതീകരണം പൂർത്തിയായശേഷം പാതയിൽ മെമു നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായിരുന്നു. മെമു സർവിസ് ആരംഭിക്കുന്നതോടെ നിലമ്പൂർ മേഖലയിലേക്കുള്ള രാത്രി യാത്രക്കാർക്ക് ഏറെ ഗുണകരമാകും. നിലവിൽ എറണാകുളം മുതൽ ഷൊർണൂർ വരെ ഓടുന്ന മെമു 66325, 66326 എന്നീ നമ്പറുകളിലാണ് നിലമ്പൂരിലേക്ക് പുറപ്പെടുക.
നേരത്തേ നിശ്ചയിച്ച സമയപ്പട്ടികയിൽ തന്നെയാണ് മെമു സർവിസ് നടത്തുക. സമയക്രമം പുതുക്കണമെന്ന് ആവശ‍്യപ്പെട്ട് പി.വി. അബ്ദുൽ വഹാബ് എം.പി ചെന്നൈ സതേൺ റെയിൽവേ ജനറൽ മാനേജർക്ക് കത്തയച്ചിരുന്നു. യാത്രാസൗകര്യം മാനിച്ച് ഷൊർണൂരിൽനിന്നുള്ള പുറപ്പെടൽ സമയം ഉൾപ്പെടെ മാറ്റി നിശ്ചയിക്കണമെന്നായിരുന്നു എം.പിയുടെ ആവശ‍്യം. രാത്രി 8.35ന് ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് മെമു പുറപ്പെടുമ്പോൾ വന്ദേഭാരത് ഉൾപ്പെടെ ട്രെയിനിൽ ഷൊർണൂരിലെത്തുന്നവർക്ക് പ്രയാസമാകും.
അതേസമയം, ഷൊർണൂരിൽനിന്നുള്ള പുറപ്പെടൽ സമയം ഒമ്പതു മണിയാക്കിയാൽ വന്ദേഭാരതിൽ വന്നിറങ്ങുന്നവർക്ക് കണക്ടിവിറ്റി ലഭ്യമാകും. ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ്, തിരുവനന്തപുരം-മംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവയുടെ കണക്ടിവിറ്റിക്കും ഈ സമയമാറ്റം ഉപകാരപ്പെടും. നിലവിൽ 8.15ന് പുറപ്പെടുന്ന പാസഞ്ചർ ട്രെയിൻ സമയം 7.10 ആക്കി പുതുക്കണം. കോയമ്പത്തൂർ-നിലമ്പൂർ പാസഞ്ചറിനും നേരിട്ടുള്ള കണക്ടിവിറ്റി ഇതോടെ സാധ്യമാകും.
കോയമ്പത്തൂർ-ഷൊർണൂർ പാസഞ്ചർ 7.05ന് ഷൊർണൂരിൽ എത്തുന്നതുകൊണ്ട് 7.10ന് നിലമ്പൂരിലേക്ക് പുറപ്പെടാൻ സാധ‍്യക്കുന്നതാണ്. മെമു നിലമ്പൂരിൽ നിന്നുള്ള പുറപ്പെടൽ സമയം 3.30 ആയി മാറ്റണം. ഇതുവഴി എറണാകുളത്തേക്കുള്ള നേരിട്ടുള്ള കണക്ഷൻ അല്ലെങ്കിൽ മെമു 66319 വഴി ഷൊർണൂരിൽനിന്ന് എളുപ്പമുള്ള യാത്ര സാധ്യമാകുമെന്നും എം.പി കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.