മൂത്തേടത്ത് ചെരിഞ്ഞ കൊമ്പന്റെ ശരീരത്തില്‍ ലോഹഭാഗം; വെടിയേറ്റിരുന്നതായി സൂചന
text_fieldsമൂത്തേടം: ചോളമുണ്ടയില്‍ ജനവാസകേന്ദ്രത്തിലെ സെപ്റ്റിക് ടാങ്കില്‍ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടുകൊമ്പന്റെ ശരീരത്തില്‍ നിന്ന് വിദേശനിര്‍മിത ലോഹഭാഗം കണ്ടെത്തി. പോസ്റ്റ് മോര്‍ട്ടത്തിലാണ് ആനയുടെ തൊലിയില്‍നിന്ന് ലോഹഭാഗം കണ്ടെത്തിയത്. ഇത് ബാലിസ്റ്റിക് പരിശോധനക്ക് അയക്കും.
ആനക്ക് വെടിയേറ്റിരുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍, ഹൃദയാഘാതമാണ് മരണകാരണമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വനാതിര്‍ത്തിയില്‍നിന്ന് 30 മീറ്റര്‍ മാറി മൂത്തേടം ചോളമുണ്ട ഇഷ്ടികക്കളത്തിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിലാണ് കൊമ്പനാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ കസേരക്കൊമ്പന്‍ എന്നു വിളിച്ചിരുന്ന ആനയാണിത്. 40 വയസ്സോളം പ്രായമുണ്ട്.
ശരീരത്തില്‍ ധാരാളം പരിക്കുകളുമുണ്ടായിരുന്നു. മുറിവുകള്‍ പുഴുക്കളരിച്ച നിലയിലായിരുന്നു. വനം വെറ്ററിനറി സര്ജന് ഡോ. എസ്. ശ്യാം, മൂത്തേടം വെറ്ററിനറി സര്ജന് ഡോ. മുഹമ്മദ് റയ്നു ഉസ്മാന്, അമരമ്പലം വെറ്ററിനറി സര്ജന് ഡോ. ജിനു ജോണ്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. മൂത്തേടം, കരുളായി പഞ്ചായത്തുകളിലെ ജനവാസകേന്ദ്രങ്ങളില്‍ കസേരക്കൊമ്പന്റെ ആക്രമണം രൂക്ഷമായിരുന്നു. പകല്‍ സമയങ്ങളില്‍പോലും ഈ ആനയെ പ്രദേശത്തെ തോട്ടങ്ങളില്‍ കാണാന്‍ കഴിയുമായിരുന്നു.