മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തിയ മെത്താംഫെറ്റമിൻ പിടികൂടി; യുവാവ് അറസ്റ്റിൽ
text_fieldsതൃശൂർ: മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 20 ഗ്രാം മെത്താംഫെറ്റമിനുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. എറണാകുളം കടുങ്ങല്ലൂർ കയന്തിക്കര തച്ചവെള്ളത്തിൽ വീട്ടിൽ റിച്ചു റഹ്മാനെയാണ് (34) തൃശൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.കെ. സുധീറും കമീഷണർ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ സി.യു. ഹരീഷും ചേർന്ന സംഘം അറസ്റ്റ് ചെയ്തത്.
തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് ഇയാൾ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ സംശയം തോന്നിയ എക്സൈസ് സംഘം റിച്ചുവിനെ ജില്ല ആശുപത്രിയിൽ എത്തിച്ചു. എക്സ്റേ പരിശോധനയിൽ മലദ്വാരത്തിൽ ലഹരിമരുന്ന് ഒളിപ്പിച്ചതായി സ്ഥിരീകരിച്ചു. തുടർന്ന് സർജറി വിഭാഗം മേധാവി ഡോ. വി.കെ. പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ ലഹരിമരുന്ന് പുറത്തെടുക്കുകയായിരുന്നു.
ബംഗളൂരുവിൽനിന്ന് ആഫ്രിക്കൻ വംശജരിൽനിന്നാണ് ഇയാൾ മെത്താംഫെറ്റമിൻ, എം.ഡി.എം.എ പോലുള്ള ലഹരിവസ്തുക്കൾ വാങ്ങിയിരുന്നത്. ആലുവയിൽ ചില്ലറ വിൽപനക്ക് എത്തിക്കാനായിരുന്നു ശ്രമം. മുമ്പും എറണാകുളത്ത് മയക്കുമരുന്ന് കടത്തിയ കേസിൽ പ്രതിയാണ് റിച്ചു റഹ്മാൻ. പിടിക്കപ്പെടാതിരിക്കാൻ വാഹനങ്ങൾ മാറിമാറി യാത്ര ചെയ്യുന്നതായിരുന്നു പതിവ്.
തൃശൂർ ഈസ്റ്റ് എസ്.എച്ച്.ഒ എം.ജെ. ജിജോയുടെ നേതൃത്വത്തിലാണ് ദേഹപരിശോധന പൂർത്തിയാക്കിയത്. അസി. എക്സൈസ് ഇൻസ്പെക്ടർ വി.എ. ഉമ്മർ, എൻ.ആർ. രാജു, പ്രിവന്റിവ് ഓഫിസർ പി.ബി. സിജോമോൻ, കെ. ലത്തീഫ്, സിവിൽ എക്സൈസ് ഓഫിസർമാരായ ആർ. അരുൺകുമാർ, പി.ആർ. അനൂപ് ദാസ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.