അട്ടപ്പാടി റിപ്പോർട്ട് എം.ജി. രാജമാണിക്യം സമർപ്പിച്ചെന്ന് മന്ത്രി കെ. രാജൻ
text_fieldsറവന്യൂ സെക്രട്ടറി എം.ജി. രാജമാണിക്യം, മുൻ മന്ത്രി എം.കെ. മുനീർ, പാലക്കാട് കലക്ടർ എം.എസ്. മാധവിക്കുട്ടി
തൃശൂർ: റവന്യൂ സെക്രട്ടറി എം.ജി. രാജമാണിക്യം അട്ടപ്പാടിയിലെ ആദിവാസി ഉന്നതികൾ സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ട് സർക്കാരിനെ സമർപ്പിച്ചുവെന്ന് മന്ത്രി കെ. രാജൻ. റിപ്പോർട്ട് സർക്കാർ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം എം.കെ. മുനീന്റെ ചോദ്യത്തിന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.
റവന്യൂ സെക്രട്ടറി ഷോളയൂർ വില്ലേജിലെ വെച്ചപ്പതി, വെള്ളകുളം, മൂലഗംഗൽ തുടങ്ങിയ ആദിവാസി ഊരുകളിലാണ് സന്ദർശനം നടത്തിയത്. ആദിവാസി മഹാസഭയുടെ നേതാവായ ടി.ആർ. ചന്ദ്രനും സാമൂഹ്യപ്രവർത്തകനായ സുകുമാരൻ അട്ടപ്പാടിയും റവന്യൂ സെക്രട്ടറിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സന്ദർശനം നടത്തിയത്. പരാതിയിൽ ചൂണ്ടിക്കാണിച്ച ആദിവാസി ഭൂമി കൈയേറ്റങ്ങൾ യാഥാർഥ്യമാണെന്ന് റവന്യൂ സെക്രട്ടറിക്ക് നേരിട്ട് കണ്ടു.
മൂലഗംഗൽ തുടങ്ങിയ ഊരുകളിൽ വനഭൂമി വരെ ജണ്ടക്ക് അകത്തും പുറത്തും കൈയേറിയിരിക്കുന്നതായി ആദിവാസികൾ റവന്യൂ സെക്രട്ടറിക്ക് കാണിച്ചു കൊടുത്തു. കൊടങ്കരപ്പള്ളം പുഴയുടെ ഉറവകളും അരുവികളുമാണ് ഇവിടെ മണ്ണിട്ട് നികത്തുന്നത്. പലയിടത്തും ഭൂമി കൈയേറി കമ്പിവേലി സ്ഥാപിച്ചിരിക്കുന്നത് റവന്യൂ സെക്രട്ടറി പരിശോധിച്ചു. ആദിവാസികളുമായി റവന്യൂ സെക്രട്ടറി ദീർഘനേരം ഇത് സംബന്ധിച്ച തെളിവെടുപ്പും നടത്തിയിരുന്നു.
അതിനാൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഉണ്ടാകുമെന്നാണ് ആദിവാസികളുടെ പ്രതീക്ഷ. അട്ടപ്പാടിയിലെ ആറ് വില്ലേജുകളിലും സമാനമായ കൈയേറ്റം നടക്കുന്നതായി ആദിവാസികൾ റവന്യൂ സെക്രട്ടറിയോട് പറഞ്ഞിരുന്നു.
ആദിവാസികൾ നേരത്തെ മുഖ്യമന്ത്രിയെ സന്ദർശിച്ച് നൽകിയ പരാതിയെ തുടർന്ന് ആദിവാസി പുനരധിവാസ മിഷൻ (ടി.ആർ.ഡി.എം) ഡയറക്ടർ ഷുമിൻ എസ്. ബാബു മാസങ്ങൾക്കു മുമ്പ് അട്ടപ്പാടി സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സെറ്റിൽമെന്റ് രേഖയുടെ അടിസ്ഥാനത്തിൽ ഭൂമി സർവേ നടത്തി ആദിവാസികൾക്ക് ഭൂരേഖ നൽകണമെന്നാണ് റിപ്പോർട്ടിൽ ശിപാർശ നൽകിയിരുന്നു. ഭൂമികൈയേറ്റം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും റിപ്പോർട്ട് നൽകിയിട്ട് തുടർനടപടി ഉണ്ടായില്ല.
ലാൻഡ് റവന്യൂ മുൻ കമീഷണർ ഡോ. എ. കൗശികന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് കലക്ടറേറ്റിൽ അട്ടപ്പാടിയിലെ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം മെയ് അഞ്ചിന് വിളിച്ചിരുന്നു. ആ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ ഇതുവരെ അപ്രൂവ് ചെയ്തു കൊടുത്തിട്ടില്ല എന്നാണ് കലക്ടറുടെ കാര്യാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്. മിനിറ്റ്സിന്റെ കരട് അംഗീകാരത്തിനായി ലാൻഡ് റവന്യൂ കമീഷണറുടെ കാര്യാലയത്തിലേക്ക് അയച്ചുവെന്നാണ് അറിയിച്ചത്. മിനിറ്റ്സ് അംഗീകരിച്ച് ഇതുവരെ തിരിച്ചു ലഭിച്ചിട്ടില്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതിനാൽ അതിലും തുടർ നടപടിയുണ്ടായിട്ടില്ല.
അതേസമയം, ഭൂമി കൈയേറ്റം തടയണമെന്ന് ആവശ്യപ്പെട്ട് കലക്ടർ എം.എസ്. മാധവിക്കുട്ടിയെ കാണാൻ 24ന് പാലക്കാട് കലക്ടറേറ്റിൽ എത്തുമെന്ന് ആദിവാസികൾ അറിയിച്ചു. ഇതിനെ തുടർന്ന് തിങ്കളാഴ്ച എത്താൻ ടി.ആർ. ചന്ദ്രനെ കലക്ടറുടെ ഓഫിസ് അറിയിച്ചു.