‘ചട്ടലംഘനമുണ്ടായി’; ഡോ. ഹാരിസിന് നോട്ടീസ് നൽകിയത് സ്വാഭാവിക നടപടിയെന്ന് മന്ത്രി വീണാ ജോർജ്
text_fieldsതിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ദുരവസ്ഥ തുറന്നുപറഞ്ഞ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന് കാരണം കാണിക്കല്‍ നോട്ടീസ് നൽകിയത് സ്വാഭാവിക നടപടിയെന്ന് ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ്. പെരുമാറ്റച്ചട്ടം ലംഘിച്ചതായി അന്വേഷണ സമിതി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി. പരസ്യ പ്രതികരണം നടത്തിയത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറാണ് (ഡി.എം.ഇ) കഴിഞ്ഞദിവസം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
“ഡോ. ഹാരിസിന്‍റെ വെളിപ്പെടുത്തലുകളിൽ അന്വേഷണം നടത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഡോക്ടർമാർ ഉൾപ്പെടുന്ന സമിതി രൂപവത്കരിച്ചിരുന്നു. സമിതി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതായി സമിതി കണ്ടെത്തി. അതിന്‍റെ അടിസ്ഥാനത്തിലാണ് ഡോ. ഹാരിസിനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസയച്ചത്. വകുപ്പുതലത്തിലുള്ള സ്വാഭാവിക നടപടിയാണത്.
മെഡിക്കൽ കോളജ് സൂപ്രണ്ടിന്‍റെ പർച്ചേസിങ് പവർ കൂട്ടാൻ കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിലാണ് നിർദേശം. ഇത് എല്ലാ മെഡിക്കൽ കോളജുകളിലും നടപ്പാക്കുന്നത് പരിശോധിക്കാൻ പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ എം.പി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണത്തിന്‍റെ ഒരുഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തി. അതിനെ കുറിച്ച് വകുപ്പ് തലത്തിൽ കൂടുതൽ അന്വേഷണം നടത്തും. കളവ് പോയെന്നാണ് സംശയം. നിലവിൽ സ്വീകരിച്ചിട്ടുള്ള നടപടി ചട്ടപ്രകാരം വകുപ്പുതലത്തിൽ സ്വീകരിക്കേണ്ടത് മാത്രമാണ്” -മന്ത്രി പറഞ്ഞു.
ഉപകരണക്ഷാമം സംബന്ധിച്ച് ഹാരിസ് സമൂഹമാധ്യമത്തില്‍ നടത്തിയ വെളിപ്പെടുത്തല്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഡോക്ടര്‍ നടത്തിയത് ഔദ്യോഗിക ചട്ടലംഘനമാണെന്നും നടപടി വേണ്ടെന്നുമാണു സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ഫയല്‍ നീക്കത്തിലെ കാലതാമസവും അറ്റകുറ്റപ്പണികളിലെ മെല്ലെപ്പോക്കും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹാരിസിനെതിരെ നടപടി ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം ഹാരിസിന്റെ ഭാഗത്തുനിന്നും ഉണ്ടായതായി ബോധ്യപ്പെട്ടുവെന്നും ഇതു സംബന്ധിച്ചു വിശദീകരണം നല്‍കണമെന്നുമാണു നോട്ടീസില്‍ പറയുന്നത്. ഗുരുതര ആരോപണങ്ങളാണ് കാരണം കാണിക്കൽ നോട്ടീസില്‍ ഉള്ളത്. പ്രോബ് എന്ന ഉപകരണം ഡിപ്പാര്‍ട്മെന്റില്‍ ഉണ്ടായിട്ടും ഹാരിസ് ശസ്ത്രക്രിയ മുടക്കിയെന്നാണു വിദഗ്ധസമിതിയുടെ കണ്ടെത്തല്‍. തെറ്റായ കാര്യം പ്രചരിപ്പിച്ചു സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും ഇത് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടലംഘനമാണെന്നും വിവിധ സര്‍ക്കുലറുകളുടെ ഗുരുതര ലംഘനമാണെന്നും നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു.