വിദ്യാഭ്യാസ വകുപ്പിന്‍റെ ചടങ്ങുകൾക്ക് എല്ലാ സ്‌കൂളുകളിലും പൊതുവായ സ്വാഗതഗാനം വേണ്ടേ? അഭിപ്രായം തേടി മന്ത്രി വി.ശിവൻകുട്ടി
text_fieldsവി.ശിവൻകുട്ടി (ഫയൽ ചിത്രം)
പാലക്കാട്: പൊതുവിദ്യാഭ്യാസ വകുപ്പ് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ ചടങ്ങുകളിൽ പൊതുവായ സ്വാഗതഗാനം വേണ്ടേ എന്ന ചോദ്യവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒരേ രൂപത്തിലുള്ള സ്വാഗതഗാനങ്ങളല്ലേ വിദ്യാർഥികളെക്കൊണ്ട് പാടിക്കേണ്ടത്. ചില മത സംഘടനകളുടെ സ്കൂളുകളിൽ പ്രത്യേക വിഭാഗത്തിന്‍റെ പ്രാർഥന നടക്കുന്നുണ്ട്. വിദ്യാർഥിയായതുകൊണ്ട് മാത്രം അത് പാടേണ്ടി വരുന്നു. എല്ലാ സ്കൂളുകളിലും ഒരുപോലെയുള്ള സ്വാഗതഗാനം വരണമെന്നതിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നുവെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
‘പൊതുവിദ്യാഭ്യാസ വകുപ്പ് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ചടങ്ങുകൾ സംഘടിപ്പിക്കുന്നുണ്ട്. ആ ചടങ്ങുകളിൽ ഒരു പൊതുവായ സ്വാഗതഗാനം വേണ്ടേ? അത് ജനാധിപത്യ, മതനിരപേക്ഷ, ശാസ്ത്രചിന്തയുള്ള, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒന്നാകണം. അങ്ങിനെ ഒന്ന് ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള ഒരു ചർച്ച ഇവിടെ തുടങ്ങിവെക്കുകയാണ്. ഒപ്പം സ്‌കൂളുകളിലും ഇക്കാര്യം നടപ്പാക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നു’ -മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പാലക്കാട് സംസ്ഥാന സ്കൂൾ ശാസ്ത്രമേളക്ക് തുടക്കമായ വേളയിലാണ് മന്ത്രി ഇക്കാര്യത്തിൽ അഭിപ്രായം തേടിയതെന്നത് ശ്രദ്ധേയമാണ്.
ശാസ്ത്രോത്സവത്തിൽ മാറ്റുരക്കാൻ 8500 വിദ്യാർഥികൾ
പാലക്കാട്ട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ 14 ജില്ലകളിൽനിന്നായി 8500 വിദ്യാർഥികളാണ് നാലു ദിവസങ്ങളിൽ മാറ്റുരക്കുന്നത്. ശാസ്ത്രം, സാമൂഹികശാസ്ത്രം, ഗണിതശാസ്ത്രം, ഐ.ടി, പ്രവൃത്തിപരിചയം, വി.എച്ച്.എസ്.സി എക്സ്പോ വിഭാഗങ്ങളിലായി നഗരത്തിലെ ആറു വേദികളിലാണ് മത്സരം. ദിവസവും വൈകീട്ട് 3.30 മുതൽ അഞ്ചു വരെ പൊതുജനങ്ങൾക്ക് ശാസ്ത്രോത്സവം കാണാം.
സാമൂഹികശാസ്ത്രമേളയിൽ എല്ലാ ഇനങ്ങളും തത്സമയ മത്സരങ്ങളാക്കി. ഇത്തവണ പുതിയ ചില മത്സരങ്ങൾ ഉൾപ്പെടുത്തുകയും ചിലത് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ചരിത്ര സെമിനാർ എന്ന ഇനം കൂട്ടിച്ചേർത്തു. ചോക്ക്, വോളിബാൾ നെറ്റ്, ചന്ദനത്തിരി, പ്ലാസ്റ്റർ ഓഫ് പാരിസ്, പനയോല ഉൽപന്നങ്ങൾ, തഴയോല ഉൽപന്നങ്ങൾ, കുട എന്നിവയുടെ നിർമാണം മത്സരങ്ങളിൽനിന്ന് ഒഴിവാക്കി. ബാഗ് നിർമാണം, ഫൈബർ ഫാബ്രിക്കേഷൻ, നൂതനാശയ പ്രവർത്തന മോഡൽ, ലോഹത്തകിടിൽ ദ്വിമാന ചിത്രം, പോസ്റ്റർ ഡിസൈനിങ്, പോട്ടറി പെയിന്റിങ്, കവുങ്ങിൻപാള ഉൽപന്നങ്ങൾ, ചൂരൽ ഉൽപന്നങ്ങൾ എന്നിവ പുതുതായി മത്സരത്തിൽ ഉൾപ്പെടുത്തി.


