ഇത് ഒരൊന്നൊന്നര രക്ഷപ്പെടൽ!
text_fieldsറെയിൽവേ ട്രാക്കിൽ ട്രെയിൻ എൻജിനടിയിൽ കുടുങ്ങി കിടക്കുന്ന അരുൺ ഷിൻഡെയും അനന്തനും
ആലുവ: മദ്യപിച്ച് ലക്കുകെട്ട് റെയിൽവേ ട്രാക്കിൽ കുടുങ്ങിയവർ ലോക്കോ പൈലറ്റിന്‍റെ ഇടപെടലിൽ അദ്ഭുതകരമായി രക്ഷപ്പെട്ടു. ആലുവ-തൃശൂർ റൂട്ടിൽ ആലുവ സ്റ്റേഷനും ചൊവ്വര സ്റ്റേഷനും ഇടയിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മഹാരാഷ്ട്ര സ്വദേശികളായ അരുൺ ഷിൻഡെ (25), അനന്തൻ (47) എന്നിവരാണ് കായംകുളം സ്വദേശിയായ ലോക്കോ പൈലറ്റ് അൻവർ ഹുസൈന്‍റെ കരുതലിൽ ട്രെയിൻ എൻജിന്‍റെ അടിയിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
തിരുവനന്തപുരം-കൊൽക്കത്ത ഷാലിമാർ എക്സ്പ്രസ് ആലുവയിൽനിന്ന് യാത്ര തുടർന്ന് പെരിയാറിനടുത്തെത്തിയപ്പോൾ രണ്ടുപേർ ട്രാക്കിൽ നിൽക്കുന്നത് ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തിൽ അൻവർ ഹുസൈൻ കണ്ടു. ഹോൺ അടിച്ചെങ്കിലും ഇവർ ട്രാക്കിൽനിന്ന് മാറിയില്ല. ഇരുവരും നടന്ന് നീങ്ങാനാവാത്ത വിധം, കാലുകൾ ഉറക്കാതെ നിൽക്കുകയാണെന്ന് മനസ്സിലായ ലോക്കോ പൈലറ്റ് ഉടൻ ബ്രേക്കിട്ടു. ആലുവയിൽനിന്ന് എടുത്ത ഉടനെയായതിനാൽ ട്രെയിന് വേഗം കുറവായിരുന്നു. എൻജിൻ 50 മീറ്റർ അടുത്തെത്തിയപ്പോഴേക്കും ഇരുവരും ട്രാക്കിൽ വീണു. ഇവരെ മറികടന്ന് മുകളിലായാണ് എൻജിൻ ഭാഗം നിന്നത്. കോ പൈലറ്റ് സുജിത് സുധാകരൻ ഉടൻ ടോർച്ചുമായി പുറത്തിറങ്ങി നോക്കുമ്പോൾ ഇരുവരും ട്രെയിനിനടിയിൽ സുരക്ഷിതരായി കിടക്കുകയായിരുന്നു. ട്രാക്കിനകത്ത് നീളത്തിൽ കിടന്നതിനാൽ അപകടമുണ്ടായില്ല. ലോക്കോ പൈലറ്റ് നിർദേശിച്ചതനുസരിച്ച് അവർ പുറത്തേക്കിറങ്ങിവന്നു.
ട്രെയിനിനടിയിൽപെടുന്ന രണ്ടുപേർ ഒരു പോറൽപോലും ഏൽക്കാതെ രക്ഷപ്പെടുന്ന സംഭവം അപൂർവമാണെന്ന് ലോക്കോ പൈലറ്റ്മാർ പറഞ്ഞു. ഇരുവർക്കുമെതിരെ കേസെടുത്തതായി റെയിൽവേ പൊലീസ് അറിയിച്ചു.