വിദ്വേഷ പ്രചാരകന്റെ വീട്ടിൽ പോയെന്ന വാദം തള്ളി എം.കെ മുനീർ; 'സോഷ്യൽ മീഡിയയിൽ പറയുന്നവരുടെ പിതാവ് അല്ല തന്റെ പിതാവ്'
text_fieldsഎറണാകുളം: താൻ വിദ്വേഷ പ്രചാരകന്റെ വീട്ടിൽ പോയി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾ തള്ളി എം.കെ മുനീർ. തനിക്ക് അസുഖമായിരുന്ന സമയത്ത് അദ്ദേഹം തന്റെ വീട്ടിലേക്ക് വരികയായിരുന്നുവെന്ന് മുനീർ വ്യക്തമാക്കി. എറണാകുളത്ത് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "വീട്ടിൽ വരുന്നവരെ പടിയടച്ച് പിണ്ഡം വെക്കുന്ന പരിപാടിയൊന്നും ഞങ്ങളുടെ തറവാട്ടിലില്ല," എന്ന് വ്യക്തമാക്കിയ മുനീർ, വിദ്വേഷം ഏത് രീതിയിൽ ആര് പറഞ്ഞാലും അത് വിദ്വേഷം തന്നെയാണെന്നും കൂട്ടിച്ചേർത്തു.
ഫാസിസത്തിനെതിരായ പോരാട്ടത്തെക്കുറിച്ച് തന്നെ ആരും പഠിപ്പിക്കേണ്ടതില്ലെന്നും, ഫാസിസത്തിനെതിരെ പുസ്തകമെഴുതിയ ആളാണ് താനെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സോഷ്യൽ മീഡിയയിൽ തനിക്കെതിരെ പറയുന്നവരോട് പറയാനുള്ളത് അവരുടെ പിതാവ് അല്ല തന്റെ പിതാവ് എന്നാണ് എന്നും എം.കെ മുനീർ പറഞ്ഞു. ബഹ്‌റയിൽ മുസല്ലയിട്ട് നിസ്‌കരിച്ചാലും ആർ.എസ്.എസിനെ വിശ്വസിക്കരുതെന്ന് പറഞ്ഞ പിതാവിന്റെ മകനാണ് താനെന്നും അദ്ദേഹം പറഞ്ഞു.


