Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുവർണനഗരിയിൽ മുനീർ...

സുവർണനഗരിയിൽ മുനീർ പൊരുതി നേടിയത്​ വില​പ്പെട്ട ജയം

text_fields
bookmark_border
MK Muneer
cancel

കോഴിക്കോട്: കൊടുവള്ളിയിൽ ഏറെ വിയർത്താണെങ്കിലും എം.കെ. മുനീർ നേടിയത് പാർട്ടി നേരത്തെ ഉറപ്പിച്ച ജയം. ഇത്തവണ കൊടുവള്ളി പിടിച്ചടക്കിയില്ലെങ്കിൽ നിലനിൽപ് തന്നെ അവതാളത്തിലാവുമെന്ന ബോധ്യത്തിലായിരുന്നു മുസ്​ലിം ലീഗിന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനം. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് മണ്ഡലത്തിൽ രൂപപ്പെട്ട എല്ലാ അസ്വാരസ്യങ്ങളും മാറ്റിവെച്ച് മുനീറിന്‍റെ ജയത്തിനായി അണികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുകയായിരുന്നു കൊടുവള്ളിയിൽ. ഇടതുതരംഗത്തിനിടയിലും 6239 വോട്ടുകൾക്ക്​ കാരാട്ട്​ റസാഖിന്‍റെ വെല്ലുവിളി തകർത്തെറിഞ്ഞാണ്​ മുനീർ വിജയഭേരി മുഴക്കിയത്​. വോ​ട്ടെണ്ണലിന്‍റെ പല ഘട്ടങ്ങളിലും പിന്നിലായെങ്കിലും ഐക്യമുന്നണിക്ക്​ അത്രമേൽ അടിത്തറയുള്ള മണ്ണിൽ വീണുപോവില്ലെന്ന ലീഗിന്‍റെ ആത്​മവിശ്വാസത്തിനു ത​ന്നെയായി ഒടുവിൽ ജയം.

ലീഗുകാരായി ഇവിടെ ജീവിക്കാൻ ഇത്തവണ വിജയം അനിവാര്യമാണ് എന്ന രീതിയിൽ അണികൾ മുഴുവൻ അഭിമാനപോരാട്ടമായാണ്​ കൊടുവള്ളിയിലെ തെരഞ്ഞെടുപ്പിനെ കരുതിയത്​. എതിർ സ്ഥാനാർഥി കാരാട്ട് റസാഖ് ഉയർത്തിയ വെല്ലുവിളികൾ പ്രചാരണത്തിന്‍റെ അവസാനഘട്ടമായപ്പോഴേക്കും മുനീറിന് അതിജയിക്കാനായി. തീർത്തും രാഷ്ട്രീയ വിജയമാണ് കൊടുവള്ളിയിൽ മുനീറിന് ലഭിച്ചത്. സി.എച്ച് മുഹമ്മദ് കോയയുടെ മകനെന്ന വികാരം പ്രചാരണത്തിൽ മുഴച്ചു നിർത്തി.

പാർട്ടിക്കുള്ളിൽ കഴിഞ്ഞ തവണ ഇടഞ്ഞ വോട്ടുകൾ തിരിച്ചു പിടിക്കാനുള്ള ശ്രമം വിജയം കണ്ടു. വെൽെഫയർ പാർട്ടിയുടെ പിന്തുണയും മുനീറിന് ഗുണം ചെയ്തു. വികസനവും നാട്ടുകാരനെന്ന വികാരവും ഉയർത്തിപ്പിടിച്ചായിരുന്നു കാരാട്ട് റസാഖ് അങ്കത്തട്ടിലിറങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിൽ ആദ്യം പങ്കെടുത്ത പ്രചാരണപരിപാടി കൊടുവള്ളിയിലായിരുന്നു.

മുന്നണി പ്രഖ്യാപനം വരുന്നതിന് വളരെ മുമ്പ് തന്നെ എൽ.ഡി.എഫ് സ്ഥാനാർഥി താനാണെന്ന് സ്വയം പ്രഖ്യാപിച്ച് കാരാട്ട് റസാഖ് ഗോദയിലിറങ്ങുകയായിരുന്നു.കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിൽ നിന്ന് കൊടുവള്ളിയിലേക്ക് മാറാൻ മുനീർ തന്നെയാണ് ആദ്യം ചരടുവലി നടത്തിയത്. സൗത്തിനെക്കാൾ സുരക്ഷിതത്വം കൊടുവള്ളിയിൽ തനിക്കുണ്ട് എന്ന് മുനീർ പ്രതീക്ഷിച്ചു. അപ്പോഴേക്കും അവിടെ പ്രാദേശികവാദം ശക്തി പ്രാപിച്ചു.

മണ്ഡലത്തിലുള്ള എം.എ. റസാഖ് മാസ്റ്ററും വി.എം. ഉമ്മറും പ്രകടമായി സ്ഥാനാർഥിത്വത്തിന് മത്സരിക്കുന്ന അവസ്ഥയിലെത്തി. അതിനിടെ മുനീർ സൗത്തിൽ തന്നെ മത്സരിക്കട്ടെയെന്ന് പാർട്ടിയും തീരുമാനിച്ചു. പക്ഷെ, കൊടുവള്ളിയിൽ മറ്റാര് സ്ഥാനാർഥിയായാലും അടിയൊഴുക്കുണ്ടാവുമെന്ന വിലയിരുത്തലും കാരാട്ട് റസാഖിനെ പിടിച്ചുകെട്ടൽ എളുപ്പമാവില്ലെന്ന കണക്കുകൂട്ടലുമാണ് ഒടുവിൽ മുനീറിനെ തന്നെ കൊടുവള്ളിയിലിറക്കാൻ പാർട്ടി തീരുമാനിച്ചത്.

2006ൽ പി.ടി.എ. റഹീമും 2016ൽ കാരാട്ട് റസാഖും ലീഗിൽ നിന്ന് പുറത്തുവന്ന് ഇടതുമുന്നണിെക്കാപ്പം നിന്നാണ് കൊടുവള്ളിയിൽ അട്ടിമറി നടത്തിയത്. രണ്ട് അട്ടിമറികളും ലീഗിന് കടുത്ത പ്രഹരമായി. ലീഗിലെ അസ്വാരസ്യം മുതലെടുക്കുന്ന രാഷ്ട്രീയ നിലപാടാണ് ഇടതുമുന്നണി ഇവിടെ പരീക്ഷിച്ചത്. അതല്ലാത്തൊരു ജയം എൽ.ഡി.എഫിന് വിദൂരസ്വപ്നമായിരുന്നു.

കാരാട്ട് റസാഖിലൂടെ 2016ൽ നേടിയ അട്ടിമറി ജയം ആവർത്തിക്കാൻ എൽ.ഡി.എഫ് അതീവ ജാഗ്രത പുലർത്തിയിരുന്നു. റസാഖിനെ പോലെ മറ്റൊരു നേതാവിനെ ലീഗിൽ നിന്ന് അടർത്തി ഗോദയിലിറക്കാനും എൽ.ഡി.എഫ് നീക്കം നടത്തി. അതൊന്നും പക്ഷെ വിജയിച്ചില്ല. എതിർ പാർട്ടി നേതാക്കളെ അടർത്തിയെടുത്ത്​ കളത്തിലിറക്കി ജയം കൊയ്യുന്ന സി.പി.എമ്മിന്‍റെ കൊടുവള്ളിയിലെ തന്ത്രങ്ങൾ​ക്കേറ്റ പ്രഹരം കൂടിയാണ്​ റസാഖിന്‍റെ തോൽവി.

ലീഗിലെ പ്രമുഖർ പയറ്റിയ മണ്ഡലമാണ് കൊടുവള്ളി. 1957ലും 60ലും മാത്രമാണ് മണ്ഡലം കോൺഗ്രസിന് കിട്ടിയത്. എം. ഗോപാലൻകുട്ടി നായരായിരുന്നു കൊടുവള്ളിയുടെ ആദ്യ രണ്ട് ടേമിലെ എം.എൽ.എ. പിന്നീട് 1965ലും 67ലും 70ലും കൊടുവള്ളി കുന്ദമംഗലം മണ്ഡലത്തിന്‍റെ ഭാഗമായിരുന്നു. 1977 മുതൽ വീണ്ടും മണ്ഡലം നിലവിൽ വന്നു. 1977ൽ ഇ. അഹമ്മദ്, 80ലും 82ലും 91ലും പി.വി. മുഹമ്മദ്, 87-ൽ പി.എം. അബൂബക്കർ, 96ൽ സി. മോയിൻകുട്ടി, 2001ൽ സി. മമ്മുട്ടി, 2011ൽ വി.എം.ഉമ്മർ മാസ്റ്റർ എന്നിവർ ലീഗ് സ്ഥാനാർഥികളായി ജയിച്ചു. 2006ൽ കെ. മുരളീധരനെതിരെ പി.ടി.എ റഹീമും 2016 ൽ എം.എ. റസാഖിനെതിരെ കാരാട്ട് റസാഖും നേടിയ അട്ടിമറി ജയങ്ങളാണ് ഉറച്ച കോട്ടയെന്ന പദവി ലീഗിന് നഷ്ടമാക്കിയത്.

കൊടുവള്ളി മുനിസിപ്പാലിറ്റി, മടവൂർ, നരിക്കുനി, ഓമേശ്ശരി, കിഴേക്കാത്ത്, താമരേശ്ശരി, കട്ടിപ്പാറ പഞ്ചായത്തുകൾ ഉൾപെടുന്നതാണ് നിയോജകമണ്ഡലം. എല്ലാ തദ്ദേശസ്ഥാപനങ്ങളും ഭരിക്കുന്നത് യു.ഡി.എഫ് ആണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ എം.കെ. രാഘവന് മണ്ഡലത്തിൽ 35908 വോട്ടിന്‍റെ ഭൂരിപക്ഷമുണ്ടായിരുന്നു.

Show Full Article
TAGS:Assembly Election 2021 MK Muneer Koduvally UDF 
News Summary - MK Muneer won Koduvally Constituency
Next Story