Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാസങ്ങളുടെ...

മാസങ്ങളുടെ കാത്തിരിപ്പിനറുതി; 41 എ.എം.വി.ഐമാർക്ക് സ്ഥാനക്കയറ്റം

text_fields
bookmark_border
മാസങ്ങളുടെ കാത്തിരിപ്പിനറുതി; 41 എ.എം.വി.ഐമാർക്ക് സ്ഥാനക്കയറ്റം
cancel

കോഴിക്കോട്: നിരന്തര പരാതികൾക്കും നിയമ നടപടികൾക്കും ശേഷം മോട്ടോർ വാഹനവകുപ്പിലെ എ.എം.വി.ഐമാർക്ക് സ്ഥാനക്കയറ്റം. മൂന്നുമാസത്തിനിടെ വിരമിച്ച 15 എം.വി.ഐമാരുടെയും വിവിധ ഓഫിസുകളിൽ പുതുതായി സൃഷ്ടിക്കപ്പെട്ട 26 എം.വി.ഐമാരുടെ പദവികളും ഉൾെപ്പടെ 41 എം.വി.ഐമാരുടെ തസ്തിക സൃഷ്ടിച്ചാണ് 41 എ.എം.വി.ഐമാർക്ക് എം.വി.ഐമാരായി സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്. 48 മണിക്കൂറിനുള്ളിൽ പുതിയ സ്ഥലത്ത് ജോയിൻ ചെയ്യാനാണ് ഉത്തരവിലുള്ളത്. സീനിയർമാരായ എ.എം.വി.ഐമാരുടെ പട്ടികയിൽനിന്നാണ് 41 പേർക്കും സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്.

മാസങ്ങളായി സ്ഥാനക്കയറ്റം വൈകുന്നതുമൂലം പല ഉദ്യോഗസ്ഥർക്കും അവസരം നഷ്ടമാകുകയും വിരമിക്കുന്നതോടെ അർഹരായവർക്കു പോലും സ്ഥാനക്കയറ്റം ലഭിക്കാതെ അവസരം നഷ്ടമാകുന്നതുസംബന്ധിച്ച് മാധ്യമം കഴിഞ്ഞദിവസം വാർത്ത നൽകിയിരുന്നു. സ്വന്തം അപേക്ഷപ്രകാരം 26 എം.വി.ഐമാർക്ക് ഇഷ്ടസ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റം നൽകിയിട്ടുമുണ്ട്. സീനിയർമാരായ 36 എം.വി.ഐമാരെ എൻഫോഴ്സ്മെന്റിൽനിന്ന് ആർ.ടി.ഒ ഓഫിസുകളിലേക്കും സ്ഥലംമാറ്റം നൽകിയിട്ടുണ്ട്.

പുതുതായി സ്ഥാനക്കയറ്റം നൽകിയ 41 എ.എം.വി.ഐമാർക്ക് തുടക്കത്തിൽ എൻഫോഴ്സ്മെന്റ് വിങ്ങിലെ എം.വി.ഐമാരായാണ് നിയമനം. തുടർന്ന് സീനിയോറിറ്റി പ്രകാരം ഓഫിസുകളിലേക്ക് സ്ഥലംമാറ്റം നൽകും. മോട്ടോർ വാഹന വകുപ്പിലെ എം.വി.ഐ, ജോ ആർ.ടി.ഒ, ആർ.ടി.ഒ തസ്തികകൾ മാസങ്ങളായി ഒഴിഞ്ഞുകിടന്നിട്ടും നിയമനം നടക്കാത്തത് വ്യാപക പ്രതിഷേധമുയരുകയും ഉദ്യോഗസ്ഥരുടെ മനോവീര്യംകെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തിരുന്നു. കേരള മോട്ടോർ വാഹന വകുപ്പിലെ പ്രമോഷനുകളും പുതിയ നിയമനങ്ങളും സംബന്ധിച്ച് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ ഉൾപ്പെടെ പരാതി നിലനിൽക്കുന്നതിനാലായിരുന്നു എം.വി.ഐ, ജോയന്റ് ആർ.ടി.ഒ, ആർ.ടി.ഒ തസ്തികകളിലെ നിയമനങ്ങൾ വൈകുന്നത്.

സ്പെഷൽ റൂളുകളിൽ അടുത്തിടെ വരുത്തിയ ഭേദഗതികൾ കാരണം മിനിസ്റ്റീരിയൽ (ഓഫിസ്) ജീവനക്കാരുടെ പ്രമോഷൻ അവസരങ്ങൾ കുറഞ്ഞത് സംബന്ധിച്ചുള്ള തർക്കവും ജോയന്റ് ആർ.ടി.ഒ തസ്തികകളിലേക്ക് എക്സിക്യൂട്ടിവ്, മിനിസ്റ്റീരിയൽ ജീവനക്കാർ തമ്മിലുള്ള പ്രമോഷൻ അനുപാതം സംബന്ധിച്ച് തർക്കവും നിലനിൽക്കുന്നത് നിയമനം വൈകാൻ കാരണമാകുകയാണ്.

Show Full Article
TAGS:Kerala News Kozhikkod AMVI promotion 
News Summary - Months of waiting are over; 41 AMVIs promoted
Next Story