അഞ്ചൽകൊല: ഇങ്ങനെയൊരു മകനില്ലെന്ന് പറയേണ്ടി വന്നു ആ മാതാപിതാക്കൾക്ക്
text_fieldsശ്രീകണ്ഠപുരം (കണ്ണൂർ): വളരെ സൗമ്യനായ വിദ്യാർഥി. അധികമാരോടും സംസാരിക്കാത്ത പ്രകൃതം. കുടുംബത്തിലാണെങ്കിൽ വലിയ ദാരിദ്ര്യം. എന്നിട്ടും സൈനികനായതോടെ കണ്ണൂർ ശ്രീകണ്ഠപുരം കൂട്ടുംമുഖം എള്ളരിഞ്ഞി സ്കൂളിനു സമീപത്തെ പുതുശ്ശേരി രാജേഷ് കൊലപാതകിയായതെങ്ങനെയെന്ന് ആർക്കും വിശ്വസിക്കാനായില്ല.
19 വർഷമായി ബന്ധുക്കളും നാട്ടുകാരും ഇതിനൊരുത്തരം തേടുകയായിരുന്നു. ഒപ്പം, അയാൾ എവിടെയുണ്ടെന്നറിയാനുള്ള ആകാംക്ഷയും. അഞ്ചൽ കൊലയറിഞ്ഞതോടെ, ഇങ്ങനെയൊരു മകനില്ലെന്നുവരെ കൂട്ടുംമുഖത്തെ കണ്ണൻ-മാധവി ദമ്പതിമാർക്ക് പറയേണ്ടി വന്നു.
അത്രയേറെ കഷ്ടതയിലാണ് അവർ രാജേഷിനെയും നാല് സഹോദരങ്ങളെയും വളർത്തിയത്. നിടുങ്ങോം ഗവ.ഹയർ സെക്കൻഡറിയിലായിരുന്നു പഠനം. പിന്നീട് കോൺക്രീറ്റ് പണിക്കിറങ്ങിയത് കുടുംബത്തിലെ ദാരിദ്ര്യം കാരണം. അതിനിടെ സർക്കാർ ജോലിക്ക് ശ്രമവും തുടർന്നു. അപ്രതീക്ഷിതമായി സൈന്യത്തിൽ ജോലി ലഭിച്ചു.
വീട്ടിലേക്ക് കത്തും പണവും മുടങ്ങാതെ അയച്ചു. അതിനിടെ, 2006ലാണ് അഞ്ചൽ കൊല നടക്കുന്നത്. കേസും കൂട്ടവുമായി പൊലീസ് വീട്ടിലെത്തിയപ്പോഴും രാജേഷ് അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു വീട്ടുകാരും നാട്ടുകാരും. ഫോട്ടോ സഹിതം കാര്യങ്ങൾ നിരത്തിയതോടെ വീട്ടുകാർ തകർന്നുപോയി. ബന്ധുക്കളും നാട്ടുകാരുമെല്ലാം ഞെട്ടലിലായി. പിന്നീട് അയാളുടെ ഒരു വിവരവുമില്ലാതെയായി.
പത്താംകോട്ട് റെജിമെന്റില്‍ സൈനികരായിരുന്നു കൊല നടത്തിയ രാജേഷും ദിവിലും. അവിവാഹിതയായ അഞ്ചലിലെ രഞ്ജിനി ദിവിലിൽ നിന്ന് ഗർഭം ധരിച്ച് ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. പിന്നീട് ദിവിലിനെതിരെ യുവതി നിയമപരമായി നീങ്ങിയതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. രഞ്ജിനിയുടെ അമ്മ ശാന്തമ്മ എസ്.ഐ.ടി ആശുപത്രിയില്‍ സര്‍ജറിക്ക് വിധേയമായപ്പോള്‍ ദിവിലിന്റെ സുഹൃത്താണെന്നുപറഞ്ഞ് കണ്ണൂരുകാരനായ രാജേഷ് സമീപിക്കുകയും രഞ്ജിനിയെയും കുഞ്ഞുങ്ങളെയും ദിവിലിനെക്കൊണ്ട് ഏറ്റെടുപ്പിക്കാന്‍ സമ്മർദം ചെലുത്തുമെന്നും അവർക്ക് വാക്കുകൊടുത്തു.
അതേ രാജേഷാണ് ഈ ക്രൂര കൊലപാതകങ്ങളിലെ കൂട്ടുപ്രതിയായത്. രഞ്ജിനിയുടെ വീട്ടുകാരുടെ വിശ്വാസ്യത നേടിയെടുത്ത് വീട്ടില്‍ വരാനുള്ള സാഹചര്യം ഒരുക്കി. രഞ്ജിനിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം 2008ൽ സി.ബി.ഐ ചെന്നൈ യൂനിറ്റ് കേസ് എറ്റെടുത്തു. തുടര്‍ന്ന് 19 വര്‍ഷം സി.ബി.ഐ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ പ്രതികളെ പിടികൂടിയത്.
‘ഭാർഗവീനിലയം’ പോലെ ആ വീട്, സംഭവശേഷം ഇവിടെ ആരും താമസിച്ചിട്ടില്ല
അഞ്ചൽ: 18 വർഷത്തിലേറെയായി അടഞ്ഞുകിടപ്പാണ് ആ വീട്. മുറ്റം കാടുകയറിയും മരച്ചില്ലകൾ വീണ് മേൽക്കൂര പൊട്ടി ചോർന്നൊലിച്ചും ചിതലരിച്ചും കിടക്കുന്നു. 18 വർഷം മുമ്പ് അമ്മയും രണ്ട് പിഞ്ചുകുട്ടികളും അതിദാരുണമായി കൊല്ലപ്പെട്ടത് അഞ്ചൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഏറം കളീലിക്കടയിലെ ഈ വീട്ടിലാണ്. സംഭവശേഷം ഇവിടെ ആരും താമസിച്ചിട്ടില്ല.
2006 ഫെബ്രുവരി 10ന് വെള്ളിയാഴ്ച പകൽ രണ്ടോടെയാണ് ഈ വീട്ടിൽ വാടകക്ക് താമസിക്കുന്ന അലയമൺ രഞ്ജിനി വിലാസത്തിൽ രഞ്ജിനിയെയും (24) 17 ദിവസം പ്രായമായ രണ്ട് ഇരട്ട പെൺകുട്ടികളെയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. സൈനികരായ അലയമൺ കൊച്ചുമടപ്പള്ളിൽ (ചന്ദ്രവിലാസം) വീട്ടിൽ ദിവിൽകുമാർ (21), കണ്ണൂർ തളിപ്പറമ്പ് കൈതപ്പുറം ശ്രീകണ്ഠപുരത്ത് പുതുശ്ശേരി വീട്ടിൽ രാജേഷ് (26) എന്നിവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും ഇരുവരും ഒളിവിൽ പോയി.