സംസ്ഥാനത്ത് കൂടുതൽ പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം 18ൽനിന്ന് 24 ആയി. പൊതുമേഖല സ്ഥാപനങ്ങളുടെ സഞ്ചിത പ്രവർത്തനലാഭം 134.56 കോടി രൂപയായി വർധിച്ചു.
മുൻ സാമ്പത്തികവർഷം രേഖപ്പെടുത്തിയ 76.16 കോടി രൂപയുടെ നഷ്ടം മറികടന്നാണ് ലാഭത്തിലേക്ക് മുന്നേറിയത്. പൊതുമേഖല സ്ഥാപനങ്ങളുടെ മൊത്തം വാർഷിക വിറ്റുവരവിലും വർധനയുണ്ടായി. 4419 കോടിയിൽനിന്ന് 5119.18 കോടിയായി വിറ്റുവരവ് വർധിച്ചു. 15.82 ശതമാനമാണ് വർധന. വ്യവസായ വകുപ്പിന് കീഴിലുള്ള 48 പൊതുമേഖല സ്ഥാപനങ്ങളുടെ പ്രകടനത്തെക്കുറിച്ച് ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫർമേഷൻ തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്വയംഭരണ സ്ഥാപനങ്ങളായ കിൻഫ്രയും കെ.എസ്.ഐ.ഡി.സിയും മികച്ച ലാഭം നേടി. കിൻഫ്ര 88.41 കോടി രൂപയുടെ വരുമാനവും 7.19 കോടി രൂപയുടെ ലാഭവും ഉണ്ടാക്കി. കെ.എസ്.ഐ.ഡി.സി വായ്പ/ഇക്വിറ്റി ഇനങ്ങളിലായി 456.49 കോടി രൂപ വ്യവസായ സ്ഥാപനങ്ങൾക്ക് നൽകി. 61.81 കോടി രൂപയുടെ ലാഭവും നേടി.