ഒരുമിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റിൽ; നേട്ടം കൊയ്ത് ഈ അമ്മയും മകനും
text_fieldsബിന്ദുവും മകൻ വിവേകും
അരീക്കോട്: പി.എസ്.സി പരീക്ഷയിൽ ഒരേസമയം റാങ്ക് ലിസ്റ്റിൽ ഇടംനേടി അമ്മയും മകനും. അരീക്കോട് സൗത്ത് പുത്തലം സ്വദേശി ഒട്ടുപ്പാറ ബിന്ദുവും മകൻ വിവേകുമാണ് അപൂർവ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എൽ.ജി.എസ് റാങ്ക് ലിസ്റ്റിൽ ജില്ലയിൽനിന്ന് ബിന്ദുവിന് 92ാം റാങ്കും എൽ.ഡി.സി ലിസ്റ്റിൽ മകൻ വിവേക് 38ാം റാങ്കുമാണ് നേടിയത്.
ബിന്ദു 11 വർഷമായി അരീക്കോട് മാതക്കോട് അംഗൻവാടി അധ്യാപികയാണ്. 2019 -20 വർഷത്തെ മികച്ച അംഗൻവാടി ടീച്ചർക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. ഏഴു വർഷത്തിനുള്ളിൽ രണ്ടുതവണ എൽ.ഡി.സിയും എൽ.ജി.എസ് പരീക്ഷയും എഴുതിയിരുന്നു. അവസാനം എഴുതിയ എൽ.ജി.എസ് പരീക്ഷയുടെ റാങ്ക് പട്ടികയിലാണ് 41കാരിയായ ഇവർ ഇടംനേടിയത്. ഐ.സി.ഡി.സി സൂപ്രണ്ട് പരീക്ഷയും എഴുതിയിട്ടുണ്ട്.
വിവേകിനും ലക്ഷ്യം സർക്കാർ ജോലിയായിരുന്നു. അമ്മയുടെ നിർദേശത്തെ തുടർന്ന് തയാറെടുപ്പ് ആരംഭിച്ചു. രണ്ടര വർഷത്തെ കഠിന ശ്രമം നടത്തിയാണ് 24കാരനായ വിവേക് റാങ്ക് ലിസ്റ്റിൽ ഇടം നേടിയത്. അമ്മയാണ് നേട്ടത്തിന് കാരണമെന്ന് വിവേക് പറഞ്ഞു. എടപ്പാൾ കെ.എസ്.ആർ.ടി.സി ഡിപ്പോ ജീവനക്കാരനായ ചന്ദ്രനാണ് ബിന്ദുവിന്‍റെ ഭർത്താവ്. മകൾ: ഹൃദ്യ.