കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം: മാതാവ് പിടിയിൽ
text_fieldsശ്രീതു
ബാലരാമപുരം (തിരുവനന്തപുരം): അമ്മാവന് രണ്ടര വയസ്സുകാരിയെ ജീവനോടെ കിണറ്റിലെറിഞ്ഞു കൊന്ന സംഭവത്തില്‍ എട്ടുമാസത്തിനൊടുവിൽ മാതാവ് പിടിയില്‍. ബാലരാമപുരം കോട്ടുകാല്‍കോണം സ്വദേശി ദേവേന്ദുവിന്റെ കൊലപാതകത്തിൽ മാതാവ് ശ്രീതുവിനെ പാലക്കാട് നിന്നാണ് ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 30നാണ് സംഭവം നടന്നത്. വീട്ടില്‍ അമ്മയുടെ അടുത്ത് ഉറങ്ങികിടന്ന കുട്ടിയെ സഹോദരന് ഹരികുമാർ എടുത്തു കൊണ്ടുപോയി കിണറ്റിലെറിഞ്ഞ് കൊന്നെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതിൽ രണ്ടാം പ്രതിയായാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. സംഭവ ദിവസം ഹരികുമാർ അറസ്റ്റിൽ ആയിരുന്നു. തുടര്‍ന്ന് പൊലീസ് നിരവധി തവണ ശ്രീതുവിനെയും സഹോദരനെയും ചോദ്യം ചെയ്തെങ്കിലും കൊലപാതകത്തില്‍ പങ്കില്ലെന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. പിന്നീട് വ്യാജ രേഖകള്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ശ്രീതു അറസ്റ്റിലായിരുന്നു.
ഹരികുമാറിനെ നുണപരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ശ്രീതുവിനെ രണ്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്തത്. ശ്രീതുവുമായി ഹരികുമാര്‍ നടത്തിയ വാട്ട്സ്ആപ് ചാറ്റും മറ്റ് ശാസ്ത്രീയ തെളിവുകളും ലഭിച്ചിട്ടുണ്ട്.
ദേവേന്ദുവിന്റെ കൊലപാതകം ശ്രീതുവിന്റെ ഭര്‍ത്താവ് ശ്രീജിത്തിന്റെ പേരിലാക്കാനുള്ള ശ്രമവും നടന്നിരുന്നു. ശ്രീതുവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ശ്രീജിത്തിനെ വിളിച്ച് വരുത്തിയ ദിവസം കൊലപാതകം നടത്തിയതിന്റെ ലക്ഷ്യമിതാണ് എന്നാണ് പൊലീസ് പറയുന്നത്.
കുട്ടിയെ ഒഴിവാക്കാനാണ് ഇരുവരും ചേര്‍ന്ന് കൊല നടത്തിയതത്രേ. എന്നാല്‍, പ്രതിയെ അറസ്റ്റ് ചെയ്യുമ്പോഴും കൊലയിലേക്ക് നയിച്ച കാരണം വ്യക്തമാക്കാന്‍ കഴിയാതെ പൊലീസ് കുഴങ്ങുന്നുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.


