‘ഗോവിന്ദച്ചാമിയെ വെറുതേ വിടില്ല, വധശിക്ഷയിൽ ഇളവ് നൽകിയത് തെറ്റെന്ന് തെളിഞ്ഞു, ജയിൽ സുരക്ഷിതമല്ല’; രൂക്ഷ വിമർശനവുമായി കൊല്ലപ്പെട്ട സൗമ്യയുടെ മാതാവ്
text_fieldsകോട്ടയം: കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ ജയിൽ വകുപ്പ് അധികൃതർക്കെതിരെ രൂക്ഷ വിമർശനവുമായി കൊല്ലപ്പെട്ട സൗമ്യയുടെ മാതാവ് സുമതി. കണ്ണൂർ ജയിലിൽ യാതൊരു സുരക്ഷയുമില്ലെന്ന ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിലൂടെ വ്യക്തമായെന്ന് സുമതി മാധ്യമങ്ങളോട് പറഞ്ഞു. പുറത്തു നിന്നുള്ള സഹായം ലഭിക്കാതെ വലിയ മതിൽ ചാടാൻ തടവുപുള്ളിക്ക് സാധിക്കില്ലെന്നും സുമതി ചൂണ്ടിക്കാട്ടി.
'എന്‍റെ മകളെ ഇല്ലാതാക്കിയിട്ട് ഗോവിന്ദച്ചാമി പുറത്തുകൂടെ നടക്കില്ല. അവനെ വെറുതേ വിടില്ല. ജയിലിനുള്ളിൽ എല്ലാവിധ സഹായവും ലഭിച്ചിട്ടുണ്ട്. അല്ലാതെ പുറത്തുകടക്കാനാവില്ല. നല്ല തടവുകാരനാണെങ്കിൽ ശിക്ഷ പൂർത്തിയാക്കിയാണ് പുറത്തിറങ്ങേണ്ടിയിരുന്നത്. ജയിൽ ചാടിയ ഗോവിന്ദച്ചാമി ഇതിലും വലിയ കുറ്റങ്ങൾ ചെയ്യില്ലെന്ന് പറയാൻ സാധിക്കില്ല.
കണ്ണൂർ വിട്ടുപോകാനുള്ള സമയം ആയിട്ടില്ല. ഗോവിന്ദച്ചാമിയെ പിടികൂടണം. തൊപ്പിയും വെച്ച് വലിയ ഉദ്യോഗസ്ഥന്മരാണെന്ന് പറഞ്ഞ് നടന്നാൽ പോരാ, തടവുപുള്ളിയെ പിടിച്ചേപറ്റൂ. പൊലീസുകാരോടുള്ള ബഹുമാനം കളയാൻ ഇടവരരുത്.
എന്‍റെ മകളെ അറിയാത്തവർ ഈ നാട്ടിലില്ല. എവിടെ പോയാലും സൗമ്യയുടെ അമ്മയല്ലേ എന്ന് ആളുകൾ ചോദിക്കാറുണ്ട്. സൗമ്യയെ കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിയെ കുട്ടികളടക്കം മറക്കില്ല. ഗോവിന്ദച്ചാമിക്ക് രക്ഷപ്പെടാൻ സാധിക്കില്ല. നാട്ടുകാർ പിടിച്ചു കൊടുക്കും.
ഗോവിന്ദച്ചാമി തൂക്കിക്കൊന്നെങ്കിൽ ജയിൽ ചാട്ടത്തിന് അവസരം ലഭിക്കില്ലായിരുന്നു. ചാകാൻ അർഹതപ്പെട്ടവനാണ്. എത്ര പെൺകുട്ടികളെ ഇല്ലാതാക്കിയിട്ട് പുല്ലുപോലെ ഇറങ്ങിപ്പോന്നു. സൗമ്യ കൊല്ലപ്പെട്ടിട്ട് 15 വർഷമായി. ഇന്ന് രാവിലെയും ഗോവിന്ദച്ചാമിയെ കുറിച്ച് ഓർത്തതാണ്. വധശിക്ഷയിൽ ഇളവ് നൽകിയത് തെറ്റാണെന്ന് ജയിൽ ചാട്ടത്തിലൂടെ തെളിഞ്ഞു' - സുമതി ചൂണ്ടിക്കാട്ടി.
കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെ ഇന്ന് പുലർച്ചെ 1.15ഓടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. രാവിലെ ജയിൽ അധികൃതർ സെൽ പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടതായി അറിയുന്നത്.
സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാണ് ഇയാൾ പുറത്തെത്തിയത്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി വടമുണ്ടാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങ്ങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഗോവിന്ദച്ചാമി മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു.
2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളജിൽവച്ച് സൗമ്യ മരിച്ചു.
കോളിളക്കം സൃഷ്ടിച്ച കേസിൽ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിലെടുത്ത് വധശിക്ഷ സുപ്രീംകോടതി 2016ൽ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു.