മോട്ടോർ വാഹന വകുപ്പിലെ ജോ.ആർ.ടി.ഒ, ആർ.ടി.ഒ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു
text_fieldsകോഴിക്കോട്: മോട്ടോർ വാഹന വകുപ്പിലെ ജോ. ആർ.ടി.ഒ, ആർ.ടി.ഒ തസ്തികകൾ മാസങ്ങളായി ഒഴിഞ്ഞുകിടന്നിട്ടും നിയമനം നടക്കുന്നില്ല. വകുപ്പിലെ പ്രമോഷനുകളും പുതിയ നിയമനങ്ങളും സംബന്ധിച്ച് തർക്കങ്ങളും മാറ്റങ്ങളും നിലനിൽക്കുന്നതിനാലാണ് നിയമനങ്ങൾ വൈകുന്നത്. സ്പെഷൽ റൂളുകളിൽ അടുത്തിടെ വരുത്തിയ ഭേദഗതികൾ കാരണം മിനിസ്റ്റീരിയൽ (ഓഫിസ്) ജീവനക്കാരുടെ പ്രമോഷൻ അവസരങ്ങൾ കുറഞ്ഞത് സംബന്ധിച്ചുള്ള തർക്കവും ജോ. ആർ.ടി.ഒ തസ്തികകളിലേക്ക് എക്സിക്യൂട്ടിവ്, മിനിസ്റ്റീരിയൽ ജീവനക്കാർ തമ്മിലുള്ള പ്രമോഷൻ അനുപാതം സംബന്ധിച്ച തർക്കവുമാണ് നിയമനം വൈകാൻ കാരണം.
മോട്ടോർ വാഹന വകുപ്പ് പ്രവർത്തനം താളം തെറ്റിയിട്ടും ഡിപ്പാർട്ട്മെന്റ് പ്രമോഷൻ കൗൺസിൽ ചേരാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. 70ഓളം എം.വി.ഐമാരുടെയും ആർ.ടി.ഒ, ജോ. ആർ.ടി.ഒമാരുടെയും സ്ഥാനക്കയറ്റം നൽകാത്തതാണ് വകുപ്പ് പ്രവർത്തനം പ്രതിസന്ധിയിലാക്കുന്നത്. സ്ഥാനക്കയറ്റം നൽകേണ്ട ഡിപ്പാർട്ട്മെന്റ് പ്രമോഷൻ കൗൺസിൽ (ഡി.പി.സി) മാസങ്ങളായി ചേരാത്തതിനാലാണ് വകുപ്പ് ഉദ്യോഗസ്ഥരെയും ജനങ്ങളെയും ബാധിക്കുന്ന തരത്തിലേക്ക് പ്രതിസന്ധി നീളുന്നത്.
മിനിസ്റ്റീരിയൽ സ്റ്റാഫിലെ സൂപ്രണ്ടുമാർക്ക് ജോ ആർ.ടി.ഒമാരായി പ്രമോഷൻ നൽകുന്നതിന് ഓട്ടോമൊബൈൽ എൻജിനീയറിങ് ബിരുദം നിർബന്ധമാക്കിയിരുന്നു. പലരും പരീക്ഷ ഫലം കാത്തിരിക്കുന്നതിനാൽ ഇവരെക്കൂടി ഉൾക്കൊള്ളിക്കാൻ ജോ. ആർ.ടി.ഒ, ആർ.ടി.ഒ നിയമനം വൈകിപ്പിക്കുകയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതിനാൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗത്തിൽ നിന്ന് താൽക്കാലികമായി ഉദ്യോഗസ്ഥരെ കുറഞ്ഞ ദിവസങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിൽ രണ്ടിനായിരുന്നു മാസങ്ങൾക്കുശേഷം ഡി.പി.സി ചേരാനിരുന്നത്. യോഗത്തിൽ പങ്കെടുക്കേണ്ട പ്രധാന ഉദ്യോഗസ്ഥൻ അവധിയായതിനെത്തുടർന്ന് മാറ്റിവെച്ചു. സ്ഥാനക്കയറ്റത്തിലൂടെ ഉദ്യോഗസ്ഥരെത്തി വകുപ്പ് പ്രവർത്തനം സാധാരണഗതിയിലാകുമെന്ന പ്രതീക്ഷക്കും ഇതോടെ തിരിച്ചടിയേറ്റു. കൃത്യമായ ഇടവേ ളകളിൽ ഡി.പി.സി ചേരുന്നത് അനിശ്ചിതത്വത്തിലായതോടെ പല ഉദ്യോഗസ്ഥർക്കും സ്ഥാനക്കയറ്റം ലഭിക്കാതെ വിരമിക്കേണ്ട അവസ്ഥയും സംജാതമായിരിക്കുകയാണ്.


