എം.ആര്. അജിത്കുമാറിനെ പൊലീസിൽനിന്ന് മാറ്റി; പുതിയ ചുമതല എക്സൈസ് കമീഷണർ
text_fieldsതിരുവനന്തപുരം: ശബരിമലയിലെ ട്രാക്ടർ യാത്ര വിവാദത്തിൽ കുരുക്കിലായ ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ നടപടി. പൊലീസ് സേനയുടെ ചുമതലയിൽനിന്ന് എക്സൈസ് കമീഷണർ പദവിയിലേക്ക് മാറ്റി നിയമിച്ച് സർക്കാർ ഉത്തരവിറങ്ങി. നിലവിലെ എക്സൈസ് കമീഷണർ മഹിപാൽ യാദവ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അവധിയിൽ പോയ ഒഴിവിലേക്കാണ് അജിത്കുമാറിനെ മാറ്റിയത്.
ബറ്റാലിയനിൽനിന്ന് മാറ്റിയ കാര്യം സർക്കാർ ഹൈകോടതിയെ അറിയിക്കും. ശബരിമലയിലേക്കുള്ള ട്രാക്ടര്‍ യാത്രയില്‍ അജിത് കുമാറിന് വീഴ്ചയുണ്ടെന്ന് സമ്മതിച്ച് സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ ഈ മാസം 21ന് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ നടപടി സേനക്ക് അവമതിപ്പുണ്ടാക്കിയെന്നും വിഷയത്തിൽ സർക്കാറിന് ഉചിത നടപടി സ്വീകരിക്കാമെന്നുമായിരുന്നു റിപ്പോർട്ട്.
ഈ മാസം 12ന് രാത്രിയാണ് എം.ആര്. അജിത് കുമാർ ട്രാക്ടറിൽ സന്നിധാനത്ത് എത്തി ദർശനം നടത്തിയത്. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂവെന്ന കോടതി ഉത്തരവാണ് ലംഘിച്ചത്. വിഷയം ശ്രദ്ധയിൽപെട്ട ഹൈകോടതി രൂക്ഷ വിമർശനമാണ് എ.ഡി.ജി.പിക്കെതിരെ നടത്തിയത്. അജിത് കുമാറിനെ സംരക്ഷിക്കാൻ ഡ്രൈവറെ പ്രതിയാക്കിയാണ് പമ്പ പൊലീസ് കേസെടുത്തത്.