'ശത്രു ആരാണെന്ന് കൃത്യമായ ബോധ്യമുള്ളവരാവണം നമ്മൾ, എസ്.എഫ്.ഐ സംസ്കാരമല്ല വേണ്ടത്, രാഹുൽ ഗാന്ധിയും പാണക്കാട് സയ്യിദരുമൊക്കെ പകർന്നതാകണം കാഴ്ചപ്പാട്'; പി.കെ.നവാസ്
text_fieldsകോഴിക്കോട്: സി.പി.ഐയുടെ വിദ്യാർഥി സംഘടനയെ കിട്ടുന്നിടത്തെല്ലാം തല്ലുന്ന എസ്.എഫ്.ഐ സംസ്കാരത്തിലേക്ക് യു.ഡി.എസ്.എഫ് പ്രവർത്തകർ പോകരുതെന്നും രാഹുൽ ഗാന്ധിയും പാണക്കാട് സയ്യിദരുമൊക്കെ പകർന്നു നൽകുന്ന വിശാല കാഴ്ചപ്പാടിലേക്കാണ് പ്രവർത്തകർ കടന്നുവരേണ്ടതെന്നും പി.കെ.നവാസ് പറഞ്ഞു.
മൂന്നാം തവണയും കാലിക്കറ്റ് യൂനിവേഴ്സിറ്റി നിഷ്പ്രയാസം എം.എസ്.എഫ്-കെ.എസ്.യു മുന്നണിക്ക് ഭരിക്കാൻ കഴിയുന്ന സന്തോഷകരമായ വിദ്യാർഥി വിധിയാണ് ഇന്ന് ഉണ്ടായത്. പക്ഷെ, ഇത്തരം സമീപനങ്ങൾ വിജയങ്ങളുടെ നിറം കെടുത്തുമെന്നും നവാസ് മുന്നറിയിപ്പ് നൽകി.
എം.എസ്.എഫിന്റെ കുത്തകയായിരുന്ന കൊടുവള്ളി കെ.എം.ഒ കോളജ് യൂനിയന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് ‘എം.എസ്.എഫ്. തോറ്റു, മതേതരത്വം ജയിച്ചു’ എന്നെഴുതിയ ബാനറുമായി കെ.എസ്.യു ആഹ്ലാദ പ്രകടനം നടത്തിയത്.
ലീഗിന് ശക്തമായ വേരോട്ടമുള്ള കൊടുവള്ളിയിലെ കെ.എം.ഒ കോളജില്‍ വര്‍ഷങ്ങളായി എം.എസ്.എഫായിരുന്നു യൂണിയന്‍ ഭരിച്ചിരുന്നത്. ഇത്തവണ തെരഞ്ഞെടുപ്പിൽ എംഎസ്എഫ്- കെഎസ്‌യു തമ്മിലായിരുന്നു മത്സരം. ജനറൽ സീറ്റുകളിൽ എട്ടും കെഎസ്‌യു വിജയിച്ചു.
അതിനിടെ, മുട്ടിൽ ഡബ്ല്യു.എം.ഒ കോളജിൽ എംഎൽഎമാർക്ക് എതിരെ ബാനറുമായി എം.എസ്.എഫ് രംഗത്തെത്തി. ടി. സിദ്ദീഖിനും ഐ.സി. ബാലകൃഷ്ണനും എതിരെയാണ് ബാനർ ഉയർത്തിയത്. ‘‘കേശു കുഞ്ഞുങ്ങളെ നിലക്കുനിർത്തിയില്ലേൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നിയമസഭ കാണാമെന്ന് മോഹിക്കേണ്ട’’ എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിയാണ് എം.എസ്.എഫ് പ്രകടനം നടത്തിയത്. മുട്ടിൽ കോളജിൽ എം.എസ്.എഫ് ആണ് വിജയിച്ചത്. മറ്റു കോളജുകളിൽ മുന്നണി ധാരണ ലംഘിച്ച് എംഎസ്എഫ് സ്ഥാനാർഥികളെ കെ.എസ്.യു പരാജയപ്പെടുത്തിയെന്നാണ് ആക്ഷേപം.
പി.കെ.നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
"മൂന്നാം തവണയും കാലിക്കറ്റ് യൂണിവേഴ്സിറ്റി നിഷ്പ്രയാസം എം.എസ്.എഫ്-കെ.എസ്.യു മുന്നണിക്ക് ഭരിക്കാൻ കഴിയുന്ന സന്തോഷകരമായ വിദ്യാർഥി വിധിയാണ് ഇന്ന് ഉണ്ടായത്. പക്ഷെ ഇത്തരം രാഷ്ട്രീയ സമീപനങ്ങൾക്ക് വിജയങ്ങളുടെ നിറം കെടുത്തും, യു.ഡി.എസ്.എഫ് പ്രവർത്തകർ ഇത്തരം പ്രവർത്തനങ്ങൾക്ക് മുതിരരുത്.
സ്വന്തം മുന്നണിയിലെ സി.പി.ഐയുടെ വിദ്യാർഥി സംഘടനയെ കിട്ടുന്നിടത്തെല്ലാം തല്ലി മെതിക്കുന്ന എസ്.എഫ്.ഐ സംസ്കാരത്തിലേക്കല്ല, രാഹുൽ ഗാന്ധിയും പാണക്കാട് സയ്യിദരുമൊക്കെ പകർന്നു നൽകുന്ന വിശാല കാഴ്ചപ്പാടിലേക്കാണ് പ്രവർത്തകർ കടന്നുവരേണ്ടത്.
നമ്മൾ ഒരുമിച്ചും, ഒറ്റക്കും, നേർക്കുനേരും, മത്സരിക്കുന്ന നിരവധി ക്യാമ്പസുകൾ ഉണ്ട്. അവയെല്ലാം പ്രാദേശികമായ സാഹചര്യങ്ങൾക്കനുസരിച്ച് കാലാകാലങ്ങളിലായി സംഭവിക്കാറുമുണ്ട്. അവകൾ അവിടുത്തെ മതിൽ കെട്ടിൽ തീരേണ്ടതാണ്.
ശത്രു ആരാണെന്ന് കൃത്യമായ ബോധ്യമുള്ളവരാവണം നമ്മൾ , ആ ബോധ്യം കൊണ്ടാണ് സാധ്യമാകുന്ന ഇടങ്ങളിലെല്ലാം നമ്മൾ ഒന്നിച്ച് നിന്നുകൊണ്ട് ക്യാമ്പസുകളിലെ ഏകാധിപതികളായ വർഗ്ഗീയത കൊണ്ട് കുളംകലക്കുന്ന സംഘത്തെ നമുക്ക് പടിക്ക് പുറത്താക്കാൻ കഴിയുന്നത്.
ശത്രുക്കൾ കിനാവ് കാണുന്നതിനല്ല കേരളത്തിലെ വിദ്യാർഥി സമൂഹത്തിന്റെ കിനാവുകൾക്ക് നിറം നൽകാനാണ് നമ്മൾ പരിശ്രമിക്കേണ്ടത്. തിരുത്തേണ്ടത് തിരുത്തിയും മാറ്റം വരേണ്ടത് മാറ്റം വരുത്തിയും നമുക്ക് മുന്നോട്ട് പോകാം. ഇന്ന് നേടിയ ഐതിഹാസിക വിജയത്തിന്റെ നിറം കെടുത്തുന്ന ഇത്തരം പ്രവർത്തികളിൽ നിന്ന് ഉത്തരവാദപ്പെട്ട പ്രവർത്തകർ മാറിനിൽക്കേണ്ടതാണ്."