Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.ടി വായിച്ചത് 20...

എം.ടി വായിച്ചത് 20 വർഷം മുമ്പ് എഴുതിയ ലേഖനം: കൂട്ടിച്ചേർത്തത് ഈ വാചകങ്ങൾ മാത്രം

text_fields
bookmark_border
എം.ടി വായിച്ചത് 20 വർഷം മുമ്പ് എഴുതിയ ലേഖനം: കൂട്ടിച്ചേർത്തത് ഈ വാചകങ്ങൾ മാത്രം
cancel

കോഴിക്കോട്: കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിൽ രാഷ്ട്രീയ വിമർശനത്തിന് സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ ഉപയോഗിച്ചത് 20 വർഷം മുമ്പ് അദ്ദേഹം തന്നെ എഴുതിയ ലേഖനം. ‘ചരിത്രപരമായ ഒരാവശ്യം’ എന്ന തലക്കെട്ടിൽ 2003ൽ എഴുതിയ ലേഖനം തുടക്കം മുതൽ ഒടുക്കംവരെ അതേപടി അവതരിപ്പിക്കുകയാണ് എം.ടി ചെയ്തത്. കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘തെരഞ്ഞെടുത്ത ലേഖനങ്ങൾ’ എന്ന എം.ടിയുടെ പുസ്തകത്തിൽ ഈ ലേഖനം ഉൾപ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയാണ് എം.ടി പ്രസംഗിച്ചത്. ഇതിന്റെ തുടക്കത്തിലും ഉപസംഹാരത്തിലും പറഞ്ഞ ഏതാനും വാക്കുകൾ ഒഴിച്ച് ബാക്കി മുഴുവനും 2003ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഉള്ളതാണ്.

‘‘ഈ സാഹിത്യോത്സവത്തിന്‍റെ ആദ്യ വര്‍ഷം ഞാന്‍ പങ്കെടുത്തിരുന്നു. ഇത് ഏഴാമത്തെ വര്‍ഷമാണെന്ന് അറിയുന്നു. സന്തോഷം. ചരിത്രപരമായ ഒരാവശ്യത്തെ കുറിച്ച് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു’ എന്നു പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. തുടർന്ന് ലേഖനം വാക്കുകൾ പോലും വ്യത്യാസമില്ലാതെ പൂർണരൂപത്തിൽ വായിച്ചു. ശേഷം ‘ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്ന് പ്രത്യാശിച്ചുകൊണ്ട് എന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു’ എന്നു പറഞ്ഞു പ്രസംഗം ഉപസംഹരിച്ചു.







എം.ടിയുടെ പ്രസംഗത്തിന്‍റെ പൂർണരൂപം...

ഈ സാഹിത്യോത്സവത്തിന്‍റെ ആദ്യ വര്‍ഷം ഞാന്‍ പങ്കെടുത്തിരുന്നു. ഇത് ഏഴാമത്തെ വര്‍ഷമാണെന്ന് അറിയുന്നു. സന്തോഷം. ചരിത്രപരമായ ഒരാവശ്യത്തെ കുറിച്ച് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് വളരെ കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങള്‍ക്ക് പലപ്പോഴും അര്‍ഹിക്കുന്ന വ്യക്തികളുടെ അഭാവം എന്ന ഒഴുക്കന്‍ മറുപടി കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരംഗീകൃത മാര്‍ഗ്ഗമാണ്. എവിടെയും അധികാരമെന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആവാം. അസംബ്ലിയിലോ പാര്‍ലമെന്‍റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാല്‍ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണ്. അധികാരമെന്നാല്‍, ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള്‍ കുഴിവെട്ടി മൂടി.

ഐതിഹാസിക വിപ്ലവത്തിലൂടെ സാറിസ്റ്റ് ഭരണത്തെ നീക്കിയ റഷ്യയിലും പഴയ സേവന സിദ്ധാന്തം വിസ്മരിക്കപ്പെട്ടു. അവിടെ ശിഥിലീകരണം സംഭവിക്കാന്‍ പോകുന്നു എന്ന് ഫ്രോയിഡിന്‍റെ ശിഷ്യനും മനഃശാസ്ത്രജ്ഞനും മാര്‍ക്‌സിയന്‍ തത്വചിന്തകനുമായിരുന്ന വില്‍ഹെം റീഹ് 1944- ല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ശിഥിലീകരണത്തിന്‍റെ കാര്യകാരണങ്ങളെ അപഗ്രഥിക്കുക എന്നതാണ് അതിനെ നിഷേധിച്ച് ഇല്ലെന്ന് സങ്കല്ലിക്കുന്നതിനു പകരം ജാഗ്രതയോടെ ചെയ്യേണ്ടതെന്ന് റീഹ് വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചു. വ്യവസായം സംസ്‌കാരം ശാസ്ത്രം എന്നീ മേഖലകളുടെ പ്രവര്‍ത്തനത്തെ അമിതാധികാരമുള്ള മാനേജമെന്‍റുകളെ ഏല്‍പ്പിക്കുമ്പോള്‍ അപചയത്തിന്‍റെ തുടക്കം കുറിക്കുമെന്ന് അദ്ദേഹം അപായസൂചന നല്‍കി.

വിപ്ലവത്തില്‍ പങ്കെടുത്ത ജനാവലി ആള്‍ക്കൂട്ടമായിരുന്നു. ഈ ആള്‍ക്കൂട്ടങ്ങളെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം. പടയാളികളുമാക്കാം. ആള്‍ക്കൂട്ടം ഉത്തരവാദിത്തമുള്ള ഒരു സമൂഹമായി മാറുകയും സ്വയം കരുത്ത് നേടി സ്വാതന്ത്യം ആര്‍ജ്ജിക്കുകയും വേണം. ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഓദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം. ആള്‍ക്കൂട്ടം സമൂഹമായി മാറണമെന്നും എങ്കിലേ റഷ്യയ്ക്ക് നിലനില്‍പ്പുള്ളൂ എന്നും റീഹിനേക്കാള്‍ മുന്‍പ് രണ്ടു പേര്‍ റഷ്യയില്‍ പ്രഖ്യാപിച്ചു - എഴുത്തുകാരായ ഗോര്‍ക്കിയും ചെഖോവും.

തിന്മകളുടെ മുഴുവന്‍ ഉത്തരവാദിത്തവും സാറിസ്റ്റ് വാഴ്ചയുടെ മേല്‍ കെട്ടിവച്ച് പൊള്ളയായ പ്രശംസകള്‍ നല്‍കിയും, നേട്ടങ്ങളെ പെരുപ്പിച്ച് കാണിച്ചും ആള്‍ക്കൂട്ടത്തെ തൃപ്തിപ്പെടുത്തുന്നതിന് അവര്‍ എതിരായിരുന്നു. സ്വാതന്ത്ര്യത്തിന്‍റെ പ്രകാശം ഉള്ളിലേന്തുന്ന ഒരു റഷ്യന്‍ സമൂഹമാണ് അവര്‍ സ്വപ്നം കണ്ടത്. ഭരണകൂടം കൈയടക്കുക എന്നതുമാത്രമാണ് വിപ്ലവത്തിന്‍റെ ലക്ഷ്യമെന്ന് മാര്‍ക്‌സ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അവര്‍ ഓര്‍മിപ്പിച്ചു.

സമൂഹമായി റഷ്യന്‍ ജനങ്ങള്‍ മാറണമെങ്കിലോ? ചെഖോവിന്‍റെ വാക്കുകള്‍ ഗോര്‍ക്കി ഉദ്ധരിക്കുന്നു: 'റഷ്യക്കാരന്‍ ഒരു വിചിത്ര ജീവിയാണ്. അവന്‍ ഒരീച്ചപോലെയാണ്. ഒന്നും അധികം പിടിച്ചു നിര്‍ത്താന്‍ അവനാവില്ല. ഒരാള്‍ക്ക് ഒരു നല്ല ജീവിതം വേണമെങ്കില്‍ അധ്വാനിക്കണം. സ്‌നേഹത്തോടെയും വിശ്വാസത്തോടെയുമുള്ള അധ്വാനം. അത് നമുക്ക് ചെയ്യാനറിയില്ല. വാസ്തുശില്പി രണ്ടോ മൂന്നോ നല്ല വീടുകള്‍ പണിതു കഴിഞ്ഞാല്‍ ശേഷിച്ച ജീവിതകാലം തീയേറ്റര്‍ പരിസരത്തു ചുറ്റിത്തിരിഞ്ഞു കഴിക്കുന്നു. ഡോക്ടര്‍ പ്രാക്ടീസ് ഉറപ്പിച്ചു കഴിഞ്ഞാല്‍ സയന്‍സുമായി ബന്ധം വിടര്‍ത്തുന്നു. സ്വന്തം ജോലിയുടെ പ്രാധാന്യത്തെപ്പറ്റി ബോധമുള്ള ഒരു ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥനെയും ഞാന്‍ കണ്ടിട്ടില്ല. ഒരു വിജയകരമായ ഡിഫെന്‍സ് നടത്തി പ്രശസ്തനായിക്കഴിഞ്ഞാല്‍ പിന്നെ സത്യത്തെ ഡിഫെന്‍ഡ് ചെയ്യാനുള്ള മനഃസ്ഥിതിയില്ല അഭിഭാഷകന്.'

1957-ല്‍ ബാലറ്റ് പെട്ടിയിലൂടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു. അതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തില്‍ എത്തിപ്പെട്ടവരുണ്ടാവാം. അത് ഒരാരംഭമാണെന്നും, ജാഥ നയിച്ചും മൈതാനങ്ങളില്‍ ഇരമ്പിക്കൂടിയും വോട്ടുപെട്ടികള്‍ നിറച്ചും സഹായിച്ച ആള്‍ക്കൂട്ടത്തെ, ഉത്തരവാദിത്തമുള്ള ഒരു സമൂഹമാക്കി മാറ്റിയെടുക്കാനുള്ള ഒരു മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതുകൊണ്ടാണ് ഇ.എം.എസ് സമാരാധ്യനാവുന്നത്; മഹാനായ നേതാവാവുന്നത്.

അധികാര വികേന്ദ്രീകരണത്തിലൂടെ സമൂഹത്തിന്റെ പങ്കാളിത്തത്തെപ്പറ്റി ചിന്തിക്കുമ്പോഴും, അദ്ദേഹത്തിന് കേരളത്തെപ്പറ്റി, മലയാളിയുടെ മാതൃഭൂമിയെപ്പറ്റി സമഗ്രമായ ഉത്കണ്ഠയുണ്ടായിരുന്നു. ഭാഷ, സാഹിത്യം, സംസ്‌കാരം എന്നിവയെപ്പറ്റി നിരന്തരം ചിന്തിച്ചു കൊണ്ടിരുന്നു. സമൂഹത്തിന്റെ പണിത്തരവും പണിയായുധവും ഭാഷയാണെന്നു വിശ്വാസമുള്ളതുകൊണ്ടാണ് അദ്ദേഹം മലയാളത്തിന്റെ തനിമയും ചാരുതയും ലാളിത്യവും നിലനിര്‍ത്തണമെന്ന് ശഠിച്ചുകൊണ്ടിരുന്നത്.

സാഹിത്യ സമീപനങ്ങളില്‍ തങ്ങള്‍ക്ക് തെറ്റുപറ്റി എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ചിലര്‍ പരിഹസിച്ചു. അദ്ദേഹത്തിന്റെ ആദ്യകാല സാഹിത്യ സിദ്ധാന്തങ്ങളോട് ഒരിക്കലും എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. പക്ഷെ തെറ്റുപറ്റി എന്ന് തോന്നിയാല്‍ അത് സമ്മതിക്കുക എന്നത് നമ്മുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക ജീവിതമണ്ഡലങ്ങളില്‍ ഒരു മഹാരഥനും ഇവിടെ പതിവില്ല. അഹംബോധത്തെ കീഴടക്കി പരബോധത്തിന്റെ പ്രാധാന്യം അംഗീകരിക്കുക എന്ന ലക്ഷ്യമാണ് ഞാനിവിടെ കാണുന്നത്. എതിരഭിപ്രായക്കാരെ നേരിടാന്‍ പറ്റിയ വാദമുഖങ്ങള്‍ തിരയുന്നതിനിടക്ക്, സ്വന്തം വീക്ഷണം രൂപപ്പെടുത്താനുള്ള തുടക്കമിടാന്‍ കഴിഞ്ഞു എന്ന് ഇ.എം.എസ് പറയുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടുന്നു. രൂപപ്പെടുത്തി എന്നല്ല പറയുന്നത്, രൂപപ്പെടുത്താനുള്ള തുടക്കമിടുന്നു എന്നാണ്. ഇ.എം.എസ്സിന് ഒരിക്കലും അന്വേഷണം അവസാനിക്കുന്നില്ല.

സമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും വികാസത്തെയും പറ്റി എന്നോ രൂപംകൊണ്ട ചില പ്രമാണങ്ങളില്‍ത്തന്നെ മുറുകെ പിടിക്കുന്നവരെ കാലം പിന്തള്ളുന്നു. മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ സ്വാതന്ത്ര്യ സങ്കല്‍പ്പങ്ങള്‍ നിരന്തരമായ വിശകലനത്തിനും തിരുത്തലിനും വിധേയമാക്കേണ്ടി വരുന്നു. എന്റെ പരിമിതമായ കാഴ്ചപ്പാടില്‍, നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കല്പത്തെ മാറ്റിയെടുക്കാനാണ് ഇ.എം.എസ് എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അത് കൊണ്ട് തന്നെ.

കാലം സമൂഹത്തെ എത്തിക്കുന്ന ചില അവസ്ഥകളില്‍ ചില നിമിത്തങ്ങളായി ചിലര്‍ നേതൃത്വത്തിലെത്തുന്നു. ഉത്തരവാദിത്തത്തെ ഭയത്തോടെയല്ലാതെ ആദരവോടെ സ്വീകരിച്ച്, എല്ലാ വിധത്തിലുമുള്ള അടിച്ചമര്‍ത്തലുകളില്‍ നിന്ന് മോചനം നേടാന്‍ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കുന്ന ഒരു നേതാവിന് എന്നും പുതിയ പഥങ്ങളിലേക്ക് ചിന്തയും പുതിയ ചക്രവാളങ്ങളിലേക്ക് വീക്ഷണവും അയച്ചു കൊണ്ടേയിരിക്കണം. അപ്പോള്‍ നേതാവ്, ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകതയായി മാറുന്നു. അതായിരുന്നു ഇ.എം.എസ്. ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്ന് പ്രത്യാശിച്ചുകൊണ്ട് എന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു.

Show Full Article
TAGS:MT vasudevan nair klf 
News Summary - MT vasudevan nair read the article written 20 years ago
Next Story