മൊഞ്ചായി മുഹ്സിൻ
text_fieldsമോഹൻ ചരപ്പറമ്പിൽ
പട്ടാമ്പി: 2016ലെ ഭൂരിപക്ഷം രണ്ടര മടങ്ങിലേറെ വർധിപ്പിച്ച് മിന്നും വിജയത്തോടെ മുഹമ്മദ് മുഹ്സിൻ പട്ടാമ്പിയുടെ മൊഞ്ചായി. യു.ഡി.എഫ് സ്ഥാനാർഥി റിയാസ് മുക്കോളിയെ 18,149 വോട്ടിനാണ് സി.പി.ഐ യുവനേതാവ് വിജയം ആവർത്തിച്ചത്. ആദ്യവരവിൽ സിറ്റിങ് എം.എൽ.എ സി.പി. മുഹമ്മദിനെ 7404 വോട്ടിന് അടിയറവ് പറയിച്ച് അത്ഭുത വിജയം കൊയ്ത മുഹമ്മദ് മുഹ്സിെൻറ മുന്നിൽ വെല്ലുവിളികൾ വഴിമാറി.
മണ്ഡലത്തിൽ തിരുവേഗപ്പുറയൊഴികെയുള്ള മുഴുവൻ പഞ്ചായത്തിലും മുന്നേറ്റം നടത്തിയുള്ള പടയോട്ടം 2016െൻറ തനിയാവർത്തനമായി. മുസ്ലിം ലീഗിന് ശക്തമായ അടിവേരുള്ള തിരുവേഗപ്പുറയിൽ മൂവായിരത്തിലേറെ വോട്ടിെൻറ ഭൂരിപക്ഷം കണക്കുകൂട്ടിയാണ് യു.ഡി.എഫ് മണ്ഡലം പിടിച്ചടക്കാമെന്ന് സ്വപ്നം നെയ്തത്. ഓങ്ങല്ലൂർ, വല്ലപ്പുഴ പഞ്ചായത്തുകളും പട്ടാമ്പി നഗരസഭയും ലീഡ് നൽകി കൂടെനിൽക്കുമെന്നും കൊപ്പത്തും കുലുക്കല്ലൂരും സമനില പാലിക്കാമെന്നുമുള്ള യു.ഡി.എഫ് പ്രതീക്ഷയെ ആസ്ഥാനത്താക്കിയാണ് മുഹമ്മദ് മുഹ്സിൻ മുന്നേറിയത്. യു.ഡി.എഫിെൻറ പ്രതീക്ഷയായ തിരുവേഗപ്പുറയിൽ 23 വോട്ടിെൻറ നാമമാത്ര ലീഡ് നേടാനേ യു.ഡി.എഫിനായുള്ളൂ.
മുസ്ലിം ലീഗിന് സമഗ്രാധിപത്യമുള്ള പഞ്ചായത്തിൽനിന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷററർ ആയ എം.എ. സമദിനെ സ്ഥാനാർഥിയാക്കാൻ ലീഗ് ശക്തമായി വാദിച്ചിരുന്നു. മറ്റു പഞ്ചായത്തുകളിലും ഏക നഗരസഭയായ പട്ടാമ്പിയിലും എൽ.ഡി.എഫ് തേരോട്ടം നടത്തിയാണ് മുഹമ്മദ് മുഹസിനെ വീണ്ടും നിയമസഭയിലേക്കയക്കുന്നത്. കോൺഗ്രസിൽനിന്ന് പുറത്തായ ടി.പി. ഷാജിയുടെ വി ഫോർ പട്ടാമ്പി കൂട്ടായ്മയിൽ നഗരസഭ ഭരണം പിടിച്ച എൽ.ഡി.എഫിന് നിയമസഭ തെരഞ്ഞെടുപ്പിലും സഖ്യം തുണയായി.
സി.പി.എം കോട്ടകളായ വിളയൂരിൽ 2288, മുതുതല 3021 വോട്ടുകൾ എൽ.ഡി.എഫിന് ലീഡ് ലഭിച്ചപ്പോൾ കുലുക്കല്ലൂരിലെ 2250 വോട്ട് അപ്രതീക്ഷിതമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൽനിന്ന് പിടിച്ചെടുത്ത കൊപ്പത്ത് 2140, വല്ലപ്പുഴയിൽ 2230 വോട്ടുകൾ എൽ.ഡി.എഫിന് ലീഡ് നൽകി. പോസ്റ്റൽ വോട്ടുകളിൽ 696 വോട്ടിെൻറ ലീഡും എൽ.ഡി.എഫ് സ്വന്തമാക്കി. മുഹ്സിെൻറ ജന്മനാടായ ഓങ്ങല്ലൂർ 3764 വോട്ടിെൻറ ഭൂരിപക്ഷം നൽകി വിജയത്തിന് തിളക്കമേകി.