Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഈ മൂന്നു കുഞ്ഞുങ്ങളെ...

‘ഈ മൂന്നു കുഞ്ഞുങ്ങളെ കേരളം ഏറ്റെടുക്കും, ഇവരെ കൈവിടില്ല’ എസ്എംഎ ബാധിച്ച കുരുന്നുകളെ സന്ദർശിച്ച് മുനവ്വറലി ശിഹാബ് തങ്ങൾ

text_fields
bookmark_border
Munavvarali Shihab Thangal SMA
cancel
camera_alt

എസ്.എം.എ ബാധിച്ച കോഴിക്കോട് കല്ലുരുട്ടിയിലെ അരുൺ - ഷാൽമി ദമ്പതികളുടെ മൂന്ന് മക്കളെയും മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിക്കുന്നു

കോഴിക്കോട്: അപൂർവ രോഗമായ എസ്.എം.എ (സ്പൈനൽ മസ്‌കുലാർ അട്രോഫി) ബാധിച്ച കോഴിക്കോട് കല്ലുരുട്ടിയിലെ മൂന്ന് കുട്ടികളുടെയും കുടുംബത്തെ സന്ദർശിച്ച് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ. അരുൺ - ഷാൽമി ദമ്പതികളുടെ മക്കളുടെ ആരോഗ്യ വിവരങ്ങൾ നേരിട്ടന്വേഷിച്ച അദ്ദേഹം, കുട്ടികൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ചികിത്സാ സഹായങ്ങളും ഉറപ്പാക്കുമെന്ന് അറിയിച്ചു.

കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ടത് കേരളത്തിന്റെ സാമൂഹിക ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. ചികിത്സയ്ക്കായി ആവശ്യമായ വലിയ തുക കണ്ടെത്താൻ എല്ലാവരും ആത്മാർത്ഥമായി മുന്നോട്ടുവരണമെന്ന് മുനവ്വറലി തങ്ങൾ അഭ്യർത്ഥിച്ചു. മൂന്ന് കുട്ടികളുടെയും ചികിത്സ ഏറ്റെടുക്കുക എന്നത് ഈ കുടുംബത്തെ സംബന്ധിച്ചിടത്തോളം സ്വപ്നത്തിനും അപ്പുറത്തുള്ള കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘മൂന്നു കുട്ടികളെ ഏറ്റെടുക്കാൻ കഴിയുമെന്ന വലിയ ശുഭാപ്തി വിശ്വാസം നമുക്കുണ്ട്. വലിയ ഒരു തുക കണ്ടെത്തുക എന്നത് ഈ കുടുംബത്തെ സംബന്ധിച്ചിടത്തോളം സ്വപ്നത്തിനപ്പുറത്താണ്. പല സന്ദർഭങ്ങളിലും പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ എല്ലാവരുടെയും കൂടെ നിന്നവരാണ് മലയാളികൾ. അതുകൊണ്ട് ഇവരെയും മലയാളികൾ കൈവിടില്ല എന്ന വലിയ ആത്മവിശ്വാസം നമുക്കുണ്ട്. കക്ഷിരാഷ്ട്രീയ ജാതിമത ഭേദമന്യേ മാനവികത ഉയർത്തിപ്പിടിച്ചുകൊണ്ട് എല്ലാവരും ഈ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ മുന്നോട്ടു വരണം എന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്’ -അദ്ദേഹം പറഞ്ഞു.

ഓമശ്ശേരി പഞ്ചായത്തിലെ കല്ലുരുട്ടി നിവാസികളായ അരുൺ-ഷാൽമി ദമ്പതികളുടെ മക്കളായ ഡേവിഡ് മാഗ്നസ് അരുൺ, ഈഥൻ മോസസ് അരുൺ, ഒലിവർ ജോനാ അരുൺ എന്നിവർക്കാണ് അപൂർവ ജനിതകരോഗം ബാധിച്ചത്. ഒറ്റപ്രസവത്തിൽ പിറന്ന ഇവർക്ക് ഒന്നര വയസ് മാത്രമാണ് പ്രായം.

മൂന്ന് കുഞ്ഞുങ്ങൾക്കും സ്പൈനൽ മസ്‌കുലാർ അട്രോഫി ടൈപ്പ് 2 (എസ്.എം.എ ടൈപ് 2) ആണ് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഒരു പ്രസവത്തിൽ ജനിച്ച മൂന്ന് കുഞ്ഞുങ്ങൾക്ക് എസ്.എം.എ 2 എന്ന ജനിതക രോഗം സ്ഥിരീകരിക്കുന്നത്. ശരീരത്തിലെ എസ്.എം.എൻ പ്രോട്ടീൻ അളവ് കുറയുന്നതിലൂടെ സുഷുമ്‌നാ നാഡിയിലെ ആൽഫ മോട്ടോർ ന്യൂറോണുകൾക്ക് നാശം സംഭവിക്കുകയും പേശികളുടെ ശക്തി ക്രമേണ കുറയുകയും ചെയ്യുന്ന ഗുരുതരമായ ജനിതകരോഗമാണിത്.

കുട്ടികളുടെ ചലനശേഷിയെ ബാധിക്കുകയും ഇരിക്കുക, എഴുന്നേൽക്കുക, നടക്കുക തുടങ്ങിയ ദൈനംദിന പ്രവർത്തനങ്ങൾ പ്രയാസകരമാക്കുകയും ചെയ്യുന്നു. നിലവിൽ കുട്ടികൾ ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ ചികിത്സയ്ക്കായി ജീൻ തെറപ്പി ഉൾപ്പെടെയുള്ള ചികിത്സകൾക്കും തുടർപരിചരണത്തിനുമായി ഏകദേശം 50 കോടി രൂപ ആവശ്യമാണ്.

ചികിത്സക്കായി ജനകീയ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധി എം.പി, എം.കെ. രാഘവൻ എം.പി, പി.കെ. ഫിറോസ് എം.എൽ.എ, സി.കെ. കാസിം എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, മുക്കം നഗരസഭ ചെയർപേഴ്‌സൻ കെ.പി. ചാന്ദിനി എന്നിവർ രക്ഷാധികാരികളായ കമ്മിറ്റിയുടെ ചെയർപേഴ്സൻ ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സൂപ്പർ സൗദയാണ്. ചികിത്സ ധനസമാഹരണം ലക്ഷ്യമാക്കി ഓമശ്ശേരി ഫെഡറൽ ബാങ്കിൽ ക്രൗഡ് ഫണ്ടിങ് അക്കൗണ്ട് ആരംഭിച്ചു.

കുരുന്നുകളുടെ ജീവൻ രക്ഷിക്കാനായി മുഴുവനാളുകളും സഹകരിക്കണമെന്ന് സി.കെ. കാസിം എം.എൽ.എ, മുക്കം നഗരസഭ ചെയർപേഴ്സൻ കെ.പി. ചാന്ദ്നി, ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സൂപ്പർ സൗദ, കല്ലുരുട്ടി പള്ളി വികാരി സിബിൻ കിളിയൻപറമ്പിൽ, കുട്ടികളുടെ പിതാവ് പി.ഡി. അരുൺ, അബീഷ് ജോസഫ്, ശാഹിർ കല്ലുരുട്ടി, ബോസ് ഇലഞ്ഞിക്കൽ, ജിബി പുല്ലാട്ട്, ബിജു ഔസേപറമ്പൻ, ബിജു പൂവത്തിരിചാലിൽ എന്നിവർ വാർത്തസമ്മേളനത്തിൽ അഭ്യർഥിച്ചു.

അക്കൗണ്ട്: അരുൺ പി.ഡി, ബാങ്ക്: ഫെഡറൽ ബാങ്ക്, ബ്രാഞ്ച്: ഓമശ്ശേരി. അക്കൗണ്ട് നമ്പർ: 21360100162505. ഐ.എഫ്.എസ്.സി കോഡ്: FDRL0002136 : യു.പി.ഐ ഐ.ഡി: arunpd2@fbl

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Munavvar Ali Shihab Thangal SMA Spinal Muscular Atrophy humanity 
News Summary - Munavvarali Shihab Thangal visits SMA-affected children in Kozhikode, assures support
Next Story