മുണ്ടക്കൈ ഉരുൾദുരന്തം; ദുരിതാശ്വാസ നിധിയിൽനിന്ന് ചെലവഴിച്ചത് 91.77 കോടി
text_fieldsകൽപറ്റ: മുണ്ടക്കൈ ഉരുൾദുരന്ത ബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങൾ 773.98 കോടി രൂപ സംഭാവന നൽകിയപ്പോൾ വിവിധ ഇനങ്ങളിലായി ചെലവഴിച്ചത് 91.77 കോടി രൂപ. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമാണം നടക്കുന്ന ടൗൺഷിപ് ഭൂമിയിൽ നിലവിലുള്ള വൈദ്യുതി ലൈനുകൾ മാറ്റുന്നതിന് 78.63 ലക്ഷം രൂപയും കുടിവെള്ള പൈപ്പുകൾ മാറ്റുന്നതിന് 36 ലക്ഷവും ദുരിതാശ്വാസനിധിയിൽ നിന്ന് കഴിഞ്ഞ ദിവസം അനുവദിച്ചു.
ടൗൺഷിപ് പദ്ധതിയുടെ പ്രോജക്ട് ഇംപ്ലിമെന്റ് യൂനിറ്റ് (പി.ഐ.യു) ഓഫിസ് സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള അടിയന്തര ചെലവുകൾക്കായി 72.66 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ടൗൺഷിപ് ഭൂമിയിൽ കെ.എസ്.ഇ.ബിയുടെ നിരവധി പോസ്റ്റുകളും ലൈനുകളുമാണുള്ളത്. ഇത് മാറ്റാനായി 78,63,690 രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി ആവശ്യപ്പെട്ട് വയനാട് കലക്ടർ നൽകിയ എസ്റ്റിമേറ്റ് പരിഗണിച്ചാണ് തുക കൈമാറുന്നത്. ഭൂമിയിൽ നിലവിൽ ജല അതോറിറ്റിയുടെ നിരവധി പൈപ്പ് ലൈനുകളുമുണ്ട്. പ്രദേശത്ത് അതോറിറ്റിയുടെ 124 ഉപഭോക്താക്കളാണുള്ളത്. നിർമാണത്തിന്റെ ഭാഗമായി റോഡിന്റെ ചരിവു മാറ്റുന്നതിനാൽ നിലവിലുള്ള റോഡ് പൊളിക്കണം. ഈ റോഡിലൂടെ കുടിവെള്ള പൈപ്പ് ലൈൻ പോകുന്നുണ്ട്. ഇത് ടൗൺഷിപ്പിന്റെ അതിരിലൂടെ 2100 മീറ്റർ ദൂരത്തിൽ മാറ്റിസ്ഥാപിച്ചാലേ ജലവിതരണം തടസ്സപ്പെടാതിരിക്കൂ. പൈപ്പ് ലൈൻ അടിയന്തരമായി മാറ്റിസ്ഥാപിക്കുന്നതിനാണ് 36 ലക്ഷം രൂപ.
മൂന്ന് ഇനത്തിലുമായുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് കലക്ടർക്ക് കൈമാറുന്നതിന് റവന്യൂ (ഡി.ആർ.എഫ്) വകുപ്പ് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ (എ) വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.