ഉരുളിൽ ഒലിച്ചുപോയത് ഒരു വാർഡ് കൂടിയായിരുന്നു
text_fieldsകൽപറ്റ: ഉരുൾ ദുരന്തത്തോടൊപ്പം എന്നന്നേക്കുമായി രേഖകളിൽ നിന്നടക്കം മാഞ്ഞുപോയത് മുണ്ടക്കൈ എന്ന ഗ്രാമം കൂടിയായിരുന്നു. മേപ്പാടി പഞ്ചായത്തിലെ വാർഡുകളെ വിഭജിച്ചപ്പോഴാണ് ഉരുളിൽ ഒലിച്ചുപോയ മുണ്ടക്കൈ വാർഡ് ഇല്ലാതായത്. ഇതിനാൽ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ വാർഡ് കൂടിയാണ് ഓർമ മാത്രമാകുന്നത്. അഞ്ചു കൊല്ലങ്ങൾക്കു മുമ്പുള്ള തെരഞ്ഞെടുപ്പിൽ മുണ്ടക്കൈ എൽ.പി സ്കൂളിലെ ബൂത്തിൽ വോട്ടുചെയ്തത് 960 പേരായിരുന്നു. ഇവരിൽ പലരും ദുരന്തത്തിൽ മണ്ണോടു ചേർന്നു.
കഴിഞ്ഞ വർഷം ജൂലൈ 30നാണ് മേപ്പാടി പഞ്ചായത്തിലെ 10 (അട്ടമല), 11 (മുണ്ടക്കൈ), 12 (ചൂരൽമല) വാര്‍ഡുകളിൽ ഉരുൾപൊട്ടിയത്. 298 പേരാണ് മരിച്ചത്. മുണ്ടക്കൈയില്‍ ശേഷിക്കുന്ന പ്രദേശങ്ങളെ ഇത്തവണ 11ാം വാര്‍ഡായ ചൂരല്‍മലയോടാണ് ചേര്‍ത്തത്. ഇവിടെയുള്ള മദ്റസ ഹാളിൽ രണ്ടു ബൂത്തുകളാണ് ഉണ്ടാവുക. 1200ഓളം വോട്ടർമാർ വീതമാണ് ഇവിടെയുള്ളത്.
ദുരന്തബാധിതർ സർക്കാർ നൽകിയ വാടകവീടുകളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുകയാണിപ്പോൾ. ഇവർക്ക് വയനാട് പാർലമെന്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്താൻ ഗതാഗത സൗകര്യമടക്കം അധികൃതർ ഒരുക്കിയിരുന്നു. പഞ്ചായത്തിലെ ആകെ വാര്‍ഡുകൾ 22ല്‍നിന്ന് 23 ആയിട്ടുണ്ട്. മാനിവയൽ, കാപ്പംകൊല്ലി എന്നീ വാർഡുകൾ ഉണ്ടാവുകയും ചെയ്തു.
പുത്തൂര്‍വയലിനെ കോട്ടവയല്‍ വാര്‍ഡായി പുനര്‍നാമകരണം ചെയ്തു. 17 വാർഡ് കൈയിലുള്ള യു.ഡി.എഫാണ് മേപ്പാടി പഞ്ചായത്ത് ഭരിക്കുന്നത്. അഞ്ചു വാർഡുകളിൽ എൽ.ഡി.എഫാണ്. ഉരുൾ ദുരന്തവുമായി ബന്ധപ്പെട്ട സഹായങ്ങളെല്ലാം സംസ്ഥാന സർക്കാറിന്റെ ചുമതലയിലാണെങ്കിലും പഞ്ചായത്ത് ഭരിക്കുന്നത് യു.ഡി.എഫ് ആയതിനാൽ സി.പി.എം നിരവധി തവണ പഞ്ചായത്ത് ഓഫിസിൽ ഉപരോധ സമരമടക്കം നടത്തിയിരുന്നു.


