‘പരാതി എഴുതിയത് സി.പി.എം ഓഫിസിൽ, എനിക്കും കുടുംബമില്ലേ? ഇനി ഇത്തരമൊന്ന് ആർക്കും സംഭവിക്കരുത്’-എസ്.എഫ്.ഐക്കാരുടെ വ്യാജ പീഡനക്കേസിൽ വെറുതെവിട്ട അധ്യാപകൻ
text_fieldsതൊടുപുഴ: ‘എനിക്ക് കുടുംബമില്ലേ? എനിക്ക് മക്കളില്ലേ? കുടുംബത്തോടൊപ്പം സമൂഹത്തിൽ ജീവിക്കുമ്പോൾ ഇങ്ങനെ ഒരു പരാതി ഉയർന്നാൽ ആളുകൾ നമ്മളെ എങ്ങനെ കാണും? 11 കൊല്ലമായി ഈ കേസിന്റെ പിന്നാലെ നടക്കുന്നു’ -കോപ്പിയടി പിടിച്ചതിന്റെ പകതീർക്കാൻ എസ്.എഫ്.ഐ പ്രവർത്തകരായ വിദ്യാർഥിനികൾ വ്യാജ പീഡനക്കേസിൽ കുടുക്കിയ ഒരധ്യാപകന്റെ വാക്കുകളാണിത്. ഒരധ്യാപകനും സംഭവിക്കരുതാത്തതാണ് തന്റെ ജീവിതത്തിൽ സംഭവിച്ചതെന്ന് മൂന്നാർ ഗവ. കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന പ്രഫ. ആനന്ദ് വിശ്വനാഥൻ പറയുന്നു.
‘ഒരുപാട് അധ്യാപകർ എന്നെ പോലെ വ്യാജകേസുകളിൽ കുടുങ്ങിയിട്ടുണ്ട്. അവർക്കൊക്കെ ഈ വിധി വഴിത്തിരിവാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു. ഇനിമേലാൽ ഇത്തരമൊന്ന് കേരളത്തിൽ സംഭവിക്കരുത്. വിധി വന്ന ശേഷം പരാതിക്കാരോ അന്നത്തെ സഹപ്രവർത്തകരോ പ്രിൻസിപ്പലോ ആരും തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല’ -അദ്ദേഹം പറഞ്ഞു.
പരീക്ഷാഹാളിൽ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാർഥിനികൾ നൽകിയ കേസിലാണ് ഒരുപതിറ്റാണ്ടിന് ശേഷം തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ച കേസാണിതെന്ന് കോടതി നിരീക്ഷിച്ചു. പോലീസിനെതിരെയും വിമർശനമുണ്ടായി.
2014-ലാണ് കേസിന് ആസ്പദമായ സംഭവം. സെപ്റ്റംബർ അഞ്ചിന് കോളജിൽ നടന്ന എം.എ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയിൽ കോപ്പിയടിച്ച അഞ്ച് വിദ്യാർഥിനികളെ അഡീഷണൽ ചീഫ് എക്സാമിനർ കൂടിയായ ആനന്ദ് വിശ്വനാഥ് പിടികൂടി. പിന്നാലെ, സംഭവം സർവകലാശാലക്ക് റിപ്പോർട്ട് ചെയ്യാൻ പരീക്ഷ നിരീക്ഷകനെ ചുമതലപ്പെടുത്തി. എന്നാൽ, പരീക്ഷ നിരീക്ഷകൻ നിർദേശം അനുസരിച്ചില്ല.
‘പിന്നീട് 16ാം തീയതിയാണ് എനിക്കെതിരെ പരാതി ഉണ്ടെന്ന് അറിയുന്നത്. പരാതി എഴുതിയത് മൂന്നാറിലെ സി.പി.എം ഓഫിസിൽ വെച്ചാണെന്ന് കുട്ടികൾ തന്നെ കോടതിയിൽ മൊഴി നൽകി. സർവകലാശാല നിയോഗിച്ച രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ അടങ്ങിയ അന്വേഷണ കമീഷൻ നടത്തിയ അന്വേഷണത്തിൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയിരുന്നു. പ്രിൻസിപ്പലിന്റെയും പരീക്ഷാ നിരീക്ഷകന്റെയും വീഴ്ചയും ഇവരുടെ റിപ്പോർട്ടിൽ എടുത്തുപറഞ്ഞിരുന്നു. പീഡനക്കേസിൽ കുടുക്കി പകവീട്ടാനാണ് കുട്ടികൾ ശ്രമിച്ചതെന്നും ഇതിന് പ്രിൻസിപ്പൽ കൂട്ടുനിന്നതായും രാഷ്ട്രീയ ഗൂഢാലോചന നടന്നതായും കോടതി നിരീക്ഷിച്ചു.
ഒരധ്യാപകനും സംഭവിക്കരുതാത്തതാണ് എന്റെ ജീവിതത്തിൽ സംഭവിച്ചത്. ഒരുപാട് അധ്യാപകർ എന്നെ പോലെ കുടുങ്ങിയിട്ടുണ്ട്. അവർക്കൊക്കെ ഈ വിധി വഴിത്തിരിവാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു. വിധി വന്ന ശേഷം പരാതിക്കാരോ അന്നത്തെ സഹപ്രവർത്തകരോ പ്രിൻസിപ്പലോ ആരും തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഇങ്ങനെ ഒരു പീഡന പരാതി ഉയർന്നപ്പോൾ പൊതുജന മധ്യത്തിൽ വല്ലാതെ അഭിമാനക്ഷതം നേരിട്ടു. എന്നാൽ, ഒരു തെറ്റും ചെയ്യാത്തതിനാൽ ഞാൻ ഇതിനെ അതിജീവിച്ചു. തെറ്റ് ചെയ്യാത്തവർ എന്തിന് നാണിക്കണം? അത് കൊണ്ട് മനക്കരുത്തോടെ ഈ കേസിനെ നേരിട്ടു. എനിക്ക് കുടുംബമില്ലേ? എനിക്ക് മക്കളില്ലേ? കുടുംബത്തോടൊപ്പം സമൂഹത്തിൽ ജീവിക്കുമ്പോൾ ഇങ്ങനെ ഒരു പരാതി ഉയർന്നാൽ ആളുകൾ നമ്മളെ എങ്ങനെ കാണും?
എസ്.എഫ്.ഐ സജീവ പ്രവർത്തകരായിരുന്നു പരാതിക്കാരായ അഞ്ച് വിദ്യാർഥിനികളും. അന്നത്തെ എം.എൽ.എയും സി.പി.എം നേതാവുമായ എസ്. രാജേന്ദ്രൻ തന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. എസ്.എഫ്.ഐ ഇതിന് രാഷ്ട്രീയമായി മുന്നിട്ടിറങ്ങിയതിനാൽ അവർ മാപ്പ് പറയുമെന്ന പ്രതീക്ഷയൊന്നും ഇല്ല. ഞാനൊരധ്യാപകനാണ്. ഇനിയൊരധ്യാപകനും ഇത് സംഭവിക്കരുത്. മേലാൽ കേരളത്തിൽ ഇത്തരം ഒരു സംഭവം നടക്കരുത്’ -പ്രഫ. ആനന്ദ് വിശ്വനാഥൻ പറഞ്ഞു.
വിദ്യാർഥിനികൾ എസ്.എഫ്.ഐ പ്രവർത്തകരായിരുന്നതിനാലാണ് ഇടത് അനുകൂല അധ്യാപക സംഘടനയുടെ ഭാരവാഹിയായ പരീക്ഷ നിരീക്ഷകൻ സംഭവം റിപ്പോർട്ട് ചെയ്യാതിരുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ, പീഡന ആരോപണം ഉന്നയിച്ച് അഞ്ച് വിദ്യാർഥിനികൾ വിദ്യാഭ്യാസ മന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി.
പ്രഫസർ പരീക്ഷാഹാളിൽ വെച്ച് തങ്ങളെ ലൈംഗീകമായി പീഡിപ്പിച്ചെന്നും കോപ്പിയടി കേസിൽ കുടുക്കുമെന്നും ഇന്റേണൽ മാർക്ക് നൽകില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. വിദ്യാർഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെതിരേ നാല് കേസുകളാണ് മൂന്നാർ പോലീസ് രജിസ്റ്റർ ചെയ്തത്. തുടർന്ന്, ലൈംഗീക പീഡനക്കുറ്റം ആരോപിച്ച് ദേവികുളം മജിസ്ട്രേറ്റ് കോടതിയിൽ നാല് കുറ്റപത്രങ്ങൾ സമർപ്പിക്കുകയും ചെയ്തു. ഇതിൽ രണ്ടുകേസിൽ ആനന്ദ് വിശ്വനാഥനെ കോടതി വെറുതെവിട്ടു. എന്നാൽ, മറ്റ് രണ്ടു കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്ന് വർഷം തടവും 5,000 രൂപ പിഴയും വിധിച്ചു. കോടതിവിധിക്കെതിരെ ആനന്ദ് വിശ്വനാഥൻ 2021-ൽ തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയിൽ അപ്പീൽ നൽകി. തുടർന്ന്, കേസിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് നീരീക്ഷിച്ച കോടതി ആനന്ദിനെ കുറ്റവിമുക്തനാക്കുകയായിരുന്നു.