അനിൽ ആന്റണിയെച്ചൊല്ലി എൻ.ഡി.എയിൽ മുറുമുറുപ്പ്
text_fieldsപത്തനംതിട്ട: പി.സി. ജോർജിനെ വെട്ടി പത്തനംതിട്ടയിൽ അനിൽ ആന്റണിയെ ഇറക്കിയതിനെച്ചൊല്ലി എൻ.ഡി.എയിൽ മുറുമുറുപ്പ്. രണ്ട് ക്രിസ്ത്യൻ സ്ഥാനാർഥികൾ വന്നാൽ ഒരു ഹിന്ദു സ്ഥാനാർഥി എന്ന നിലയിൽ കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻപിള്ള എന്നിവരുടെ പേരുകളാണ് ജോർജിനെക്കൂടാതെ പത്തനംതിട്ടയിൽ പരിഗണനയിലുണ്ടായിരുന്നത്. എന്നാൽ, അവസാനവട്ടം ഇത് പി.സി. ജോർജിലേക്ക് മാത്രമായി ചുരുങ്ങി.
സ്ഥാനാർഥിത്വം ഉറപ്പിച്ച പി.സി. ജോർജ് സഭ നേതാക്കളെയും മറ്റും കണ്ട് പിന്തുണ ഉറപ്പാക്കി പ്രചാരണ പ്രവർത്തനങ്ങൾ അനൗപചാരികമായി തുടങ്ങുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വെള്ളാപ്പള്ളി നടേശൻ ജോർജിനെതിരെ തിരിഞ്ഞത്. പിന്നാലെ മകൻ തുഷാർ വെള്ളാപ്പള്ളി നേതൃത്വം നൽകുന്ന ബി.ഡി.ജെ.എസും പി.സി. ജോർജ് സ്ഥാനാർഥിയായാൽ സഹകരിക്കില്ലെന്ന നിലപാടുമായി രംഗത്തെത്തി. ഈ സാഹചര്യത്തിൽ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനോ, കേന്ദ്രമന്ത്രി വി. മുരളീധരനോ ജോർജിന്റെ രക്ഷക്കെത്താൻ തയാറായില്ലെന്നാണ് ജോർജിനെ പിന്തുണക്കുന്നവരുടെ പരാതി.
പി.സി. ജോർജും മകൻ ഷോൺ ജോർജും പിണറായി വിജയനെ കടന്നാക്രമിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ടാണ് വെള്ളാപ്പള്ളിയുടെ എതിർപ്പെന്നും ഇതിനെ പിന്തുണക്കുന്ന സമീപനം ബി.ജെ.പി നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായത് ഖേദകരമാണെന്നും രഹസ്യമായി പറയുന്ന ഇവർ പക്ഷേ, തൽക്കാലം പരസ്യനിലപാട് വേണ്ടെന്ന തീരുമാനത്തിലാണ്. അതേസമയം സമൂഹമാധ്യമങ്ങളിൽ പരോക്ഷമായി വെള്ളാപ്പള്ളിക്കും മകനുമെതിരെ ഇവരുടെ പ്രചാരണം ശക്തമാണ്. മനസ്സുകൊണ്ട് പി.സി. ജോർജിന്റെ സ്ഥാനാർഥിത്വം അംഗീകരിച്ചിരുന്ന ജില്ലയിലെ ഒരുവിഭാഗം ബി.ജെ.പി നേതാക്കളും ബി.ജെ.പിയിൽ ലയിച്ച ജനപക്ഷത്തിന്റെ നിലപാടിന് പിന്തുണയുമായി രംഗത്തുണ്ട്.
ബി.ജെ.പിയിൽ ലയിക്കുന്നതിനുമുമ്പ് എൻ.ഡി.എയിൽ ഘടകകക്ഷിയാകാനാണ് ജനപക്ഷം ശ്രമിച്ചത്. അവിടെയും ബി.ഡി.ജെ.എസിന്റെ എതിർപ്പാണ് തടസ്സമായത്. ഒടുവിൽ കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ടാണ് പി.സി. ജോർജിനെയും മകനെയും ഡൽഹിയിലേക്ക് വിളിപ്പിച്ച് മെംബർഷിപ് നൽകിയത്. അതിൽ മുറുമുറുപ്പ് ഉണ്ടായിരുന്ന ബി.ഡി.ജെ.എസ് ഇപ്പോൾ കണക്കു തീർക്കുകയായിരുന്നു. പി.സി. ജോർജിനാകട്ടെ ഇറക്കാനും വയ്യ, തുപ്പാനും വയ്യ എന്ന അവസ്ഥയാണ്. അനിൽ ആന്റണിയെ പത്തനംതിട്ടയിൽ പരിചയപ്പെടുത്തേണ്ടിവരുമെന്ന് പറഞ്ഞ് വളരെ മിതമായാണ് അദ്ദേഹം തന്റെ അതൃപ്തി പ്രകടിപ്പിച്ചത്.


