ചില കേന്ദ്രങ്ങളിൽനിന്നുള്ള വർഗീയ പരാമർശങ്ങളെ ലീഗ് ഗൗരവമായി കാണുന്നില്ല -സാദിഖലി തങ്ങൾ
text_fieldsകൊല്ലം: നാട്ടിൽ സമാധാനവും സാഹോദര്യവും നിലനിൽക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അതിന് വിഘാതം സൃഷ്ടിക്കുന്നവരെ ഉൾക്കൊള്ളാൻ കേരളം തയാറാവില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കൊല്ലം ലീഗ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില കേന്ദ്രങ്ങളിൽ നിന്നുള്ള വർഗീയ പരാമർശങ്ങളെ ലീഗ് ഗൗരവമായി കാണുന്നില്ല. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്ക് കാര്യങ്ങൾ വ്യക്തമായി അറിയാം. എല്ലാ സംഭവവികാസങ്ങളും കൃത്യമായി വിലയിരുത്തി വോട്ട് ചെയ്യുന്നവരാണ് ഇവിടുത്തെ സമൂഹം. ലീഗിന്റെ രാഷ്ട്രീയ പാരമ്പര്യവും മതേതര നിലപാടുകളും ജനങ്ങൾക്കറിയാം, അത് ആര് ശ്രമിച്ചാലും മായ്ച്ചു കളയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തെക്കൻ കേരളത്തിൽ മുസ്‌ലിം ലീഗിലേക്കും യു.ഡി.എഫിലേക്കും കൂടുതൽ ആളുകൾ കടന്നുവരുന്നത് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രതിഫലനമാണ്. സി.പി.എം വിട്ട് മുസ്‌ലിം ലീഗിൽ ചേർന്ന സുജ ചന്ദ്രബാബുവിനെ തങ്ങൾ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.


