സന്തുലിത പട്ടികയുമായി മുസ്ലിം ലീഗ്; ഇനി രണ്ടാംതലമുറയുടെ കാലം
text_fieldsകോഴിക്കോട്: വനിതകൾക്കും യുവാക്കൾക്കും പ്രാതിനിധ്യമില്ലാത്ത സ്ഥാനാർഥി പട്ടികയെന്ന് ഏറെക്കാലം മുസ്ലിം ലീഗ് കേൾക്കേണ്ടിവന്ന പഴി ഇനി കേൾക്കേണ്ടി വരില്ല. ചരിത്രത്തിൽ ആദ്യമായി നിയമസഭയിൽ രണ്ട് വനിതകളെ മത്സരിപ്പിച്ചും യുവാക്കൾക്ക് മതിയായ പ്രാതിനിധ്യം നൽകിയും സാദിഖലി തങ്ങൾ പ്രഖ്യാപിച്ച പട്ടികയിൽ പി.എം.എ. സമീർ കയറിവന്നതാണ് ‘സർപ്രൈസ്’. പാർട്ടിയുടെ ക്രൗഡ് പുള്ളർ കെ.എം. ഷാജിക്ക് ഉറച്ച മണ്ഡലം നൽകിയതും പ്രശംസിക്കപ്പെട്ട നടപടിയായി. ഡോ. എം.കെ. മുനീർ, പി. അബ്ദുൽ ഹമീദ്, ഷാഫി ചാലിയം, ഷിബു മീരാൻ, ടി.ടി. ഇസ്മായിൽ, മുജീബ് കാടേരി എന്നിവരാണ് സ്ഥാനാർഥിത്വം പ്രതീക്ഷിക്കപ്പെട്ടവരിൽ തഴയപ്പെട്ട പ്രമുഖർ.
എ.പി. ഉണ്ണികൃഷ്ണന്‍റെ മകൾ എ.പി. സ്മിജിയെ മലപ്പുറം ജില്ല പഞ്ചായത്തിലേക്ക് മത്സരിപ്പിച്ച് വൈസ് പ്രസിഡന്‍റാക്കിയത് പാർട്ടിക്കുണ്ടാക്കിയ മികച്ച പ്രതിഛായ കണക്കിലെടുത്ത് അഖിലേന്ത്യാ അസി. സെക്രട്ടറിയായ ജയന്തി രാജനെ മത്സരിപ്പിക്കുമെന്ന് ‘മാധ്യമം’ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കൂത്തുപറമ്പിൽ ശക്തമായ പോരാട്ടം നടത്താൻ ജയന്തി രാജന് കഴിയുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.
എൽ.ഡി.എഫിന്‍റെ ഉറച്ച മണ്ഡലമായ പേരാമ്പ്രയിൽ ശക്തമായ പോരാട്ടം നടത്താനാണ് ഫാത്തിമ തഹ്ലിയയെ നിയോഗിച്ചത്. നേരത്തെ കോഴിക്കോട് കോർപറേഷനിലേക്ക് കുറ്റിച്ചിറ വാർഡിൽനിന്ന് വൻ ഭൂരിപക്ഷത്തിലാണ് തഹ്ലിയ വിജയിച്ചത്. യുവതലമുറയെ ആകർഷിക്കാനാകുന്ന സ്ഥാനാർഥിയെന്ന നിലയിൽ ഫാത്തിമ തഹ്ലിയയെ പരിഗണിച്ചപ്പോൾ വനിത ലീഗിന് പ്രാതിനിധ്യമുണ്ടായില്ല എന്ന പരാതിയുമുണ്ട്. ജയന്തിരാജൻ മുസ്ലിം ലീഗ് ദേശീയ അസി. സെക്രട്ടറിയും തഹ്ലിയ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമാണ്. ഫലത്തിൽ വനിത ലീഗിന് ഇത്തവണ പ്രാതിനിധ്യമുണ്ടായില്ല.
കളമശ്ശേരിയിൽ അന്തരിച്ച ഇബ്രാഹിം കുഞ്ഞിന്‍റെ മകൻ അഡ്വ. വി.ഇ. അബ്ദുൽ ഗഫൂറിനെ ഇറക്കിയത് ഗുണമോ ദോഷമോ എന്ന് പ്രവചിക്കാനാകില്ല. പാർട്ടിയിൽ ശക്തമായ ഗ്രൂപ്പിസം നിലനിൽക്കുന്ന മണ്ഡലമായതിനാൽ മറുവിഭാഗം ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചാകും റിസൽട്ട്. സി.കെ. ഖാസിം മത്സരിക്കുന്ന തിരുവമ്പാടിയിലും പാർട്ടിക്കകത്തെ വിഭാഗീയത പ്രതിസന്ധി സൃഷ്ടിക്കുമോയെന്ന് ആശങ്കയുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഡോ. എം.കെ. മുനീറിനെ മാറ്റിനിർത്തിയത്. അനാരോഗ്യം അവഗണിച്ചും സ്ഥാനാർഥിത്വം ആഗ്രഹിച്ച് മുനീർ കരുക്കൾ നീക്കിയിരുന്നെങ്കിലും പാർട്ടിക്കകത്തുനിന്നുതന്നെ ശക്തമായ എതിർപ്പ് ഉയർന്നതിനാൽ സാദിഖലി തങ്ങൾക്ക് കാര്യങ്ങൾ എളുപ്പമായി. ജന. സെക്രട്ടറി പി.എം.എ. സലാമിന് മത്സരിക്കാൻ താൽപര്യമുണ്ടായിരുന്നെങ്കിലും സംഘടനതലത്തിൽ പുതിയ ജന. സെക്രട്ടറിയെ തെരഞ്ഞെടുക്കുമ്പോഴുണ്ടാകുന്ന സങ്കീർണതകൾ ഒഴിവാക്കാൻ അദ്ദേഹത്തിന് പാർട്ടി ചുമതലയിൽതന്നെ തുടരാൻ അവസരം നൽകുകയായിരുന്നു. അദ്ദേഹം പ്രതീക്ഷിച്ച തിരൂരങ്ങാടിയിൽ ചന്ദ്രികയുടെ ഓഡിറ്ററായും പിന്നീട് പൊടുന്നനെ ജില്ല സെക്രട്ടറിയായും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും ഉയർന്നുവന്ന പി.എം.എ. സമീറിനെ പരിഗണിച്ചത് അപ്രതീക്ഷിതമായിരുന്നു.
അഡ്വ. ഫൈസൽ ബാബു, പി.കെ. ഫിറോസ്, ടി.പി. അഷ്റഫലി, നജീബ് കാന്തപുരം, പി.കെ. നവാസ്, ഫാത്തിമ തഹ്ലിയ തുടങ്ങി യുവനിരയെ രംഗത്തിറക്കി ഏറെക്കാലം പുറന്തള്ളപ്പെട്ട രണ്ടാം തലമുറയെ ഉയർത്തിക്കൊണ്ടുവരാൻ സ്ഥാനാർഥി നിർണയത്തിൽ സാദിഖലി തങ്ങൾ ജാഗ്രത പുലർത്തി.
മുസ്‍ലിം ലീഗ് സ്ഥാനാർഥി പട്ടിക
- മഞ്ചേശ്വരം -എ.കെ.എം. അഷ്‌റഫ്
- കാസർകോട് -കല്ലട്ര മായിൻ ഹാജി
- അഴീക്കോട് -കരീം ചേലേരി
- കൂത്തുപറമ്പ് -ജയന്തി രാജൻ
- കുറ്റ്യാടി -പാറക്കൽ അബ്ദുല്ല
- പേരാമ്പ്ര -ഫാത്തിമ തഹ്‌ലിയ
- തിരുവമ്പാടി -സി.കെ. കാസിം
- കൊടുവള്ളി -പി.കെ. ഫിറോസ്
- കുന്ദമംഗലം -എം.എ. റസാഖ്
- കോഴിക്കോട് സൗത്ത്
- -അഡ്വ. ഫൈസൽ ബാബു
- വള്ളിക്കുന്ന് -ടി.വി. ഇബ്രാഹിം
- കൊണ്ടോട്ടി -ടി.പി. അഷ്‌റഫലി
- മഞ്ചേരി -അഡ്വ. എം. റഹ്‌മത്തുല്ല
- ഏറനാട് -പി.കെ. ബഷീർ
- മലപ്പുറം
- -പി.കെ. കുഞ്ഞാലിക്കുട്ടി
- മങ്കട -മഞ്ഞളാംകുഴി അലി
- പെരിന്തൽമണ്ണ
- -നജീബ് കാന്തപുരം
- വേങ്ങര -കെ.എം. ഷാജി
- കോട്ടക്കൽ
- -ആബിദ് ഹുസൈൻ തങ്ങൾ
- തിരൂർ -കുറുക്കോളി മൊയ്തീൻ
- താനൂർ -പി.കെ. നവാസ്
- തിരൂരങ്ങാടി -പി.എം.എ. സമീർ
- മണ്ണാർക്കാട് -എൻ. ഷംസുദ്ദീൻ
- ഗുരുവായൂർ -സി.എച്ച്. റഷീദ്
- കളമശ്ശേരി
- -അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ


