Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാണണം, ഇടമലക്കുടിയിലെ...

കാണണം, ഇടമലക്കുടിയിലെ കുട്ടികളുടെ ‘പഠന യാത്ര’

text_fields
bookmark_border
കാണണം, ഇടമലക്കുടിയിലെ കുട്ടികളുടെ ‘പഠന യാത്ര’
cancel
camera_alt

ഇടമലക്കുടി അമ്പലപ്പടിക്കുടിക്ക് സമീപത്തെ തോട്ടിലൂടെ കുട്ടികളെയുമെടുത്ത് സ്കൂളിലേക്ക് പോകുന്ന രക്ഷിതാക്കൾ

തൊടുപുഴ: മഴ കനക്കുന്നതോടെ കുത്തിയൊലിച്ചൊഴുകുന്ന തോട്ടിലെന്ന പോെല അവരുടെ മനസിലും ആധിപ്പുഴയൊഴുകും. കുഞ്ഞു മനസിലെ അക്ഷരവെളിച്ചം കാക്കാൻ വഴിതേടി മനമുരുകും. കുട്ടികളെ ചുമലിലിരുത്തി മറുകര തേടാൻ വീട്ടിലെ മുതിർന്നവർ കൂലിവേലയൊഴിഞ്ഞ് കാത്തിരിക്കണം. അവർക്ക് പോലും കാലൊന്നു തെറ്റിയാൽ... അതൊന്നും ചിന്തിക്കാതെ മക്കളുടെ അക്ഷര വെളിച്ചം കെട്ടുപോകാതിരിക്കാനാണ് ഇവരുടെ പെടാപ്പാട്. നാമിത് കാണണം, അധികൃതരും.. ഇടുക്കി ഇടമലക്കുടി ട്രൈബൽ എൽ.പി സ്കൂളിലേക്കുള്ള കുട്ടികളുടെ ‘പഠന യാത്ര’യുടെ ഈ ദയനീയ ചിത്രം.

ഇടുക്കി ജില്ലയിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ അമ്പലപ്പടിക്കുടി, അമ്പലപ്പാറക്കുടി, ആണ്ടവൻകുടി നിവാസികളാണ് കുട്ടികളെ സ്കൂളിലെത്തിക്കാൻ അതി സാഹസത്തിന് മുതിരുന്നത്. മഴ ശക്തിപ്രാപിച്ചതോടെ അമ്പലപ്പടിക്കുടിക്ക് സമീപത്തെ വലിയ തോട് മുറിച്ചുകടന്ന് കുട്ടികളെ മറുകര എത്തിക്കണം. അതുപോലെ സ്കൂൾവിട്ട് തിരിച്ചുവരുമ്പോഴും ഈ സാഹസം വേണം. ആറ് വയസ്സ് മുതൽ 13 വയസ്സ് വരെയുള്ള കുട്ടികളാണ് ഈ കുടികളിൽനിന്ന് സ്കൂളിൽ പോകുന്നത്. കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ തോടിന് കുറുകെ അടിയന്തരമായി പാലം നിർമിക്കണമെന്നാണ് ഇവരുടെ ആവശ്യം.

കാലവർഷം ശക്തമാകുന്നതോടെ ഇത്തവണയും പ്രദേശം പൂർണമായി ഒറ്റപ്പെടാനും കുട്ടികളുടെ പഠനം മുടങ്ങാനും സാധ്യതയേറെയാണ്. മുൻവർഷങ്ങളിൽ കുട്ടികൾക്ക് ദിവസങ്ങളോളം സ്കൂളിൽ പോകാനായില്ല. ഒരുവർഷം മുമ്പ് വരെ വിദ്യാർഥികളെ കുടിയിൽനിന്ന് സ്കൂളിലേക്കും തിരികെയും എത്തിക്കാൻ ട്രൈബൽ മെൻഡർമാരെ നിയമിച്ചിരുന്നു. ഇവരുടെ സേവനവും നിലച്ചിരിക്കുകയാണ്.

Show Full Article
TAGS:edamalakkudy tribal school Student Safety Idukki News rainy season 
News Summary - Must see: the 'learning journey' of the children of Idamalakkudi
Next Story