അപകടം നടന്ന് എട്ട് ദിവസമായിട്ടും ഷിജിനെ കണ്ടെത്താനായില്ല; തിരച്ചിൽ വാക്കുകളിൽ മാത്രമെന്ന് കുടുംബം
text_fieldsമത്സ്യബന്ധന ബോട്ട് അപകടത്തിൽ കാണാതായ ഷിജിന്‍റെ ഭാര്യയും മക്കളും ബന്ധുക്കളും മുതലപ്പൊഴി തീരദേശപാത ഉപരോധിക്കുന്നു
ആറ്റിങ്ങൽ: മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് കാണാതായ ഷിജിനുവേണ്ടിയുള്ള തിരച്ചിൽ അധികൃതരുടെ വാക്കുകളിൽ മാത്രമെന്ന് കുടുംബം. അപകടം നടന്ന് എട്ടുദിവസമായിട്ടും ഷിജിനെ കണ്ടെത്താനായില്ല. ആത്മാർഥമായ തിരച്ചിൽ നടന്നില്ലെന്ന് ഷിജിന്റെ ഭാര്യ സ്റ്റെല്ല ആരോപിച്ചു. മത്സ്യത്തൊഴിലാളികളുടെ ജീവന് അത്രക്ക് വിലയില്ലേ. സമരവും പരാതിയുമായി തങ്ങൾ രംഗത്തിറങ്ങിയപ്പോൾ കോസ്റ്റ് ഗാർഡ് ബോട്ടിൽ അങ്ങോട്ടുമിങ്ങോട്ടും പോയി മടങ്ങുകയാണ്. തങ്ങൾ കൊണ്ടുവന്ന മുങ്ങൽ വിദഗ്ധർ ഇതിനേക്കാൾ ആത്മാർഥമായി പ്രവർത്തിച്ചെന്നും സ്റ്റെല്ല പറഞ്ഞു.
അപകടസമയത്തെ ഒഴുക്ക് തെക്ക് ദിശയിലേക്കായതിനാൽ വേളി, പള്ളിത്തുറ, തുമ്പ തീരങ്ങളിൽ വ്യോമ-ജല മാർഗങ്ങളിലൂടെ പരിശോധനകൾ നടത്തിയിരുന്നു. ബന്ധുക്കൾ സ്വന്തം റിസ്കിൽ സ്കൂബ ഡൈവിങ് ടീമിനെ കൊണ്ടുവന്ന് തിരച്ചിൽ നടത്താൻ ശ്രമിച്ചപ്പോൾ വിവിധ പേപ്പറുകളിൽ ഒപ്പിട്ടുനൽകേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇത് സംബന്ധിച്ച് ബന്ധുക്കൾ പരാതിയും ഉന്നയിച്ചു. തുടർന്നാണ് കോസ്റ്റൽ പൊലീസ് വിഴിഞ്ഞത്തുനിന്ന് മുങ്ങൽ വിദഗ്ധരെ എത്തിച്ച് തിരച്ചിൽ നടത്തിയത്. സർക്കാർ സംവിധാനങ്ങളുടെ തിരച്ചിൽ പ്രഹസനമാണെന്നും ബന്ധുക്കൾ നേരത്തെ തന്നെ ആരോപിച്ചിരുന്നു.


