മുത്തങ്ങയിലെ പൊലീസ് നടപടിയിൽ ആന്‍റണിക്ക് മാപ്പില്ല; ആദിവാസികളെ കുടിയിറക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു -സി.കെ. ജാനു
text_fieldsഎ.കെ. ആന്‍റണി, സി.കെ. ജാനു
കൽപറ്റ: മുത്തങ്ങയിൽ കുടിൽകെട്ടിയ ആദിവാസികളെ ഒഴിപ്പിക്കാൻ നടന്ന പൊലീസ് ആക്ഷനെ കുറിച്ചുള്ള അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്‍റണിക്ക് പരാമർശങ്ങൾക്ക് മറുപടിയുമായി ആദിവാസി നേതാവ് സി.കെ. ജാനു. മുത്തങ്ങ സംഭവത്തിൽ എത്ര കാലം കഴിഞ്ഞാലും മാപ്പ് അർഹിക്കുന്നില്ലെന്ന് സി.കെ. ജാനു പറഞ്ഞു. ചെയ്തത് തെറ്റായി പോയെന്ന് വൈകിയ വേളയിൽ തിരിച്ചറിവുണ്ടായതിൽ സന്തോഷമുണ്ട്. മുത്തങ്ങയിൽ സമരം ചെയ്യാൻ പോയ മുഴുവൻ ആദിവാസികൾക്കും ഭൂമിയാണ് കിട്ടേണ്ടത്. അതാണ് പരിഹാരമെന്നും സി.കെ. ജാനു വ്യക്തമാക്കി.
മുത്തങ്ങയിലെ പ്രശ്നം പരിഹരിക്കാൻ സർക്കാർ എന്ന നിലയിൽ ഒരു ഇടപെടൽ നടത്തിയിരുന്നില്ല. ഒരു മാസത്തിലധികമാണ് മുത്തങ്ങയിൽ കുടിൽകെട്ടി താമസിച്ചത്. ആ സമയത്ത് പ്രശ്ന പരിഹാര ചർച്ച നടക്കണമായിരുന്നു. വെടിവെപ്പ് കൂടാതെ പ്രശ്നം പരിഹരിക്കാനുള്ള സാധ്യതകളുണ്ടായിരുന്നു. ആ സാധ്യതകളെ പ്രയോജനപ്പെടുത്തിയില്ല.
കുടിൽകെട്ടിയവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് പൊലീസിന് നീക്കാമായിരുന്നു. അറസ്റ്റ് വരിക്കാൻ ആളുകൾ തയാറായിരുന്നു. മുത്തങ്ങ വിഷയത്തിൽ ആന്‍റണി സർക്കാരും മുഴുവൻ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി നിന്നാണ് ഇതെല്ലാം ചെയ്തുകൂട്ടിയത്. കോടതിയിൽ റെക്കോഡ് കൊണ്ടുവരാൻ ആവശ്യപ്പെട്ടപ്പോൾ, വനമാക്കണമെന്ന് ചൂണ്ടിക്കാട്ടി വെള്ളപ്പേപ്പറിൽ നൽകിയ അപേക്ഷ മാത്രമാണ് വനം വകുപ്പ് ഹാജരാക്കിയത്. മുത്തങ്ങയിലേത് ബിർളക്ക് യൂക്കാലി കൃഷി ചെയ്യാൻ കൊടുത്ത പാട്ടഭൂമിയായിരുന്നു. മുത്തങ്ങയിലുള്ള 12,000 ഏക്കർ ഭൂമിയിൽ 6000 ഏക്കർ ഭൂമി ആദിവാസികൾക്ക് നൽകാമായിരുന്നു. നിലവിലും വനഭൂമിയായി വിജ്ഞാപനം നടത്തിയിട്ടില്ലെന്നും സി.കെ. ജാനു പറഞ്ഞു.
മുത്തങ്ങയിൽ കൊടിയ മർദനമാണ് നടന്നത്. കാൽപാദം അറ്റുപോകുന്ന പോലെയാണ് വെടികൊണ്ടത്. കുലിപ്പണിയെടുത്ത് ജീവിക്കാൻ പറ്റാത്ത തരത്തിൽ ആരോഗ്യ, ശാരീരിക പ്രശ്നങ്ങൾ ഉണ്ടായി. ഇപ്പോഴും കേസുമായി നടക്കുന്നവരുണ്ട്. ജീവിക്കാൻ ആവശ്യമായ ഭൂമിക്ക് വേണ്ടിയാണ് സമരം നടത്തിയത്. ആ പ്രശ്നത്തിൽ പരിഹാരമായില്ല. കുടിൽകെട്ടൽ സമരം നടന്ന സമയത്ത് മുത്തങ്ങയിലെ ആളുകൾക്ക് പ്രത്യേക പാക്കേജ് തയാറാക്കി 283 കുടുംബങ്ങൾക്ക് ഭൂമി നൽകാനായി തെരഞ്ഞെടുത്തു. ഭൂമി കണ്ടെത്തിയെങ്കിലും പല സ്ഥലത്തും അർഹരായവർക്ക് പ്ലോട്ട് കാണിച്ച് കൊടുത്തിട്ടില്ല. ഭൂമി കിട്ടാത്തവർ കോളനികളിലാണ് ഇപ്പോഴും താമസിക്കുന്നതെന്നും സി.കെ. ജാനു കൂട്ടിച്ചേർത്തു.
ദേശീയ വന്യജീവി സങ്കേതത്തിലെ കൈയേറ്റക്കാരെ തുരത്താൻ മൂന്നുതവണ കേന്ദ്രത്തിന്‍റെ താക്കീതുണ്ടായതോടെയാണ് മുത്തങ്ങയിൽ പൊലീസ് നടപടിയുണ്ടായതെന്നാണ് ഇന്നലെ കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ എ.കെ. ആന്‍റണി പറഞ്ഞത്. യു.ഡി.എഫ് ഭരണത്തിലെ പൊലീസ് അതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആരോപണമുന്നയിച്ചതോടെയാണ് ആന്റണി വാർത്തസമ്മേളനം നടത്തി പ്രതികരിച്ചത്.
മുത്തങ്ങയിൽ കുടിൽ കെട്ടിയവരെ ഇറക്കിവിടാനാണ് രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും ആദ്യം പറഞ്ഞത്. മുത്തങ്ങയിൽ ആദിവാസിയും പൊലീസുകാരനും മരിച്ചു. ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് ഞാൻ മുഖ്യമന്ത്രിയായപ്പോഴാണ്. എന്നിട്ടും ആദിവാസികളെ ചുട്ടെരിച്ചെന്ന പഴിയാണ് കേട്ടത്. മണ്ണെണ്ണയും പഞ്ചസാരയും ഇട്ട് കത്തിച്ചെന്നാണ് അന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്.
തന്‍റെ ഭരണകാലത്തെ പൊലീസ് അതിക്രമത്തിലൊന്നും താൻ സന്തുഷ്ടനല്ല. ആളുകളുടെ ചോര കണ്ടാൽ തനിക്ക് സന്തോഷം വരില്ല. മുത്തങ്ങ സംഭവങ്ങളിൽ ദുഃഖമുണ്ടെന്നും മുത്തങ്ങ പൊലീസ് നടപടിയിലെ സി.ബി.ഐ അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാർ പുറത്തുവിടണമെന്നും ആന്റണി ആവശ്യപ്പെട്ടു.
2004ൽ കേരള രാഷ്ട്രീയം വിട്ട് താൻ ഡൽഹിയിലേക്ക് പോയതോടെ ഇക്കാര്യങ്ങളിൽ സത്യം പറയാൻ ആളില്ലാതായി. മരിച്ചില്ലെങ്കിൽ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം അപ്രിയ സത്യങ്ങളടക്കം തുറന്നുപറയുമെന്നും എ.കെ. ആന്‍റണി കൂട്ടിച്ചേർത്തു.