മുട്ടിൽ മരം മുറിക്കേസ് അട്ടിമറിക്കാൻ നീക്കം
text_fieldsകൽപറ്റ: വൻ മരംകൊള്ള നടന്ന മുട്ടിൽ മരം മുറിക്കേസ് അട്ടിമറിക്കാൻ നീക്കം. വനംവകുപ്പിലെ തന്നെ ചില ഉന്നതർ ഇതിന് സഹായകരമായ നിലപാടാണ് കോടതി നടപടിക്രമങ്ങളിൽ സ്വീകരിക്കുന്നതെന്ന് വ്യാപക ആരോപണം ഉയർന്നിട്ടുണ്ട്. പിടിച്ചെടുത്ത മരങ്ങൾ ലേലം ചെയ്യാൻ അനുമതി നൽകിയ സുൽത്താൻ ബത്തേരി കോടതിയുടെ വിധി ഹൈകോടതി സ്റ്റേ ചെയ്യാൻ ഇടയാക്കിയത് ഇതുമൂലമാണെന്ന് വയനാട് ജില്ല കോൺഗ്രസ് കമ്മിറ്റിയടക്കം കുറ്റപ്പെടുത്തുന്നു.
പട്ടയം ലഭിച്ച ഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കാൻ 2020 ഒക്ടോബറിൽ ഉപാധികളോടെ റവന്യൂ വകുപ്പ് ഉത്തരവിറക്കിയതിന്റെ മറവിലായിരുന്നു മുട്ടിൽ സൗത്ത് വില്ലേജ് പരിധിയിൽ വ്യാപക മരംകൊള്ള നടന്നത്. അഗസ്റ്റിൻ സഹോദരങ്ങളായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരാണ് പ്രതികൾ. കടത്തിയ 15 കോടിയോളം വിലമതിക്കുന്ന തടികൾ വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാലപ്പഴക്കത്താൽ ഇവ നശിക്കുന്നതിനാൽ ലേലത്തിൽ വിൽക്കാൻ വനംവകുപ്പിന് കോടതി അനുമതി നൽകുകയായിരുന്നു. എന്നാൽ, പ്രതികളുടെ റിവിഷൻ പെറ്റിഷനിൽ ലേലം ചെയ്യാനുള്ള ഉത്തരവിന് ഹൈകോടതി സ്റ്റേ നൽകി. അഡ്വക്കറ്റ് ജനറലിന്റെ ഓഫിസില്‍നിന്ന് ആവശ്യപ്പെട്ടിട്ടും കേസുമായി ബന്ധപ്പെട്ട ഫയലുകൾ സമര്‍പ്പിക്കാന്‍ സൗത്ത് വയനാട് ഡി.എഫ്.ഒ തയാറായില്ലെന്ന് ആക്ഷേപമുണ്ട്.
ജൂൺ 22ന് പ്രതികളുടെ പെറ്റിഷൻ കോടതി പരിഗണിക്കുമെന്നും ജൂൺ ഒന്നിന് തന്നെ വനംവകുപ്പിന്റെ വാദഗതികൾ സമർപ്പിക്കണമെന്നും വനം മേധാവികളോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും രേഖകൾ നൽകുന്നതിൽ വീഴ്ച വന്നു. ഇക്കാര്യത്തിൽ വനം മന്ത്രി ഷിബു ബേബി ജോൺ വനം മേധാവി രാജേഷ് രവീന്ദ്രനെയടക്കം വിളിച്ചുവരുത്തി കഴിഞ്ഞ ദിവസം അതൃപ്തി അറിയിച്ചിരുന്നു. കേസുകൾ പൂർണമായും റദ്ദാക്കാനുള്ള പ്രതികളുടെ പെറ്റിഷനുകൾ ജൂലൈ ഒമ്പതിനാണ് കോടതി പരിഗണിക്കുക.


