Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരിച്ചടി സമ്മതിച്ച്...

തിരിച്ചടി സമ്മതിച്ച് എം.വി. ഗോവിന്ദൻ; ചോദ്യശരങ്ങളിൽ നിന്ന് മടക്കം, തിരുത്തൽ താഴെത്തട്ടു മുതൽ

text_fields
bookmark_border
തിരിച്ചടി സമ്മതിച്ച് എം.വി. ഗോവിന്ദൻ; ചോദ്യശരങ്ങളിൽ നിന്ന് മടക്കം, തിരുത്തൽ താഴെത്തട്ടു മുതൽ
cancel

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടതെന്നും സംഘടനാപരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ എഴുതിത്തയ്യാറാക്കിയ കുറിപ്പ് വായിച്ച ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ അദ്ദേഹം വേഗത്തിൽ മടങ്ങുകയും ചെയ്തു.

ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലഭിച്ചത് 37.6 ശതമാനം വോട്ട് മാത്രമാണ്. ഇത് മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വോട്ട് വിഹിതത്തിലുണ്ടായ വലിയ ഇടിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയവും സംഘടനാപരവുമായ പ്രശ്നങ്ങളും എൽ.ഡി.എഫിനെതിരെയുള്ള വിവിധ തലങ്ങളിലെ പ്രചാരണങ്ങളും ഈ പരാജയത്തിന് പിന്നിലുണ്ടെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ, തിരിച്ചടിയുടെ കാരണങ്ങൾ ഭരണവിരുദ്ധ വികാരമാണോ അതോ മുഖ്യമന്ത്രിയുടെ ശൈലിയാണോ എന്ന ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. ബാക്കി കാര്യങ്ങൾ പിന്നീട് പറയാമെന്ന് പറഞ്ഞ് പെട്ടെന്ന് തന്നെ വാർത്താസമ്മേളനം അവസാനിപ്പിച്ച് അദ്ദേഹം മടങ്ങി.

പരാജയത്തെ സംബന്ധിച്ച് മേയ്, ജൂൺ മാസങ്ങളിൽ എല്ലാ പാർട്ടി ഘടകങ്ങളെയും വിളിച്ചുചേർത്ത് വിപുലമായ പരിശോധന നടത്താനാണ് തീരുമാനം. സഖാക്കൾക്ക് ഭയരഹിതമായും സ്വതന്ത്രമായും അവരുടെ അഭിപ്രായം പറയാം, എല്ലാവരെയും കേൾക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് മാത്രം ഒരു റിപ്പോർട്ട് തയ്യാറാക്കി താഴേക്ക് നൽകുന്ന രീതിക്ക് പകരം, ബ്രാഞ്ച് തലം മുതൽ എല്ലാ സഖാക്കളുടെയും അഭിപ്രായങ്ങൾ ക്രോഡീകരിച്ച് മാത്രമാകും അന്തിമ തെരഞ്ഞെടുപ്പ് റിവ്യൂ തയ്യാറാക്കുക. തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊണ്ട് തിരിച്ചുവന്ന ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. പാവപ്പെട്ടവരുടെ ജീവിതത്തിൽ കടന്നുകയറുന്ന ബൂർഷ്വാ നയങ്ങളെ പ്രതിരോധിച്ചും വർഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിച്ചുമാണ് എൽ.ഡി.എഫ് കേരളത്തിൽ നിലകൊണ്ടത്. പത്ത് വർഷം കേരളം ഭരിച്ച ഇടതുമുന്നണി എല്ലാ കുപ്രചാരണങ്ങളെയും അതിജീവിച്ച് വീണ്ടും അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ജില്ല കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ അദ്ദേഹം ശക്തമായി അപലപിച്ചു. അധികാരത്തിൽ വരുന്നതിന് മുൻപ് തന്നെ മാനദണ്ഡങ്ങൾ ലംഘിച്ച് ട്രാൻസ്ഫർ പട്ടിക തയ്യാറാക്കുന്ന പ്രതിപക്ഷ സംഘടനാനേതാക്കളുടെ നടപടി പ്രതിഷേധാർഹമാണെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Show Full Article
TAGS:MV Govindan LDF kerala assembly election 
News Summary - M.V. Govindan Admits Setback; Retreats from Volley of Questions, Vows Grassroots Level Correction
Next Story