മൈലാപ്പൂർ ഷൗക്കത്താലി മൗലവി അന്തരിച്ചു
text_fieldsകൊല്ലം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ തലമുതിർന്ന നേതാവും ബഹുഭാഷാ പണ്ഡിതനുമായ മൈലാപ്പൂർ ഷൗക്കത്താലി മൗലവി (93) അന്തരിച്ചു. ദക്ഷിണ കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ്, ട്രഷറർ, ജാമിഅ മന്നാനിയ സെക്രട്ടറി, ട്രഷറർ തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. അനാരോഗ്യമൂലം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഔദ്യോഗിക സ്ഥാനം ഒഴിവാക്കിയെങ്കിലും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെൻട്രൽ കൗൺസിൽ മെമ്പർ ആയി തുടരുകയായിരുന്നു. ദീർഘകാലം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ മുഖപത്രമായ അന്നസീമിന്റെ ചീഫ് എഡിറ്റർ ആയിരുന്നു.
കൊല്ലം ഉമയനല്ലൂരിനടുത്തെ മൈലാപൂരിൽ വലിയവീട്ടിൽ സുലൈമാൻ കുഞ്ഞിന്റെയും വേലിശ്ശേരി ബംഗ്ലാവിൽ സൈനബമ്മയുടെയും മകനായി 1934 ഏപ്രിൽ 22നായിരുന്നു ജനനം. മൈലാപ്പൂർ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം കൊല്ലൂർവിള മഅദനുൽ ഉലൂം അറബിക് കോളേജിൽ മതപഠനത്തിന് ചേർന്നു. മതപഠനത്തോടൊപ്പം സ്കൂൾ പഠനവും തുടർന്ന അദ്ദേഹം കൊല്ലം എസ്.എൻ കോളജിൽനിന്നും ഇൻറർ മീഡിയറ്റും തുടർന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും നേടി. പത്തനാപുരം മൗണ്ട് ടാബൂർ ട്രെയിനിങ് കോളജിൽനിന്നും ബി.എഡും കരസ്ഥമാക്കി. ഹൈസ്കൂൾ അധ്യാപകനായി ജോലി ലഭിച്ച മൗലവി വയനാട്, കൊല്ലം ജില്ലകളിൽ വിവിധ സ്കൂളുകളിൽ സേവനമനുഷ്ഠിച്ചു. തട്ടാമല ഗവ. ഹൈസ്കൂളിൽ നിന്നാണ് വിരമിച്ചത്.
ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിരുന്ന മൗലവി ഒട്ടേറെ ഗ്രന്ഥങ്ങൾ രചിക്കുകയും മൊഴിമാറ്റം നടത്തുകയും ചെയ്തിട്ടുണ്ട്. ഗോളശാസ്ത്രത്തിലുള്ള അദ്ദേഹത്തിൻറെ താൽപര്യവും അവഗാഹവും പ്രസിദ്ധമാണ്. അസ്ട്രോണമിയിൽ ഗവേഷണ മനോഭാവത്തോടെ നിലകൊണ്ട അദ്ദേഹം വീടിനോട് ചേർന്ന് നക്ഷത്ര ഗവേഷണ ലാബും സ്ഥാപിച്ചു. 'ഗുലാസത്തുൽ ഹിസാബ്' അഥവാ ഗണിതശാസ്ത്രത്തിന്റെ അടിത്തറ എന്ന ഗ്രന്ഥം ഏറെ ശ്രദ്ധേയമായി. 1986 ൽ കേരള മുസ്‍ലിം ജമാഅത്ത് ഫെഡറേഷന്റെയും ദക്ഷിണ കേരള മുസ്ലിം യുവജന ഫെഡറേഷൻ സംയുക്താഭിമുഖ്യത്തിൽ കൊല്ലത്ത് നടത്തിയ ശരീഅത്ത് സംരക്ഷണ റാലിയോട് അനുബന്ധമായി കൊല്ലം കർബല മൈതാനിയിലെ സലാമത്ത് ഹാളിൽ മൗലവിയുടെ നേതൃത്വത്തിൽ ഖുർആനും ഗോളശാസ്ത്രവുമായി ബന്ധപ്പെട്ട എക്സിബിഷൻ സംഘടിപ്പിച്ചിരുന്നു.
ഇമാം ബൂസീരി രചിച്ച ‘ഖസീദത്തുൽ ബുർദ’ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടാണ് പുറത്തിറക്കിയത്. ഇസ്‍ലാമിക ദായക്രമം, കഅ്ബാലയ നവീകരണം, മുഹമ്മദൻ ലോ തുടങ്ങി 40ലധികം ഗ്രന്ഥങ്ങൾ രചിച്ചു. അടുത്തകാലത്ത് രോഗബാധിതനാകുന്നത് വരെ ചുറുചുറുക്കോടെ സഞ്ചരിക്കുകയും പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. ഇമാം റാസി അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പരേതയായ ഐഷാബീവി, ആസിയ ബീവി എന്നിവരാണ് ഭാര്യമാർ. ഒമ്പത് മക്കളുണ്ട്.